സ്‌പോര്‍ട്‌സ് ഉല്‍പന്ന വ്യാപാരത്തിലെ നികുതി വെട്ടിപ്പ് തടയണം: കേരള സ്‌പോര്‍ട്‌സ് ഗുഡ്‌സ് ഡീലേഴ്‌സ് അസ്സോസിയേഷന്‍

കൊച്ചി: സ്‌പോര്‍ട്‌സ് ഉല്‍പന്ന വ്യാപാരത്തിലെ നികുതി വെട്ടിപ്പ് തടയണമെന്ന് കേരള സ്‌പോര്‍ട്‌സ് ഗുഡ്‌സ് ഡീലേഴ്‌സ് അസ്സോസിയേഷന്റെ (എകെഎസ്ഡിഎ)10ാം വാര്‍ഷിക സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സ്‌കേറ്റിംഗ്, ബാഡ്മിന്റണ്‍, ആര്‍ച്ചറി, ഫെന്‍സിംഗ് തുടങ്ങിയ മത്സരങ്ങള്‍ക്കുള്ള ഉപകരണങ്ങള്‍ സര്‍ക്കാരിലേയ്ക്ക് നികുതി അടയ്ക്കാതെ പരിശീലകര്‍ നേരിട്ട് സ്‌കൂളുകളിലും കളിക്കളങ്ങളിലും ലഭ്യമാക്കുന്ന പ്രവണതയാണ് അവസാനിപ്പിക്കേണ്ടത്. കൂടാതെ ഈ വേ ബില്‍ പോരായ്മകള്‍, അമിതമായ ചരക്കുകൂലി, വില്‍പ്പനാനന്തര സേവന വ്യവസ്ഥകളിലെ അപാകതകള്‍ എന്നിവയ്ക്ക് പരിഹാരം കാണുക, വന്‍കിട ബ്രാന്‍ഡുകളുടെ വന്‍തോതില്‍ വിറ്റുപോകുന്ന ഉത്പ്പന്നങ്ങള്‍ക്ക് ന്യായമായ മാര്‍ജിന്‍ ഉറപ്പാക്കുക, സ്‌പോര്‍ട്‌സ് ഉത്പ്പന്നങ്ങളുടെ അമിത നികുതി, ഓണ്‍ലൈന്‍ വ്യാപാരത്തിലെ തട്ടിപ്പുകള്‍ നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കായിക മന്ത്രാലയത്തിന് നിവേദനവും നല്‍കി. അംഗങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് വിതരണവും കുറഞ്ഞ പലിശനിരക്കില്‍ വ്യാപാര വായ്പയും ലഭ്യമാക്കാനുള്ള നടപടികളും ആരംഭിച്ചു. ചടങ്ങില്‍ എകെഎസ്ഡിഎ പി. എ ചെയര്‍മാനായി ചെന്താമരാക്ഷന്‍, പ്രസിഡന്റായി അനില്‍ മഹാജന്‍, ജനറല്‍ സെക്രട്ടറിയായി ജോസ് പോള്‍, ട്രഷററായി സജി ടോള്‍ ബോയ്, സ്‌റ്റേറ്റ് കോഓര്‍ഡിനേറ്ററായി ടി. കെ.സലിം എന്നിവര്‍ ചുമതലയേറ്റു. രാജീവ് ഗോപാല്‍, ഹാഷിം ഷാ, സജീവ് സച്ചിദാനന്ദന്‍, പയസ് സി. ബഌസ്, മൊയ്തു സ്റ്റാര്‍, ഷാജി എം.എന്‍., മധു ബി ഫോര്‍ ബാഡ്മിന്റണ്‍, സമീര്‍ ഗരിമ, ഡയസ് ജോസഫ്, സജീദ് മോട്ടി, ജലില്‍ വേങ്ങര, ദീപക് സോക്കര്‍, റഷീദ് കാമ്പസ്, രമേശന്‍ പയ്യന്നൂര്‍, സമദ് കാസര്‍കോഡ് എന്നിവരെ സംസ്ഥാന കമ്മറ്റിയിലേയ്ക്ക് തിരഞ്ഞെടുത്തു.

pathram:
Leave a Comment