പത്തനംതിട്ടയില്‍ ആര്‍ത്തവത്തെ കുറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട ബാലസംഘം നേതാവിന്റെ സഹോദരിക്കു നേരെ ആര്‍.എസ്.എസ് ആക്രമണം

പത്തനംതിട്ട: ആര്‍ത്തവസമയങ്ങളില്‍ സ്ത്രീകള്‍ക്കുള്ള ക്ഷേത്രങ്ങളിലെ വിലക്കിനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട ബാലസംഘം നേതാവിന്റെ സഹോദരിയ്ക്കുനേരെ ആക്രമണം. ബാലസംഘം സംസ്ഥാന കമ്മിറ്റി അംഗവും പത്തനംതിട്ട ജില്ലാ പ്രസിഡന്റുമായ നവമി രാമചന്ദ്രന്റെ സഹോദരി ലക്ഷ്മി രാമചന്ദ്രനാണ് ആക്രമണത്തിന് ഇരയായത്. രാവിലെ പാലുവാങ്ങി വരികയായിരുന്ന ലക്ഷ്മിയെ ബൈക്കിലെത്തിയ സംഘം തള്ളിയിടുകയും മര്‍ദ്ദിക്കുകയുമായിരുന്നു. ബൈക്കില്‍ മുഖംമറച്ചാണ് സംഘമെത്തിയത്.

ആര്‍ത്തവത്തെക്കുറിച്ചുള്ള നിലപാട് ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തതിന്റെ പേരില്‍ കഴിഞ്ഞദിവസങ്ങളില്‍ സൈബര്‍ ഇടങ്ങളില്‍ നവമിയ്ക്കെതിരെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ വ്യാജപ്രചരണവുമായി രംഗത്തുവന്നിരുന്നു. ഇതേത്തുടര്‍ന്ന് സോഷ്യല്‍ മീഡിയകളില്‍ വലിയൊരു വിഭാഗം നവമിയെ പിന്തുണ അറിയിച്ച് മുന്നോട്ടുവന്നിരുന്നു.

‘അമ്പലത്തിന് പുറത്തൊരു മുറി പണിയണം, മാസമുറയ്ക്ക് ദേവിക്കിരിക്കാന്‍’ എന്ന വിനേഷ് ബാവിക്കരയുടെ രണ്ടുവരി കവിത സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചുകൊണ്ടാണ് ആര്‍ത്തവ സമയത്തെ വിലക്കിനെ നവമി പരിഹസിച്ചത്.

കഴിഞ്ഞദിവസം പത്താംക്ലാസ് മോഡല്‍ പരീക്ഷ കഴിഞ്ഞ് ലക്ഷ്മി സ്‌കൂളില്‍ നിന്നും വരുന്ന വഴിക്ക് ആര്‍.എസ്.എസുകാര്‍ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ‘നവമിയേയും ലക്ഷ്മിയേയും കുടുംബത്തെ അടക്കം ഇല്ലാതാക്കുമെന്നും തലവെട്ടിക്കളയു’മെന്നുമായിരുന്നു ഭീഷണി.

നവമി രാമചന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്:

പ്രിയപ്പെട്ടവരെ കഴിഞ്ഞ ദിവസം അനിയത്തിക്ക് നേരെ ഭീഷണിയാണ് ഉണ്ടായതെങ്കില്‍ ഇന്ന് ആക്രമണമാണ് ഉണ്ടായത്. കാലത്തെ പാല് മേടിക്കാന്‍ അടുത്ത വീട്ടില്‍ പോയ ലക്ഷ്മിയെ നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത ബൈക്കില്‍ വന്നു മുഖം മറച്ച ആരോ ഇടിച്ചിട്ടു പോയി. കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ സംഭവങ്ങളുടെ തുടര്‍ച്ചയായി കൂട്ടി വായിച്ചാല്‍ ഇതിനു പിന്നില്‍ ആര്‍.എസ്.എസ് ആണെന്നതില്‍ സംശയമില്ല.

ഇത്തരം ആക്രമണം കൊണ്ട് ഭയപ്പെടുത്തി പുരയ്ക്കുള്ളില്‍ തളച്ചിടാമെന്നു ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അതു വെറുതെയാണ്. നിങ്ങള്‍ നിങ്ങളുടെ ആക്രമണം തുടര്‍ന്നോളൂ, പക്ഷെ അതു കണ്ട് പേടിക്കുമെന്നു കരുതണ്ട. ഇതേ രീതിയില്‍ മുന്നോട്ടു പോകാന്‍ തന്നെയാണ് തീരുമാനം…….

pathram desk 1:
Leave a Comment