കേരളത്തില്‍ മതസൗഹാര്‍ദ്ദം ഇല്ലാതാക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നു; ബി.ജെ.പി ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കെതിരെ ശക്തമായ പ്രതിരോധം ഉയര്‍ന്നുവരണം: സുധാകര്‍ റെഡ്ഡി

മലപ്പുറം: രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ വേട്ടയാടപ്പെടുകയാണെന്നും കേരളത്തിലെ മതസൗഹാര്‍ദ്ദം ഇല്ലാതാക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നതായും സി.പി.ഐ ദേശീയ ജനറല്‍ സെക്രട്ടറി കെ. സുധാകര്‍ റെഡ്ഡി. ബി.ജെ.പി ഉയര്‍ത്തുന്ന വെല്ലുവിളിക്കെതിരെ ശക്തമായ പ്രതിരോധം രാജ്യത്ത് ഉയര്‍ന്നു വരണം. ഇതിനായി വിശാലമായ പൊതുവേദി വേണം. കോണ്‍ഗ്രസ് നേരത്തെ നടപ്പാക്കിയ നയങ്ങളാണ് ബി.ജെ.പി ഇപ്പോള്‍ നടപ്പാക്കുന്നതെന്നും സുധാകര്‍ റെഡ്ഡി ആരോപിച്ചു. മലപ്പുറത്ത് ആരംഭിച്ച സി.പി.ഐ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇടതുപക്ഷ ഐക്യം പരമപ്രധാനമാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് തന്ത്രം പ്രത്യേകമായി കാണണം. സംസ്ഥാന രാഷ്ട്രീയങ്ങള്‍ക്ക് അനുസരിച്ച് തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മാറാം. രാജ്യത്തെ മുഖ്യ എതിരാളി സംഘപരിവാറും ബി.ജെ.പിയും തന്നെയാണെന്ന് സുധാകര്‍ റെഡ്ഡി ചൂണ്ടിക്കാട്ടി.

കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തമ്മില്‍ വ്യത്യസ്തമായ അഭിപ്രായങ്ങള്‍ ഉണ്ട്. രാഷ്ട്രീയ ബന്ധങ്ങളില്‍ സി.പി.എം-സി.പി.ഐ ബന്ധങ്ങളാണ് പ്രധാനം. വ്യത്യസ്ത അഭിപ്രായങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കാനാകുമെന്നും സുധാകര്‍ റെഡ്ഡി വ്യക്തമാക്കി.

pathram desk 1:
Related Post
Leave a Comment