കോഴിക്കോട്: സിപിഐഎം ഭീകരസംഘടനയായി മാറിയെന്നും ഷുഹൈബ് വധക്കേസിലെ അന്വേഷണസംഘത്തില്‍ വിശ്വാസമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാന്‍ പൊലീസ് ശ്രമിക്കുന്നു. ടി.പി. കേസിലെ പ്രതികള്‍ക്ക് ഷുഹൈബ് വധത്തില്‍ പങ്കുണ്ടെന്ന നിലപാടില്‍ മാറ്റമില്ലെന്നും ചെന്നിത്തല പറഞ്ഞു.
തുടര്‍ച്ചയായി കൊലപാതകങ്ങള്‍ നടത്തുന്ന സിപിഎം ഭീകരസംഘടനയായി മാറി. ഷുഹൈബ് വധം ഇതിനു തെളിവാണ്. ഷുഹൈബ് വധത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ഗൂഢാലോചനക്കാരെ കണ്ടെത്തണം. ഈ വധത്തിനു പിന്നിലെ പ്രതികളെ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെ വെളിപ്പെടുത്തണമെന്നും ചെന്നിത്തല കോഴിക്കോട്ട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
യഥാര്‍ഥപ്രതികളെ രക്ഷിക്കാനാണ് ശ്രമം നടക്കുന്നത്. ഇക്കാര്യത്തില്‍ സിപിഐഎം കേന്ദ്ര നേതൃത്വം ഉത്തരം പറയണം. അന്വേഷണവിവരങ്ങള്‍ ചോരുന്നുവെന്നാണ് കണ്ണൂര്‍ എസ്പി പോലും പറയുന്നത്. ഇതിനിടെ കേന്ദ്ര ഡപ്യൂട്ടേഷനില്‍ ഏതു സമയവും പോകാന്‍ കാത്തിരിക്കുന്ന റേഞ്ച് ഐജിയെ അന്വേഷണം ഏല്‍പ്പിക്കുന്നത് എന്തിനെന്ന് അറിയില്ല. അന്വേഷണ സംഘത്തില്‍ കോണ്‍ഗ്രസിനു വിശ്വാസമില്ലെന്നും ചെന്നിത്തല പറഞ്ഞു.
കൊലപാതകത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് സൂചനയുളള സാഹചര്യത്തില്‍ കൊലയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ച നേതാക്കള്‍ക്കെതിരെ ഈ വകുപ്പില്‍ കേസെടുത്ത് നടപടി സ്വീകരിക്കണം. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഈ കൊലപാതകം വലിയ വിഷയമാക്കിയെന്നാണ് സിപിഐഎം പറയുന്നത്. അക്രമസംഭവങ്ങളില്‍ മുഴുകുന്ന സിപിഐഎമ്മിന് ഈ കൊലപാതകം സാധാരണ സംഭവം പോലെയാകും തോന്നുകയെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.
കണ്ണൂരിലെ കൊലപാതകങ്ങള്‍ക്ക് സിപിഐഎമ്മും ബിജെപിയുമാണ് നേതൃത്വം നല്‍കുന്നത്. പൊലീസിലെ തന്നെ ചാരന്മാര്‍ അന്വേഷണം അട്ടിമറിക്കുന്നെന്ന് എസ്പി പറയുമ്പോള്‍ അന്വേഷണം ശരിയായ ദിശയിലെന്ന് സര്‍ക്കാര്‍ എങ്ങനെ പറയും. കേസില്‍ ആരെ രക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് രമേശ് ചെന്നിത്തല ചോദിച്ചു.
Leave a Comment