കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന് ബിജെപിയിലേക്ക് ക്ഷണമുണ്ടായെന്ന വാര്‍ത്തകളോട് രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. സുധാകരന്‍ ബിജെപിയില്‍ ചേര്‍ന്നാല്‍ സിപിഐഎമ്മിന് എന്താണ് വിഷമമെന്ന് സുരേന്ദ്രന്‍ ഫെയ്സ്ബുക്കിലൂടെ ചോദിച്ചു.
മറ്റു പാര്‍ട്ടിക്കാര്‍ ബിജെപിയില്‍ ചേരുന്നതു പുതിയ സംഭവമാണോ? സിപിഐഎം എംഎല്‍എയായിരുന്ന അല്‍ഫോണ്‍സ് കണ്ണന്താനം ബിജെപി മന്ത്രിയായി. ത്രിപുരയില്‍ ബിജെപി വിജയിച്ചത് മറ്റു പാര്‍ട്ടിക്കാര്‍ വന്നതുകൊണ്ടല്ലേ. സിപിഐഎം നേതാക്കളുണ്ടെങ്കില്‍ അവരേയും
ബിജെപിയില്‍ ചേര്‍ക്കും സുരേന്ദ്രന്‍ പ്രതികരിച്ചു.
കേരളത്തിലെ കോണ്‍ഗ്രസുകാരെ ബിജെപിയില്‍ ചേര്‍ക്കാനുള്ള ഏജന്‍സി പണിയാണ് കെ.സുധാകരന്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നതെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ ആരോപിച്ചിരുന്നു. തനിക്കു ബിജെപിയിലേക്കു ക്ഷണമുണ്ടായിരുന്നുവെന്ന സുധാകരന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണു ജയരാജന്‍ കടുത്ത ആരോപണങ്ങളുമായി രംഗത്തെത്തിയത്. ഇതിനെതിരെയാണ് സുരേന്ദ്രന്റെ കുറിപ്പ്.
കെ സുരേന്ദ്രന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം,
ഇനി കെ. സുധാകരന്‍ ബി. ജെ. പിയില്‍ ചേര്‍ന്നാല്‍ തന്നെ സി. പി. എമ്മിനെന്താ ഇത്ര ദണ്ഡം. ഇതാദ്യമായിട്ടാണോ മററു പാര്‍ട്ടിയിലുള്ളവര്‍ ബി. ജെ. പിയില്‍ ചേരുന്നത്? ഇപ്പോള്‍ കേന്ദ്രമന്ത്രിസഭയില്‍ ടൂറിസം മന്ത്രിയായിരിക്കുന്ന അല്‍ഫോണ്‍സ് കണ്ണന്താനം കേരളാ നിയമസഭയിലെ സി. പി. എം വിജയിപ്പിച്ച എം. എല്‍. എ ആയിരുന്നില്ലേ? ത്രിപുരയില്‍ ബി. ജെ. പി അധികാരത്തില്‍ വന്നത് ബി. ജെ. പിയിലേക്കു പുതുതായി മററു പാര്‍ട്ടിക്കാര്‍ വന്നതുകൊണ്ടല്ലേ. ജനാധിപത്യസംവിധാനത്തില്‍ ആളുകള്‍ പാര്‍ട്ടിമാറുന്നത് ഇത്രവലിയ അപരാധമാണോ? എസ്. എം കൃഷ്ണ കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ്സിന്റെ മുഖ്യമന്ത്രി ആയിരുന്നില്ലേ. കേരളത്തില്‍ ബി. ജെ. പിക്ക് പതിനഞ്ച് ശതമാനം വോട്ടുകിട്ടിയത് പലരും പുതുതായി പാര്‍ട്ടിയില്‍ ചേര്‍ന്നതുകൊണ്ടല്ലേ. സി. പി. എമ്മിന്റെ അനുവാദം വാങ്ങിയിട്ടുവേണോ ആളുകള്‍ക്കു ബി. ജെ. പിയില്‍ ചേരാന്‍? കോണ്‍ഗ്രസ്സുകാരെ മാത്രമല്ല നല്ല സി. പി. എം നേതാക്കളെ കിട്ടിയാലും ഞങ്ങള്‍ പാര്‍ട്ടിയില്‍ ചേര്‍ക്കും.
Leave a Comment