ആലപ്പുഴ: രാജ്യസഭാ സീറ്റ് വിവാദത്തെത്തുടര്‍ന്ന് ബി.ജെ.പി നിലപാടിനെതിരെ ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി. താന്‍ എം.പി സ്ഥാനം ആവശ്യപ്പെട്ടു എന്നത് മാധ്യമസൃഷ്ടി മാത്രമാണ്. എന്‍.ഡി.എയില്‍ അഭിപ്രായ ഭിന്നത ഉണ്ട്. എന്നാല്‍ ഇപ്പോഴും തങ്ങള്‍ മുന്നണിയുടെ ഭാഗമാണ്. അടുത്ത ദിവസം ചേരുന്ന യോഗത്തില്‍ ഭാവി തീരുമാനം എടുക്കുമെന്നും തുഷാര്‍ വ്യക്തമാക്കി. ബി.ഡി.ജെ.എസിനോടുള്ള അവഗണന ഇപ്പോഴും തുടരുകയാണെന്നും തുഷാര്‍ ആരോപിച്ചു.
താന്‍ ഇന്ത്യയില്‍ ഇല്ലാതിരുന്ന സമയത്താണ് എം.പി സ്ഥാനത്തെ കുറിച്ച് വാര്‍ത്ത വന്നത്. മുന്നണിയില്‍ വന്ന സമയത്ത് 14 പോസ്റ്റുകള്‍ക്ക് അര്‍ഹതയുണ്ടെന്ന് കാണിച്ച് ഒന്നര വര്‍ഷം മുന്‍പ് കത്ത് നല്‍കിയിരുന്നതാണ്. അതില്‍ ഒന്നു പോലും നടത്താതെ നീട്ടുകൊണ്ടുപോകുകയാണ്. എന്‍.ഡി.എയുടെ പ്രവര്‍ത്തനം സംസ്ഥാനത്ത് പരാജയമാണെന്നും തുഷാര്‍ പറഞ്ഞു.
അതേസമയം, ചെങ്ങന്നൂരില്‍ ബി.ജെ.പി തിരിച്ചടിയുണ്ടാകുമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ബി.ജെ.പിക്ക് എന്‍.ഡി.എ സംവിധാനം കൊണ്ടുനടക്കാനും ജില്ലാ തലത്തില്‍ പോലും സംഘടിപ്പിക്കാനും കഴിഞ്ഞിട്ടില്ല. കേരളത്തിലെ ബി.ജെ.പിക്ക് സവര്‍ണ്ണ മേധാവിത്തമാണ്. അമിത് ഷായുടെ നേതൃത്വത്തില്‍ 21 സംസ്ഥാനങ്ങള്‍ ബി.ജെ.പി പിടിച്ചപ്പോള്‍ കേരളത്തില്‍ മാത്രം മുന്നേറ്റമുണ്ടാക്കാന്‍ കഴിയാത്തതിന്റെ കാരണം ഈ സവര്‍ണ മനോഭാവമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Leave a Comment