ഹാദിയയുടെ വിവാഹം പരസ്പര സമ്മതത്തോടെയുള്ളത്; മാനഭംഗക്കേസല്ലെന്നും സുപ്രീംകോടതി

ന്യൂഡല്‍ഹി: ഹാദിയയുയടെ വിവാഹം സംബന്ധിച്ച കേസില്‍ സുപ്രധാനമായി നിരീക്ഷണങ്ങളുമായി സുപ്രീം കോടതി. പരസ്പര സമ്മതത്തോടെയുള്ള വിവാഹമാണ് ഹാദിയയുടേതെന്നും നല്‍കിയിരിക്കുന്നത് മാനഭംഗക്കേസല്ലെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. വിദേശ റിക്രൂട്ട്‌മെന്റ് നടക്കുന്നതായി വിവരമുണ്ടെങ്കില്‍ ഇടപെടേണ്ടത് സര്‍ക്കാരാണ്. ഹാദിയയെ വീട്ടുതടങ്കലില്‍ പീഡിപ്പിച്ചെന്ന ആരോപണത്തില്‍ അച്ഛന്‍ മറുപടി നല്‍കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു. എന്‍ഐഎയ്ക്കും മറുപടി നല്‍കാന്‍ സമയം നല്‍കിയിട്ടുണ്ട്. അതേസമയം രാഹുല്‍ ഈശ്വരനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ ഹാദിയ പിന്‍വലിച്ചു. കേസ് പരിഗണിക്കുന്നത് കോടതി മാര്‍ച്ച് എട്ടിലേക്കു മാറ്റി.
കേസ് പരിഗണിക്കുന്നതു നീട്ടിവയ്ക്കണമെന്ന പിതാവ് അശോകന്റെ ആവശ്യം സുപ്രീംകോടതി നേരത്തെ തള്ളിയിരുന്നു. മാതാപിതാക്കള്‍ക്കും എന്‍ഐഎയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചു ഹാദിയ നല്‍കിയ സത്യവാങ്മൂലത്തിനു മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്നും കേസ് നീട്ടണമെന്നുമായിരുന്നു അശോകന്റെ ആവശ്യം.
അതേസമയം, ഷെഫിന്‍ ജഹാനൊപ്പം ജീവിക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണു ഹാദിയ. കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഹാദിയ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. താന്‍ മുസ്‌ലിം ആണെന്നും അങ്ങനെ ജീവിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണു വൈക്കം സ്വദേശിനി ഹാദിയ കഴിഞ്ഞദിവസം സത്യവാങ്മൂലം നല്‍കിയത്. സ്വന്തം ഇഷ്ടപ്രകാരമാണു ഇസ്‌ലാം മതം സ്വീകരിച്ചതും കൊല്ലം സ്വദേശി ഷെഫിന്‍ ജഹാനെ വിവാഹം ചെയ്തതും.
വീട്ടുതടങ്കലിലും പൊതുസമൂഹത്തിലും അനുഭവിച്ച പീഡനങ്ങള്‍ക്കു നഷ്ടപരിഹാരം വേണമെന്നാണു ഹാദിയയുടെ മറ്റൊരു പ്രധാന ആവശ്യം. ആറുമാസത്തെ വീട്ടുതടങ്കലില്‍ ഒട്ടേറെ പീഡനങ്ങള്‍ സഹിച്ചു. മാനസാന്തരമുണ്ടാക്കാന്‍ ബാഹ്യശക്തികളുടെ നിരന്തര പ്രേരണയുണ്ടായി. ആരൊക്കെയാണു വീട്ടില്‍ വന്നുകണ്ടതെന്നു സന്ദര്‍ശക പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതെല്ലാം കോടതി പരിശോധിക്കണം. ഭക്ഷണത്തില്‍ ലഹരിമരുന്നു കലര്‍ത്താന്‍ ശ്രമമുണ്ടായി.
സുരക്ഷാചുമതലയുണ്ടായിരുന്ന വൈക്കം ഡിവൈഎസ്പി കൈചൂണ്ടി ഭീഷണിപ്പെടുത്തി. എന്‍ഐഐ ഉദ്യോഗസ്ഥര്‍ ഭീകരബന്ധമുളളയാളെന്ന മട്ടില്‍ പെരുമാറിയെന്നും ഹാദിയ ആരോപിച്ചിട്ടുണ്ട്. ഹാദിയയുടെ (അഖില) പിതാവ് അശോകനും സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. ഹാദിയയെ സിറിയയിലേക്കു കടത്തുകയായിരുന്നു ലക്ഷ്യം. ഹാദിയ ഇസ്‌ലാം മതം സ്വീകരിച്ചതല്ല പ്രശ്‌നമെന്നും മകളുടെ സുരക്ഷ മാത്രമാണു താന്‍ നോക്കുന്നതെന്നും അശോകന്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.
ഷെഫിന്‍ ജഹാനും ഹാദിയയുമായുള്ള വിവാഹത്തെക്കുറിച്ചു ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അന്വേഷിക്കുന്നതു സുപ്രീംകോടതി വിലക്കിയിരുന്നു. 2017 നവംബര്‍ 27നു കേസ് പരിഗണിച്ചപ്പോള്‍, ഹാദിയയ്ക്കു സേലത്തെ ഹോമിയോ കോളജില്‍ പഠനം പൂര്‍ത്തിയാക്കുന്നതിനു സൗകര്യമൊരുക്കാനാണു കോടതി ഉത്തരവിട്ടത്. ഹാദിയയുടെ വിവാഹം കേരള ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെ ഷെഫിന്‍ ജഹാന്‍ സമര്‍പ്പിച്ച ഹര്‍ജിയാണു സുപ്രീംകോടതി പരിഗണിക്കുന്നത്.

pathram:
Leave a Comment