ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ രാഷ്ട്രീയ രംഗം മാറിക്കൊണ്ടിരിക്കുന്ന സൂചനയാണ് ഓരോ ദിവസവും പുറത്തുവരുന്നത്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് കൂടുതല്‍ ശക്തിയാര്‍ജിച്ചു വരുന്നു. ഇതിനു പിന്നാലെ കോണ്‍ഗ്രസ് നേതാക്കളുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ പിന്തുടര്‍ന്ന് ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ രംഗത്തെത്തിയതും ചര്‍ച്ചയായിരിക്കുകയാണ്. ബച്ചന്റെ അപ്രതീക്ഷിതമായ ഈ കോണ്‍ഗ്രസ് സ്‌നേഹം നിരവധി അഭ്യൂഹങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്. ഒരു കാലത്ത് നെഹ്‌റുഗാന്ധി കുടുംബവുമായും കോണ്‍ഗ്രസുമായും അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന അമിതാഭ് ബച്ചന്‍ പിന്നീട് പാര്‍ട്ടിയുമായി അകലുകയായിരുന്നു. രാജീവ് ഗാന്ധിയുടെ അടുത്ത സുഹൃത്തു കൂടിയായിരുന്ന ബച്ചന്റെ പിന്മാറ്റം അന്ന് ഏറെ ചര്‍ച്ചയായിരുന്നു. വളരെക്കാലത്തിന് ശേഷം ബച്ചന്‍ വീണ്ടും കോണ്‍ഗ്രസിനോട് അടുക്കുകയാണോ എന്ന സംശയത്തിനിട നല്‍കുകയാണ് അദ്ദേഹത്തിന്റെ ട്വിറ്റര്‍ ഇടപെടലുകള്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും പാര്‍ട്ടിയുടെ ഔദ്യോഗിക അക്കൗണ്ടിനെയും ഫോളോ ചെയ്യുന്ന ബച്ചന്‍ കഴിഞ്ഞയിടക്ക് മുതിന്ന നേതാക്കളായ പി.ചിദംബരം, കപില്‍ സിബല്‍, അഹമ്മദ് പട്ടേല്‍, അശോക് ഗെലോട്ട്, അജയ് മാക്കന്‍,ജ്യോതിരാദിത്യ സിന്ധ്യ, സച്ചിന്‍ പൈലറ്റ്, സിപി ജോഷി എന്നിവരെയും പിന്തുടര്‍ന്നു തുടങ്ങിയിട്ടുണ്ട്. ഇവര്‍ക്ക് പുറമേ മനീഷ് തിവാരി, ഷക്കീല്‍ അഹമ്മദ്, സഞ്ജയ് നിരുപം, രണ്‍ദീപ് സുര്‍ജേവാല, പ്രിയങ്ക ചതുര്‍വേദി, സജ്ഞയ് ഝാ എന്നിവരും ബച്ചന്‍ ഫോളോ ചെയ്യുന്നവരുടെ പട്ടികയിലുണ്ട്.
ബച്ചന്റെ ഈ നടപടി കോണ്‍ഗ്രസിനെയും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളെയും അമ്പരപ്പിലാക്കിയിരിക്കുകയാണ്. നിലവില്‍ ഗുജറാത്തിന്റെ ബ്രാന്‍ഡ് അംബാസിഡറാണ് ബച്ചന്‍. മൂന്നു കോടിയിലേറെ അനുയായികളാണ് ട്വിറ്ററില്‍ ബച്ചനുള്ളത്, അദ്ദേഹം പിന്തുടരുന്നതാവട്ടെ 1689 പേരെയും.
ട്വിറ്ററില്‍ തന്നെ പിന്തുടരുന്നതിന് ബച്ചനോട് മനീഷ് തിവാരി നന്ദി അറിയിച്ചു. ഇന്ത്യന്‍ സിനിമയുടെ ഐക്കണ്‍ തന്നെ പിന്തുടരുന്നതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്. ബച്ചന്റെ നടപടിയെ അവിശ്വസനീയമെന്നും തിവാരി വിശേഷിപ്പിച്ചിട്ടുണ്ട്.
കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പുറമേ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്, മകള്‍ മിസ്രാ ഭാരതി, ജെഡിയു നേതാവ് നിതീഷ് കുമാര്‍, സിപിഎം നേതാവ് സീതാറാം യെച്ചൂരി, എന്‍സിപി നേതാവ് സുപ്രിയ സുലെ, ആം ആദ്മി പാര്‍ട്ടി നേതാക്കളായ മനീഷ് സിസോദിയ, കുമാര്‍ വിശ്വാസ് തുടങ്ങിയവരെയും ബച്ചന്‍ ഫോളോ ചെയ്യുന്നുണ്ട്.
Leave a Comment