തളിപ്പറമ്പില്‍ ഗാന്ധിപ്രതിമയ്ക്ക് നേരെ ആക്രമണം; കണ്ണടയും മാലയും അടിച്ചു തകര്‍ത്തു

തളിപ്പറമ്പ്: ലെനിന്റെയും പെരിയാറിന്റെയും പ്രതിമകള്‍ക്ക് പിന്നാലെ രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ പ്രതിമയ്ക്കു നേരെയും ആക്രമണം. കണ്ണൂര്‍ തളിപ്പറമ്പ് താലുക്കോഫീസിലെ ഗാന്ധിപ്രതിമയാണ് തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്.

ഗാന്ധിപ്രതിമയില്‍ ചാര്‍ത്തിയിരുന്ന കണ്ണടയും മാലയും ആക്രമണത്തില്‍ പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്. താലൂക്ക് ഓഫീസ് പരിസരത്തുള്ള ആര്‍ടിഓഫീസില്‍ വാഹന രജിട്രേഷനുമായി ബന്ധപ്പെട്ട് വന്നവരാണ് പ്രതിമയെ അക്രമിക്കുന്നത് കണ്ടത്. ഇയാളെക്കുറിച്ച് പൊലീസിന് ഏകദേശ വിവരം ലഭിച്ചിട്ടുമുണ്ട്. നാല്‍പ്പതു വയസ്സു പ്രായം തോന്നിക്കുന്നയാളാണ് ആക്രമം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.

താലുക്കോഫീസിലേക്കെത്തിയ ഇയാള്‍ ഗാന്ധിപ്രതിമയുടെ മാലയും കണ്ണടയും അടിച്ചു തകര്‍ത്തു. പിന്നീട് പ്രതിമയുടെ മുഖത്തേക്ക് ആഞ്ഞടിക്കുകയും ചെയ്തതായാണ് പറയപ്പെടുന്നത്.

എന്നാല്‍ അക്രമിയെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അന്വേഷണം വ്യാപിച്ചതായി പൊലീസ് അറിയിച്ചു. ത്രിപുരയില്‍ ബി.ജെ.പി അധികാരത്തിലെത്തിയതിനെത്തുടര്‍ന്ന് പ്രവര്‍ത്തകര്‍ ലെനിന്‍ പ്രതിമ തകര്‍ത്തത് വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. തുടര്‍ന്ന് വിവിധയിടങ്ങളില്‍ അംബേദ്കറുടെയും, പെരിയാറിന്റെയും പ്രതിമകള്‍ക്കു നേരേയും വ്യാപക ആക്രമണം ഉണ്ടായിരുന്നു.

pathram desk 1:
Leave a Comment