ഹിന്ദു പുരാണങ്ങളെ അടിസ്ഥാനമാക്കി ഇന്ത്യന്‍ ചരിത്രം മാറ്റി എഴുതാന്‍ കേന്ദ്ര സമിതി!!! പുതിയ ചരിത്രം സ്‌കൂള്‍ സിലബസില്‍ ഉള്‍പ്പെടുത്താനും നീക്കം

ന്യൂഡല്‍ഹി: ഹിന്ദു പുരാണങ്ങളെ അടിസ്ഥാനമാക്കി ഇന്ത്യയുടെ ചരിത്രം മാറ്റി എഴുതാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ പ്രത്യേക സമിതിയെ നിയോഗിച്ചതായി റിപ്പോര്‍ട്ട്. രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് ആണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്. പുതിയ ചരിത്രം സ്‌കൂള്‍ സിലബസില്‍ ഉള്‍പ്പെടുത്താനും നീക്കമുള്ളതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ആറ് മാസം മുമ്പാണ് നരേന്ദ്രമോദി സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചത്. പുരാവസ്തു തെളിവുകളും ഡി.എന്‍.എകളും പരിശോധിച്ച് ഹിന്ദുക്കള്‍ ഇന്ത്യയിലെ തദ്ദേശീയരുടെ പിന്‍ഗാമികളാണെന്ന നിഗമനമുണ്ടാക്കാനാണ് സമിതിയുടെ ചുമതല.

ഹിന്ദു പുരാണങ്ങള്‍ കെട്ടുകഥയല്ലെന്നും വസ്തുതാപരമായ ഗ്രന്ഥങ്ങളാണെന്ന് തെളിയിക്കാനും നിര്‍ദ്ദേശമുണ്ട്. പന്ത്രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഉത്ഭവം പഠിക്കുന്നതിന് വേണ്ടി കമ്മിറ്റിയെ നിയോഗിച്ചു എന്നാണ് സര്‍ക്കാര്‍ രേഖകള്‍ പറഞ്ഞിരിക്കുന്നത്.

മധ്യേഷ്യയില്‍ നിന്നുള്ള അധിനിവേശത്തിലൂടെയാണ് ആര്യന്മാര്‍ ഇന്ത്യയിലെത്തിയതെന്ന ശാസ്ത്രീയ വീക്ഷണത്തെ ആര്‍.എസ്.എസ് അംഗീകരിക്കുന്നില്ല. ഹിന്ദുക്കള്‍ ഇന്ത്യയിലെ തദ്ദേശീയ ജനവിഭാഗമാണെന്നും ആദിമ ജനതയുടെ പൂര്‍വ്വികരാണെന്നും സ്ഥാപിക്കുന്ന വിധത്തിലായിരിക്കും ചരിത്രത്തില്‍ മാറ്റം വരുത്തുക.

‘പൗരാണിക ഇന്ത്യയുടെ ചില കാര്യങ്ങള്‍ മാറ്റി എഴുതാന്‍ തക്കവിധം ഒരു റിപ്പോര്‍ട്ട് നല്‍കാനാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്’ സമിതിയുടെ ചെയര്‍മാന്‍ കെ.എന്‍ ദിക്ഷിത് റോയിട്ടേഴ്സിനോട് പറഞ്ഞു.

സമിതിയുടെ അന്തിമ റിപ്പോര്‍ട്ട് പാര്‍ലിമെന്റില്‍ സമര്‍പ്പിക്കുമെന്നും പഠന ഫലം സ്‌കൂള്‍ ടെസ്റ്റ് ബുക്കുകളില്‍ ഉള്‍പ്പെടുത്തുമെന്നും കേന്ദ്ര സാംസ്‌കാരിക മന്ത്രി മഹേഷ് ശര്‍മ പറഞ്ഞു. ഹിന്ദു പുരാണങ്ങള്‍ വസ്തുതാപരമാണെന്ന് തെളിയിക്കേണ്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ‘ഞാന്‍ രാമായണത്തെ ആരാധിക്കുന്നത് അതൊരു ചരിത്ര പുസ്തകമായത് കൊണ്ടാണ്, അതൊരു ഭാവനാസൃഷ്ടിയാണെന്ന് കരുതുന്നവര്‍ തെറ്റാണ്’ അദ്ദേഹം പറഞ്ഞു.

pathram desk 1:
Related Post
Leave a Comment