ഷുഹൈബ് വധക്കേസ് സി.ബി.ഐ അന്വേഷിക്കണം; മാതാപിതാക്കള്‍ മുഖ്യമന്ത്രിയ്ക്ക് നിവേദനം നല്‍കി

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഷുഹൈബിന്റെ മാതാപിതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് കുടുംബത്തിന് വേണ്ടി നിവേദനം മുഖ്യമന്ത്രിക്ക് അയച്ചത്. പൊലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലെങ്കില്‍ രേഖാമൂലം ആവശ്യപ്പെട്ടാല്‍ അന്വേഷണം സിബിഐക്കു വിടാമെന്നു മന്ത്രി എ.കെ.ബാലന്‍ അറിയിച്ചിരുന്നു.

ഷുഹൈബിനോടു സിപിഐഎമ്മിനുള്ള രാഷ്ട്രീയ വിരോധവും അസഹിഷ്ണുതയുമാണു കൊലപാതകത്തിനു കാരണമെന്ന് മാതാപിതാക്കളായ സി.പി.മുഹമ്മദ്, എസ്.പി.റസിയ എന്നിവര്‍ നിവേദനത്തില്‍ പറഞ്ഞിട്ടുണ്ട്. ഒന്‍പതു ദിവസം കഴിഞ്ഞിട്ടും അന്വേഷണത്തില്‍ പുരോഗതിയില്ല. കൊല നടത്താന്‍ ഉപയോഗിച്ച ആയുധങ്ങളോ പ്രതികള്‍ സഞ്ചരിച്ച വാഹനമോ കണ്ടെത്തിയിട്ടില്ല. മുഴുവന്‍ പ്രതികളെയും തിരിച്ചറിയാന്‍ പോലും സാധിച്ചിട്ടില്ലെന്നും നിവേദനത്തില്‍ വ്യക്തമാക്കുന്നു.

അറസ്റ്റ് ചെയ്തു എന്നു പൊലീസ് അവകാശപ്പെടുന്ന ആകാശ് രാജ്, രജിന്‍രാജ് എന്നിവരെ പാര്‍ട്ടി നേതാക്കള്‍ പൊലീസില്‍ ഹാജരാക്കിക്കൊടുത്തതാണെന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പരസ്യമായി പ്രഖ്യാപിക്കുകയുണ്ടായി. രഹസ്യങ്ങള്‍ ചോര്‍ത്തി പൊലീസിലെ ഒരുവിഭാഗം അന്വേഷണം തടസപ്പെടുത്തുന്നതായി ജില്ലാ പൊലീസ് മേധാവി തന്നെ മേലധികാരികള്‍ക്കു റിപ്പോര്‍ട്ട് നല്‍കിയിരിക്കുകയാണ്.

pathram desk 1:
Leave a Comment