എസ്.എസ്.എല്‍.സി ഹയര്‍സെക്കണ്ടറി പരീക്ഷകള്‍ക്ക് ഇന്നു തുടക്കം; 13.69 ലക്ഷം വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതും

തിരുവനന്തപുരം: എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ഇന്ന് ആരംഭിക്കും. രണ്ടു വിഭാഗങ്ങളിലുമായി 13.69 ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുന്നത്. എസ്എസ്എല്‍സിക്കു 4,43,854 പേരും ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കന്‍ഡറിക്ക് 9,25,580 പേരും. ഹയര്‍ സെക്കന്‍ഡറി പരീക്ഷ രാവിലെയും എസ്എസ്എല്‍സി പരീക്ഷ ഉച്ചയ്ക്ക് 1.45നുമാണ് നടക്കുക. എസ്എസ്എല്‍സി ഫലപ്രഖ്യാപനം ഏപ്രില്‍ അവസാനവും രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി ഫലപ്രഖ്യാപനം മേയ് ആദ്യവാരവും നടക്കും.

2935 പരീക്ഷാ കേന്ദ്രങ്ങളാണു എസ്എസ്എല്‍സി പരീക്ഷക്കായി സജ്ജമാക്കിയിരിക്കുന്നത്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതുന്ന ജില്ല മലപ്പുറമാണ്. 3279 പേരാണ് ഇത്തവണ ടിഎച്ച്എസ്എല്‍സി പരീക്ഷ എഴുതുന്നത്.മലപ്പുറം ജില്ലയിലെ എടരിക്കോട് പികെഎംഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ പരീക്ഷയ്ക്കിരുത്തുന്നത്. 2,422കുട്ടികളാണ് ഇവിടെ പരീക്ഷ എഴുതുന്നത്. കോഴിക്കോട് ബേപ്പൂര്‍ ജിആര്‍എഫ്ടിഎച്ച്എസ് ആന്‍ഡ് വിഎച്ച്എസില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മാത്രമാണ് പരീക്ഷ എഴുതുന്നത്. ഏപ്രില്‍ അഞ്ച് മുതല്‍ 20 വരെ 54 കേന്ദ്രങ്ങളില്‍ മൂല്യനിര്‍ണയം നടക്കും.

കേരളത്തില്‍ കൊടുംചൂട് അനുഭവപ്പെട്ടുതുടങ്ങിയ സമയത്താണു പരീക്ഷ. ദാഹം തീര്‍ക്കാന്‍ കുട്ടികള്‍ക്കു വെള്ളം ലഭ്യമാക്കുമെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. എസ്എസ്എല്‍സിക്ക് എല്ലാ വിഷയങ്ങള്‍ക്കും 25% ചോദ്യങ്ങള്‍ അധികം (ചോയ്സ്) ഉള്‍പ്പെടുത്തുന്നുവെന്നതാണ് ഇത്തവണത്തെ പ്രത്യേകത. കഴിഞ്ഞ വര്‍ഷം ചില വിഷയങ്ങള്‍ക്കു മാത്രമുണ്ടായിരുന്ന ഈ അവസരം ഇത്തവണ എല്ലാ വിഷയങ്ങള്‍ക്കും ഉണ്ടാകും.

pathram desk 1:
Leave a Comment