‘ഉപ്പുവച്ച കലം പോലെ ഇല്ലാതാവുകയാണ് സി.പി.ഐ.എം, ബി.ജെ.പിയെ ഒറ്റയ്ക്ക് നേരിടുന്നത് അണ്ണാന്‍ ആനയ്ക്ക് കല്യാണമാലോചിച്ചത് പോലെ’യെന്ന പരിഹാസവുമായി കെ.സുധാകരന്‍

കണ്ണൂര്‍: ബി.ജെ.പിയുടെ വര്‍ഗ്ഗീയതയെ ഒറ്റയ്ക്ക് നേരിടാമെന്ന സി.പി.ഐ.എമ്മിന്റെ അവകാശവാദം അണ്ണാന്‍ ആനയ്ക്ക് കല്യാണമാലോചിച്ചത് പോലെയെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം കെ.സുധാകരന്റെ പരിഹാസം. കേരളത്തില്‍ മാത്രമിരുന്ന് സി.പി.ഐ.എം ഫാസിസത്തെ എന്ത് ചെയ്യുമെന്നാണ് പറയുന്നതെന്ന് അദ്ദേഹം ചോദിച്ചു. കേരള പ്രൈവറ്റ് ടീച്ചേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസിന്റെ ഉദാരവല്‍ക്കരണ നയത്തോടാണല്ലോ സി.പി.ഐ.എമ്മിന് വിമര്‍ശനം. 35 കൊല്ലം ഭരിച്ച ബംഗാളില്‍ സി.പി.ഐ.എം എന്താണ് ചെയ്തത്. പാവപ്പെട്ട കൃഷിക്കാരുടെ പട്ടയം പിടിച്ചെടുത്ത് ഭൂമി ടാറ്റയുടെ കാല്‍ക്കീഴില്‍ സമര്‍പ്പിച്ചു. അവിടെ പാര്‍ട്ടി ഓഫിസുകള്‍ വാടകയ്ക്ക് കൊടുക്കേണ്ട ഗതികേടാണ് സി.പി.ഐ.എമ്മിനെന്നും സുധാകരന്‍ പറഞ്ഞു.

ബംഗാളിലെ പഴയ ലോക്കല്‍ സെക്രട്ടറിമാരും ബ്രാഞ്ച് സെക്രട്ടറിമാരും ഇപ്പോള്‍ കേരളത്തില്‍ കൂലിപ്പണിയെടുത്താണ് കഴിയുന്നത്. പിണറായി വിജയന്‍ സര്‍ക്കാര്‍ കേരളത്തില്‍ എന്ത് സാമ്പത്തിക നയമാണ് നടപ്പാക്കുന്നത്. എല്‍.ഡി.എഫ് എം.എല്‍.എമാരില്‍ 17 പേര്‍ ബഹുരാഷ്ട്ര കുത്തക കമ്പനികളുടെ പങ്കാളികളാണ്. സുധാകരന്‍ വിമര്‍ശിച്ചു.ഉപ്പുവച്ച കലം പോലെ ഇല്ലാതാവുകയാണ് സി.പി.ഐ.എം. എന്നിട്ടാണ് ഒറ്റയ്ക്ക് ബി.ജെ.പിയെ നേരിടുമെന്ന് വീമ്പു പറയുന്നത്. കേരളത്തിലെ സി.പി.ഐ.എം മാത്രമാണ് അത് മനസിലാക്കാത്തതെന്നും സുധാകരന്‍ പറഞ്ഞു.

pathram desk 2:
Related Post
Leave a Comment