കൊച്ചി: വി.എസ് അച്യുതാനന്ദന്റെ ഭരണപരിഷ്‌കാര കമ്മീഷന്‍ പദവിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി കെ.എം.ഷാജഹാന്‍. തുറന്ന കത്തിലൂടെയാണ് വി.എസ് അച്യുതാനന്ദനെതിരെ ഷാജഹാന്‍ രംഗത്ത് വന്നിരിക്കുന്നത്. ഖജനാവില്‍ നിന്ന് കോടികള്‍ ചോര്‍ത്തുന്ന വെള്ളാനയായ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം എത്രയും വേഗം വിട്ടൊഴിഞ്ഞ്, ഇനിയുള്ള കാലം ലളിത ജീവിതം നയിച്ച് പാര്‍ട്ടി അണികള്‍ക്കും ജനങ്ങള്‍ക്കും മാതൃകയാകാന്‍ ശ്രമിക്കണം എന്നാണ് ഷാജഹാന്‍ വിഎസിനോട് കത്തില്‍ അപേക്ഷിക്കുന്നത്. നൃപന്‍ ചക്രവര്‍ത്തിയുടെയും മാണിക് സര്‍ക്കാരിന്റെയും ബുദ്ധദേബിന്റെയും ലളിത ജീവിതപാത തുടരാന്‍ എന്ത് കൊണ്ട് അങ്ങേക്ക് കഴിയുന്നില്ല എന്നും ഷാജഹാന്‍ കത്തില്‍ ചോദിക്കുന്നു.
കെ.എം.ഷാജഹാന്റെ തുറന്ന കത്തിന്റെ പൂര്‍ണരൂപം:
ബഹു.ശ്രീ.വി.എസ്.അച്യുതാനന്ദന്,
അങ്ങേയ്ക്ക് വേണ്ടി ഒട്ടേറെ തുറന്ന കത്തുകള്‍ തയ്യാറാക്കേണ്ടി വന്ന എനിക്ക് ഇങ്ങനെയൊരു തുറന്ന കത്തെഴുതേണ്ടി വന്നതില്‍ ഖേദമുണ്ട് എന്ന് ആദ്യം തന്നെ സൂചിപ്പിക്കട്ടെ. മനഃസാക്ഷിയോട് നീതി പുലര്‍ത്താന്‍ വേണ്ടിയാണ് ഇങ്ങനെയൊരു കത്തെഴുതുന്നത്.
കാല്‍ നൂറ്റാണ്ട് കാലം സിപിഐഎം ഭരിച്ചിരുന്ന ത്രിപുരയില്‍ ഇത്തവണ അധികാരം നഷ്ടപ്പെടുകയും അവിടെ ബിജെപി മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിന് അധികാരത്തില്‍ വരികയുമുണ്ടായല്ലോ. തുടര്‍ന്ന് ത്രിപുരയില്‍ നാല് പ്രാവശ്യം മുഖ്യമന്ത്രിയായിരുന്ന മണിക് സര്‍ക്കാര്‍ രാജിവെച്ചിരുന്നു. മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞ മാണിക് സര്‍ക്കാരിന്റെ വീട്മാറ്റം ദേശീയ മാധ്യമങ്ങള്‍ വലിയ വാര്‍ത്തയാക്കിയത് അങ്ങ് അറിഞ്ഞുകാണുമല്ലോ. മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞ(അതും നീണ്ട 20 വര്‍ഷക്കാലം) മാണിക് സര്‍ക്കാര്‍ ഭാര്യ പാഞ്ചാലി ഭട്ടാചാര്യയോടൊപ്പം താമസം മാറ്റിയത് താന്‍ മുഖ്യമന്ത്രിയായി 20 വര്‍ഷക്കാലം ജീവിച്ച ഔദ്യോഗിക ബംഗ്ലാവിന്റെ അര കിലോമീറ്റര്‍ മാത്രം ദൂരത്തുള്ള പാര്‍ട്ടി ഗസ്റ്റ് ഹൗസിന്റെ രണ്ട് മുറികളില്‍ ഒന്നിലേക്കായിരുന്നു. പാര്‍ട്ടി അടുക്കളയില്‍ തയ്യാറാക്കുന്ന ഭക്ഷണമായിരിക്കും താനും ഭാര്യയും കഴിക്കുക എന്നും മാണിക് സര്‍ക്കാര്‍ വ്യക്തമാക്കിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇതിനോടൊപ്പം, ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കൊല്‍ക്കത്തയില്‍ നിന്ന് വന്ന രണ്ട് വാര്‍ത്തകള്‍ കൂടി അങ്ങയുടെ ശ്രദ്ധയില്‍പ്പെടുത്തട്ടെ. രോഗബാധിതനായ മുന്‍ ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യ മൂക്കിലിട്ട ഒരു ട്യൂബുമായി പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിനായി കാറില്‍ വന്നിറങ്ങുന്നതായി ആദ്യ വാര്‍ത്ത. താന്‍ ഭാര്യ മീര ഭട്ടാചാര്യയോടൊപ്പം വാടകയ്ക്ക് താമസിച്ചിരുന്ന ഫ്ലാറ്റ് നന്നാക്കിത്തരണമെന്നും ചുറ്റുമുള്ള കാട് പിടിച്ച് കിടന്നിരുന്ന ഭാഗങ്ങള്‍ വെട്ടിവൃത്തിയാക്കണമെന്നും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയോട് ബുദ്ധദേബ് ആവശ്യപ്പെട്ടു എന്നതായിരുന്നു രണ്ടാമത്തെ വാര്‍ത്ത. മുന്‍ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യ ഭാര്യയോടൊപ്പം ഒരു സ്വകാര്യ ഫ്ലാറ്റില്‍ വാടകയ്ക്ക് താമസിക്കുകയാണ് എന്നാണ് ബംഗാള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ത്രിപുരയില്‍ ഒരു പതിറ്റാണ്ട് കാലം മുഖ്യമന്ത്രിയായിരുന്നതിന് ശേഷം അധികാരത്തിന്റെ പടിയിറങ്ങി നൃപന്‍ ചക്രവര്‍ത്തി കൂടെ കൊണ്ടുപോന്നത് ഒരു ഇരുമ്പ് പെട്ടി മാത്രമായിരുന്നു!
ഈ വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് അങ്ങയുമായി ബന്ധപ്പെട്ട് വന്ന ഒരു വാര്‍ത്ത വായിക്കാനിടയായത്. ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനായി ഇരുന്നു കൊണ്ട് അങ്ങ് ശമ്പളം, ടിഎ, ചികിത്സാചെലവ്, വിമാന യാത്ര എന്നീ ഇനങ്ങളിലായി കഴിഞ്ഞ ഒന്നര വര്‍ഷത്തിനുള്ളില്‍ 12.95 ലക്ഷം രൂപ സര്‍ക്കാരില്‍ നിന്ന് കൈപ്പറ്റി എന്നതായിരുന്നു ആ വാര്‍ത്ത. ഭരണപരിഷ്‌കാര കമ്മീഷന് വേണ്ടി ഇക്കാലത്ത് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് 2.5 കോടിയിലധികം രൂപ ചെലവഴിക്കപ്പെട്ടു എന്നും വാര്‍ത്തയിലുണ്ടായിരുന്നു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിച്ച് എംഎല്‍എയായ അങ്ങേക്ക് വേണ്ടി പ്രത്യേകം രൂപീകരിച്ചതായിരുന്നല്ലോ ഭരണപരിഷ്‌കാര കമ്മീഷന്‍. അതിന് വേണ്ടി അങ്ങേക്ക് ഇരട്ടപദവി വഹിക്കാന്‍ വേണ്ടി നിയമവും പാസാക്കിയിരുന്നല്ലോ. സര്‍ക്കാര്‍ കീറക്കടലാസിന്റെ പോലും വില കല്‍പ്പിക്കാത്ത കുറെ റിപ്പോര്‍ട്ടുകള്‍ പടച്ചുണ്ടാക്കാന്‍ വേണ്ടി മാത്രം രൂപീകരിച്ച ഈ കമ്മീഷന്‍, അങ്ങേക്ക് ഈ പ്രായത്തിലും അധികാരത്തിലിരിക്കാന്‍ വേണ്ടി മാത്രം രൂപീകരിച്ചതാണ് എന്ന് ആര്‍ക്കാണ് അറിഞ്ഞു കൂടാത്തത്? ആ അധികാര സ്ഥാനത്തിരുന്ന് കൊണ്ട് അങ്ങ് ഖജനാവില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ വാങ്ങിയെടുത്തു കൊണ്ടിരിക്കുകയാണ്. ഇത് കടുത്ത അനീതിയല്ലേ? പൊതുപണം ഇങ്ങനെ ചോര്‍ത്തുന്ന് ശരിയാണോ?
നൃപന്‍ ചക്രവര്‍ത്തിയുടെയും മാണിക് സര്‍ക്കാരിന്റെയും ബുദ്ധദേബിന്റെയും ലളിത ജീവിതപാത തുടരാന്‍ എന്ത് കൊണ്ട് അങ്ങേക്ക് കഴിയുന്നില്ല? 1967ലാണ് അങ്ങ് ആദ്യമായി എംഎല്‍എ ആകുന്നത്. അതിന് ശേഷം 1970ലും 1991ലും 2001ലും 2006ലും 2011ലും അങ്ങ് എംഎല്‍എയായി. 2016ല്‍ വീണ്ടും ജയിച്ച അങ്ങ് ഇപ്പോഴും എംഎല്‍എയായി തുടരുകയാണ്. മൊത്തം 7 തവണയാണ് അങ്ങ് എംഎല്‍എയായത്. ഇതിനിടെ 1980-92 കാലത്ത് അങ്ങ് പാര്‍ട്ടി സെക്രട്ടറിയായിരുന്നു. 1985 മുതല്‍ നീണ്ട 24 വര്‍ഷക്കാലം അങ്ങ് പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗമായിരുന്നു. 1996- 2001ല്‍ എല്‍ഡിഎഫ് കണ്‍വീനറായിരുന്നു. 2001-06ലും 2011-16ലും അങ്ങ് പ്രതിപക്ഷ നേതാവായിരുന്നു. 2006-11ല്‍ മുഖ്യമന്ത്രിയായിരുന്നു.
2016 മുതല്‍ എംഎല്‍എയും ഭരണപരിഷ്‌കാരം കമ്മീഷന്‍ ചെയര്‍മാനുമാണ്. അങ്ങ് സിപിഐഎമ്മില്‍ എത്തിയിട്ട് 54 വര്‍ഷങ്ങളായി. അതില്‍ 49 വര്‍ഷവും അങ്ങ് ഒന്നുകില്‍ എംഎല്‍എയോ പ്രതിപക്ഷ നേതാവോ മുഖ്യമന്ത്രിയോ ആയിരുന്നു. അല്ലെങ്കില്‍ പിബി അംഗമോ, പാര്‍ട്ടിസെക്രട്ടറിയോ ആയിരുന്നു. അതായത് സിപിഐഎമ്മില്‍ എത്തിയതിന് ശേഷമുള്ള 54 വര്‍ഷത്തില്‍ 5 വര്‍ഷം ഒഴിച്ച് ബാക്കി കാലമത്രയും അങ്ങയുടെ ജീവിതച്ചെലവുകള്‍ വഹിച്ചിരുന്നത് ഒന്നുകില്‍ സര്‍ക്കാരോ അല്ലെങ്കില്‍ പാര്‍ട്ടിയോ ആയിരുന്നു!
ഇപ്പോഴും അങ്ങ് എംഎല്‍എയാണ്. ചുരുങ്ങിയത് ഒരു ലക്ഷം രൂപയുടെ വരുമാനമെങ്കിലും ഒരു എംഎല്‍എക്ക് പ്രതിമാസം ലഭിക്കും. അങ്ങയുടെ രണ്ട് മക്കളും ലക്ഷത്തിലധികം രൂപ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥരാണ്. ഇരുവരും തിരുവനന്തപുരം നഗരത്തിലാണ് താമസം. അവര്‍ക്ക് രണ്ട് പേര്‍ക്കും നഗരത്തില്‍ വലിയ വീടുകളുമുണ്ട്. അങ്ങേക്കും ഭാര്യക്കും കൂടി ബാങ്കില്‍ 15 ലക്ഷം രൂപയുടെ നിക്ഷേപമുണ്ട് എന്നാണ് അങ്ങ് 2016ല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ സത്യവാങ്മൂലത്തില്‍ നിന്ന് വ്യക്തമാകുന്നത്. അങ്ങയുടെ ഭാര്യയുടെ പേരിലുള്ള ഭൂസ്വത്തിന് ലക്ഷങ്ങള്‍ വിലയുണ്ട് എന്നും സത്യവാങ്മൂലം വ്യക്തമാക്കുന്നു. അങ്ങ് എംഎല്‍എയായി തുടരുകയായിരുന്നു. എങ്കിലും അങ്ങേക്ക് ഇന്ന് ലഭിക്കുന്ന മിക്കവാറും എല്ലാ ആനുകൂല്യങ്ങളും ലഭിക്കുമായിരുന്നു.
അങ്ങ് എംഎല്‍എയായി തുടര്‍ന്നിരുന്നു എങ്കില്‍, അങ്ങേക്കും ഭാര്യയ്ക്കും കൂടി വിശാലമായ സര്‍ക്കാര്‍ ഫ്ലാറ്റില്‍ സസുഖം ജീവിക്കാമായിരുന്നു. അല്ലെങ്കില്‍ അങ്ങേക്കും ഭാര്യക്കും മക്കളോടൊപ്പം അവരുടെ വീടുകളില്‍ കഴിയാമായിരുന്നു. അതും അല്ലെങ്കില്‍ അന്തസ്സായി ഒരു വീട് വാടകക്കെടുത്ത് ജീവിക്കാമായിരുന്നു. അതിന് ആവശ്യമായ നിക്ഷേപം ബാങ്കില്‍ ഉണ്ടായിരുന്നല്ലോ. ഭാര്യക്ക് മോശമല്ലാത്ത പെന്‍ഷനും ഉണ്ടായിരുന്നല്ലോ. പക്ഷെ ആ സൗകര്യങ്ങള്‍ ഉപയോഗിച്ച് ലളിത ജീവിതം നയിച്ച് പാര്‍ട്ടി അണികള്‍ക്കും ജനങ്ങള്‍ക്കും മുന്നില്‍ ലളിതജീവിത മാതൃക സൃഷ്ടിക്കാന്‍ അങ്ങ് തയ്യാറല്ലായിരുന്നു എന്ന് വ്യക്തം. അങ്ങേക്ക് നിയന്ത്രണമില്ലാതെ അധികാരത്തോടും പണത്തോടും ആസക്തിയാണ് എന്ന വിമര്‍ശകരുടെ വാദത്തില്‍ കഴമ്പുണ്ടെന്നല്ലേ ഇത് വ്യക്തമാക്കുന്നത്?
കേരളത്തിലെ സിപിഐഎം രൂപീകരിച്ച 32 പേരില്‍ ഇനി ജീവിച്ചിരിക്കുന്ന ഒരേ ഒരു നേതാവ് അങ്ങ് മാത്രമാണ്. പാര്‍ട്ടി വളര്‍ത്തുന്നതിന് വേണ്ടി അങ്ങ് ഏറ്റുവാങ്ങിയ പീഡനങ്ങള്‍ക്കും ത്യാഗങ്ങള്‍ക്കും സമാനതകളില്ല. പക്ഷെ അതിന് എത്രയോ ഇരട്ടി ആനുകൂല്യങ്ങള്‍ അങ്ങ് തിരികെ ഖജനാവില്‍ നിന്നും മറ്റുമായി വാങ്ങി എന്നത് പച്ചയായ ഒരു സത്യമല്ലേ? ഈ 94ാം വയസിലും അങ്ങ് ഖജനാവില്‍ നിന്ന് യാതൊരു നീതീകരണവുമില്ലാതെ ലക്ഷങ്ങള്‍ വാങ്ങിക്കൊണ്ടിരിക്കുകയല്ലേ? കേരളത്തിലെ സിപിഐഎമ്മിന്റെ ചരിത്രത്തില്‍ ഇത്ര നീണ്ട കാലം ഏതെങ്കിലും ഒരു അധികാര സ്ഥാനത്ത് തുടര്‍ന്ന മറ്റൊരു നേതാവിനെ ചൂണ്ടിക്കാട്ടാനാവുമോ? അതേസമയം അങ്ങയെ മുഖ്യമന്ത്രിയാക്കാനും പ്രതിപക്ഷ നേതാവാക്കാനും മറ്റും വിയര്‍പ്പൊഴുക്കി പണിയെടുത്ത, പാര്‍ട്ടി നേതൃത്വത്തോട് അങ്ങേക്ക് വേണ്ടി പൊരുതി പരാജയപ്പെട്ട പതിനായിരക്കണക്കിന് പാര്‍ട്ടി സഖാക്കള്‍ ഇപ്പോഴും അനാഥ പ്രേതങ്ങളെ പോലെ നിരാലംബരായി അലയുകയല്ലേ? ഏറ്റവും അവസാനം, അങ്ങേക്ക് വേണ്ടി പതിറ്റാണ്ടുകള്‍ പാര്‍ട്ടി നേതൃത്വത്തോട് നിശിതമായി ഏറ്റുമുട്ടിയ പിരപ്പന്‍കോട് മുരളിയും, സികെ സദാശിവനും നിര്‍ദയം സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് പുറത്താക്കപ്പെടുകയായിരുന്നില്ലേ? അധികാരത്തിന്റെ ശീതളച്ഛായയില്‍ അഭിരമിക്കുന്ന അങ്ങ് എന്തുകൊണ്ട് അവര്‍ക്ക് വേണ്ടി ഒരു വാക്ക് മിണ്ടിയില്ല?
നൃപന്‍ ചക്രവര്‍ത്തി, മാണിക് സര്‍ക്കാര്‍, ബുദ്ധദേബ് ഭട്ടാചാര്യ എന്നിവരോടൊപ്പം നീണ്ടകാലം പോളിറ്റ് ബ്യൂറോയില്‍ ഇരുന്ന നേതാവാണ് അങ്ങ്. അവരേക്കാളൊക്കെ പീഡനങ്ങളും, ത്യാഗങ്ങളും സിപിഐഎം എന്ന പാര്‍ട്ടി വളര്‍ത്താന്‍ അങ്ങ് സഹിച്ചിട്ടുണ്ട്. പക്ഷെ അവരെ പോലെ ലളിത ജീവിതം നയിച്ച് മാതൃക സൃഷ്ടിക്കാന്‍ അങ്ങ് തയ്യാറല്ല. അധികാരവും പണവും ആവോളം ഇല്ലാതെ മുന്നോട്ട് പോകാന്‍ അങ്ങേക്ക് കഴിയില്ല എന്ന് അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം തെളിഞ്ഞിരിക്കുന്നു. ഈ അതിമോഹവും ആര്‍ത്തിയും അങ്ങ് അവസാനിപ്പിച്ചില്ലെങ്കില്‍, കേരള പൊതുസമൂഹം അങ്ങേക്ക് നല്‍കിയിരിക്കുന്ന ബഹുമാനവും സ്നേഹവും ഇല്ലാതാകാന്‍ ഇടയാക്കും എന്നറിയിക്കട്ടെ. ത്യാഗങ്ങള്‍ക്കും പീഡനത്തിനും പകരം സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് കോടികളുടെ ആനുകൂല്യങ്ങള്‍ കൈപ്പറ്റിക്കൊണ്ടിരുന്നാല്‍ പിന്നെ ത്യാഹത്തിനും പീഡനത്തിനും ഒക്കെ എന്ത് വിലയാണ് ഉണ്ടാവുക? അത് കൊണ്ട് ഖജനാവില്‍ നിന്ന് കോടികള്‍ ചോര്‍ത്തുന്ന വെള്ളാനയായ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം എത്രയും വേഗം വിട്ടൊഴിഞ്ഞ്, ഇനിയുള്ള കാലം ലളിത ജീവിതം നയിച്ച് പാര്‍ട്ടി അണികള്‍ക്കും ജനങ്ങള്‍ക്കും മാതൃകയാകാന്‍ ശ്രമിക്കണം എന്ന് അങ്ങയോട് താഴ്മയായി അപേക്ഷിക്കുന്നു.
എന്ന്
വിധേയന്‍,
കെഎം ഷാജഹാന്‍
Leave a Comment