ഇവിടെ ഗോപാലസേന, അവിടെ ഗോള്‍വാള്‍ക്കര്‍സേന; ത്രിപുരയിലെ അക്രമങ്ങള്‍ക്കെതിരെ വി.ടി.ബല്‍റാം

പാലക്കാട്: ത്രിപുരയില്‍ സിപിഎം ഓഫീസുകള്‍ക്കെതിരേ നടക്കുന്ന അക്രമങ്ങളില്‍ പ്രതികരണവുമായി വി.ടി.ബല്‍റാം എംഎല്‍എ. മോബ് വയലന്‍സിന്റെ ഏത് വകഭേദവും ശക്തമായി എതിര്‍ക്കപ്പെടേണ്ടതാണെന്നും ത്രിപുരയിലെ അക്രമങ്ങളുടെ പേരില്‍ കേരളത്തില്‍ വര്‍ഗീയ വികാരം ഇളക്കിവിടാനുള്ള ആസൂത്രിത ശ്രമങ്ങള്‍ നടക്കുന്നുണ്ടോയെന്നു സര്‍ക്കാരും പോലീസും പരിശോധിക്കണമെന്നും ബല്‍റാം പറഞ്ഞു. ഇവിടെ ഗോപാലസേന, അവിടെ ഗോള്‍വാള്‍ക്കര്‍സേന എന്ന ഹാഷ്ടാഗിലാണ് ബല്‍റാമിന്റെ ഫേസ്ബുക്ക് കുറിപ്പ്.

വി.ടി ബല്‍റാമിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ത്രിപുരയില്‍ സിപിഎം ഓഫീസുകള്‍ക്കെതിരെയും കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപതികളുടെ പ്രതിമകള്‍ക്കെതിരെയും ആര്‍എസ്എസിന്റെയും ജനക്കൂട്ടത്തിന്റേയും ആക്രമണങ്ങള്‍ നടക്കുന്നതായി ദേശീയ മാധ്യമങ്ങളുടെയടക്കം വാര്‍ത്തകളില്‍ കാണുന്നു. മോബ് വയലന്‍സിന്റെ ഏത് വകഭേദവും ശക്തമായി എതിര്‍ക്കപ്പെടേണ്ടതാണ്. ക്രമസമാധാന പാലനം ഉറപ്പുവരുത്താന്‍ ഗവര്‍ണ്ണര്‍ക്ക് ഉത്തരവാദിത്തമുണ്ട്.

എന്നാല്‍ അവിടെ മുസ്ലിം, ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ വ്യാപകമായി ആക്രമിക്കപ്പെടുന്നതായി സിപിഎം ന്യൂസ് പോര്‍ട്ടലുകളിലെ വാര്‍ത്തകളും പോരാളി ഷാജി, അശോകന്‍ ചരുവില്‍ തുടങ്ങിയ സൈബര്‍ സഖാക്കളുടെ ഫേസ്ബുക്ക് പോസ്റ്റുകളുമല്ലാതെ ആധികാരികമായ വാര്‍ത്തകള്‍ വല്ലതും വരുന്നുണ്ടോ ഗൂഗിളില്‍ നോക്കിയിട്ട് അത്തരം വാര്‍ത്തകളൊന്നും കാണുന്നില്ല. ത്രിപുരയിലെ സിപിഎം നേതാക്കളടക്കമുള്ളവരുടെ ട്വിറ്റര്‍/ടിവി പ്രതികരണങ്ങളിലും ഇക്കാര്യം സൂചിപ്പിച്ച് കാണുന്നില്ല.

ഇതിന്റെ പേരില്‍ കേരളത്തില്‍ വര്‍ഗീയ വികാരം ഇളക്കിവിടാനുള്ള ആസൂത്രിത ശ്രമങ്ങള്‍ നടക്കുന്നുണ്ടോ എന്ന് സര്‍ക്കാരും പോലീസിലെ സൈബര്‍ ക്രൈം വിഭാഗവും ഗൗരവപൂര്‍വ്വം പരിശോധിക്കണം. ഇവിടത്തെ സമുദായിക സൗഹാര്‍ദ്ദാന്തരീക്ഷം തകര്‍ക്കാനുള്ള പ്രവണതകളെ മുളയിലേ നുള്ളണം.

#ഇവിടെഗോപാലസേന #അവിടെഗോള്‍വാള്‍ക്കര്‍സേന

pathram desk 2:
Related Post
Leave a Comment