കോടിയേരി തുടരും; വി.എസിനെ നിലനിര്‍ത്തുമോ..? സിപിഎം സംസ്ഥാന സമ്മേളനത്തിന് നാളെ തുടക്കം

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന്‍ തുടരും. കോടിയേരി മാറേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര നേതാക്കള്‍ അറിയിച്ചു. വിഎസിനെ സംസ്ഥാന സമിതിയിലെ ക്ഷണിതാവായി നിലനിര്‍ത്തിയേക്കും. മറിച്ചാണെങ്കില്‍ ഒഴിവാകാനുള്ള താല്‍പര്യം വിഎസ് പ്രകടിപ്പിക്കണം. 87 അംഗ കമ്മിറ്റിയെയാണു കഴിഞ്ഞതവണ തിരഞ്ഞെടുത്തത്. കേന്ദ്രകമ്മിറ്റി നിര്‍ദേശിച്ചിരിക്കുന്നത് 80 അംഗ കമ്മിറ്റിയേയും. സമ്മേളനത്തിന് എട്ട് പിബി അംഗങ്ങളെത്തും. കേരള ഘടകത്തിനെ ശക്തമായി പിന്തുണക്കുന്നവരാണ് ഇതില്‍ 7 പേര്‍.
അതേസമയം എണ്‍പതു കഴിഞ്ഞവര്‍ ഒഴിയണമെന്നും യുവപ്രാതിനിധ്യം ഉറപ്പാക്കണമെന്നും കേന്ദ്രനിര്‍ദേശമുള്ളതിനാല്‍ സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ മാറ്റങ്ങള്‍ക്കു സാധ്യതയുണ്ട്. പി.കെ.ഗുരുദാസനും ടി.കെ.ഹംസയുമടക്കം തൃശൂര്‍ സമ്മേളനത്തോടെ സംസ്ഥാന കമ്മിറ്റില്‍ നിന്നു മാറി ക്ഷണിതാക്കളായേക്കും. വ്യാഴാഴ്ച ആരംഭിക്കുന്ന സമ്മേളനത്തിന്റെ സമാപനദിവസമായ 25നാണു പുതിയ സംസ്ഥാന കമ്മിറ്റിയേയും സെക്രട്ടറിയേയും തിരഞ്ഞെടുക്കുന്നത്.
കേന്ദ്രകമ്മിറ്റി അംഗമായ ഗുരുദാസന് 82 വയസ്സായി. സംസ്ഥാന സെക്രട്ടേറിയറ്റിലുള്ള ആനത്തലവട്ടം ആനന്ദനും എണ്‍പതായി. പ്രവര്‍ത്തനങ്ങളില്‍ സജീവമായ അദ്ദേഹത്തിന് ഇളവു നല്‍കണമോയെന്ന കാര്യം പ്രത്യേകം കണക്കിലെടുക്കേണ്ടിവരും. ഘടകങ്ങളിലെ അംഗത്വത്തിനു പ്രായപരിധിയായി 80 കേന്ദ്രകമ്മിറ്റി നിര്‍ദേശിച്ചുവെങ്കിലും വിവേചനാധികാരം ഉപയോഗിക്കാം. പക്ഷേ, പുതുമുഖ-യുവ പ്രാതിനിധ്യത്തിനു കൊല്‍ക്കത്ത പ്ലീനം നിഷ്‌കര്‍ഷിച്ചിട്ടുള്ളതിനാല്‍ മുതിര്‍ന്നവര്‍ മാറിയാലേ അതിനുള്ള വഴിയൊരുങ്ങൂ. അന്തരിച്ച വി.വി.ദക്ഷിണാമൂര്‍ത്തിയുടേതാണ് ഇപ്പോഴുള്ള ഒഴിവ്.
ടി.കെ.ഹംസ, കെ.പി.സഹദേവന്‍, കെ.കുഞ്ഞിരാമന്‍, പി.എ.മുഹമ്മദ്, കെ.എം.സുധാകരന്‍ എന്നിവരും ഒഴിവാകാനിടയുള്ളവരാണ്. സി.പി.നാരായണന്‍, കോലിയക്കോട് കൃഷ്ണന്‍നായര്‍ എന്നിവര്‍ക്കു മാസങ്ങള്‍ പിന്നിട്ടാല്‍ എണ്‍പതാകും. ആനത്തലവട്ടവും കോലിയക്കോടും മാറിയാല്‍ തിരുവനന്തപുരത്തു നിന്നു സി.ജയന്‍ ബാബുവിനെയും വി.കെ.മധുവിനെയും പരിഗണിച്ചേക്കാം. വിഎസ് പക്ഷത്തെ കരുത്തനായിരുന്ന പിരപ്പന്‍കോട് മുരളി ഒഴിഞ്ഞേക്കുമെന്ന പ്രചാരണമുണ്ടെങ്കിലും ജില്ലയില്‍ നിന്ന് ഒറ്റയടിക്ക് പലരെ ഒഴിവാക്കുന്നതിന്റെ പ്രത്യാഘാതം കൂടി കണക്കിലെടുത്തേ തീരുമാനമെടുക്കാനിടയുള്ളൂ.
ഗുരുദാസനു പകരം കൊല്ലത്തുനിന്ന് എസ്. ജയമോഹന്‍ സംസ്ഥാന കമ്മിറ്റിയിലേക്കു വരാനിടയുണ്ട്. പുതിയ ജില്ലാ സെക്രട്ടറിമാരായ ഇ.എന്‍. മോഹന്‍ദാസ് (മലപ്പുറം) പി. ഗഗാറിന്‍ (വയനാട്) എന്നിവര്‍ ഉറപ്പായും കമ്മിറ്റിയിലെത്തും. ഡിവൈഎഫ്‌ഐയില്‍ നിന്നു പി.എ. മുഹമ്മദ് റിയാസിനോ എ.എന്‍.ഷംസീറിനോ സാധ്യതയുണ്ട്. കെ.എം. സുധാകരന്‍ ഒഴിയുമ്പോള്‍ എറണാകുളത്തുനിന്നു സി.കെ. മണിശങ്കറോ ഗോപി കോട്ടമുറിക്കലോ വരാം. വിഎസ് പക്ഷത്തെ പ്രധാനിയായിരുന്ന സി.കെ.സദാശിവനു പകരം ആലപ്പുഴയില്‍ നിന്ന് ആര്‍.നാസറിനെ കൊണ്ടുവരാനുള്ള ശ്രമമുണ്ട്. കെ. കുഞ്ഞിരാമന്‍ ഒഴിഞ്ഞാല്‍ സി.എച്ച്. കുഞ്ഞമ്പുവോ ഡോ. വി.പി.പി. മുസ്തഫയോ കാസര്‍കോട്ടു നിന്നു വന്നേക്കും. കെ.എസ്. സലീഖ (പാലക്കാട്), ആര്‍. ബിന്ദു (തൃശൂര്‍) എന്നിവര്‍ വനിതാ പ്രാതിനിധ്യപട്ടികയിലുണ്ട്. കഴിഞ്ഞതവണയും ഈ നിഷ്‌കര്‍ഷയുണ്ടായിരുന്നുവെങ്കിലും വിപുലപ്പെടുത്താന്‍ നല്‍കിയ അനുമതി തുടരുമെന്നാണു സംസ്ഥാന നേതൃത്വത്തിന്റെ പ്രതീക്ഷ.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Leave a Comment