‘മിസ്റ്റര്‍ സത്യന്‍’ എന്ന് ഉറക്കെ വിളിച്ച് വി.പി സത്യനോട് മമ്മൂട്ടി പറഞ്ഞത് ഇതാണ്

കോഴിക്കോട്: പ്രജേഷ് സെന്‍ സംവിധാനം ചെയ്ത വി.പി സത്യന്റെ ബയോപിക് തിയേറ്ററുകളില്‍ വിജയപ്രദര്‍ശനം തുടരുകയാണ്. കേരളത്തിന്റെ പ്രിയ ക്യാപ്റ്റന്റെ ജീവിതം സിനിമയായപ്പോള്‍ സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടി മമ്മൂട്ടിയായി തന്നെ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. മമ്മൂട്ടിയുടെ കഥാപാത്രവും വേഷവും ചിത്രത്തില്‍ താര സാന്നിധ്യത്തിനായാണ് മമ്മൂട്ടിയെയും ഉള്‍പ്പെടുത്തിയതെന്ന് ചിന്തിക്കുന്നവര്‍ ഏറെയാകാം.

എന്നാല്‍ റെസ്റ്റോറന്റില്‍ വെച്ച് മമ്മൂട്ടിയും സത്യനും കണ്ടുമുട്ടുന്ന ആ രംഗം സത്യന്റെ ജീവിതത്തില്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് തന്നെയായിരുന്നു. സാഫ് ഗെയിംസില്‍ സ്വര്‍ണ്ണ മെഡല്‍ നേട്ടം സ്വന്തമാക്കി സത്യനും കൂട്ടരും തിളങ്ങി നിന്ന സമയത്ത് ആരാലും തങ്ങള്‍ തിരിച്ചറിയപ്പെടുന്നില്ലെന്നും ആരും അംഗീകരിക്കുന്നില്ലെന്നുമുള്ള സങ്കടത്തില്‍ നിന്ന് സത്യനെ മമ്മൂട്ടി ചേര്‍ത്ത പിടിച്ച നിമിഷം.

Subscribe Us:
Subscribe
സത്യന്റെയും മമ്മൂട്ടിയുടെയും ആ കൂടിക്കാഴ്ചയെക്കുറിച്ച് മന്‍സൂര്‍ എന്നൊരാള്‍ എഴുതിയ കഥ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
മനസൂര്‍ പറയുന്ന കഥ ഇങ്ങിനെ…

‘ഒരു ഏയര്‍പ്പോര്‍ട്ടില്‍ വെച്ചാണ് സംഭവം കേരളത്തിന് വേണ്ടി സന്തോഷ് ട്രോഫി നേടി കൊടുത്തിട്ടും ഇന്ത്യന്‍ ടീമിന് വേണ്ടി സാഫ് ഗെയിംസില്‍ സ്വര്‍ണ്മ മെഡല്‍ നേടി കൊടുത്തിട്ടും ഒരാള്‍ പോലും തന്നെ തിരിച്ചറിയുന്നില്ലല്ലോ എല്ലാവരും തന്നെ അവഗണിക്കുകയാണല്ലോ എന്ന ദുഃഖത്തില്‍ ഇരിക്കുകയാണ് വി.പി സത്യന്‍. അദ്ദേഹത്തിന്റെ ഭാര്യ അനിതയും കൂടെയുണ്ട്…

രണ്ട് പെണ്‍കുട്ടികള്‍ വന്ന് Autograph എന്ന് പറഞ്ഞപ്പോള്‍ സത്യന്റെ മുഖത്ത് ചെറുതായി ഒരു പുഞ്ചിരി വന്നു. അനിതക്കും ഒരുപാട് സന്തോഷമായി…

പക്ഷെ സത്യന്‍ പോക്കറ്റില്‍ നിന്ന് പേന എടുത്തപ്പോഴേക്കും ആ പെണ്‍കുട്ടികള്‍ അത് തട്ടിപ്പറിച്ച് കൊണ്ട് അകത്തെ ക്യാബിനിലേക്ക് ഓടി.അത് കണ്ടപ്പോള്‍ സത്യനും ഭാര്യയും അമ്പരന്നു.

അകത്തേക്ക് പോയ പെണ്‍കുട്ടികള്‍ ഉടന്‍ തന്നെ തിരിച്ച് വന്ന് പേന കൊടുത്തു എന്നിട്ട് പറഞ്ഞു ‘അകത്ത് vip launch ല്‍ രവി ശാസ്ത്രി ഉണ്ട് അദ്ദേഹത്തിന്റെ Autograph വാങ്ങിക്കാനാണ് ഞങ്ങള്‍ പേന വാങ്ങിയത്’

സത്യന്‍ തകര്‍ന്ന് പോയ നിമിഷമായിരുന്നു അത്… ഭാര്യ അനിത വിഷമം മാറാന്‍ വേണ്ടി സത്യനെ ചായ കുടിക്കാന്‍ ക്ഷണിച്ചു.. ചായ കുടിക്കാന്‍ തുടങ്ങിയപ്പോഴാണ് അനിത ആ കാഴ്ച്ച കണ്ട് ഞെട്ടിയത്.. അപ്പുറത്തെ ടേബിളില്‍ ഒരാള്‍ ഇരിക്കുന്നു.അനിത പറഞ്ഞു ‘സത്യേട്ടാ ഒന്ന് പരിചയപ്പെടുത്തി തരൂ’

സത്യന്‍ പറഞ്ഞു ‘അയാള്‍ ചൂടനാണെന്ന് കേട്ടിട്ടുണ്ട്. ഞാന്‍ ഇല്ല’. അയാളെ പരിചയപ്പെടാന്‍ പോയി അയാള്‍ തന്നെ തിരിച്ചറിയാതെ നാണം കെടുത്തി കളയുമോ എന്ന ഭയം കാരണം സത്യന്‍ അനിതയുടെ കയ്യും പിടിച്ച് അയാളെ നോക്കാതെ മുന്നോട്ട് നടന്നു…

പക്ഷെ ടേബിളില്‍ ഇരുന്നിരുന്ന ആ മനുഷ്യന്‍ ഉറക്കെ വിളിച്ചു..
‘മിസ്റ്റര്‍ സത്യന്‍’ .

സത്യന്‍ നിന്നു, തിരിച്ച് വന്നു, പുഞ്ചിരിച്ചു…

അയാള്‍ ചോദിച്ചു..
‘നീ എന്നെ കണ്ടില്ലായിരുന്നോ സത്യാ’

സത്യന്‍ മറുപടി പറഞ്ഞു ‘ കണ്ടു മമ്മൂക്ക. മമ്മൂക്കയെ ബുദ്ധിമുട്ടിക്കണ്ട എന്ന് കരുതിയാണ് ശല്യപ്പെടുത്താതിരുന്നത്.’

ചിരിച്ച് കൊണ്ട് മമ്മൂട്ടി അവിടെ കൂടി നിന്ന എല്ലാവര്‍ക്കും സത്യനെ കുറിച്ച് പറഞ്ഞ് കൊടുത്തു…

സങ്കടത്തോടെ സത്യന്‍ മമ്മൂട്ടിയോട് പറഞ്ഞു ‘ഫുട്ബോള്‍ ഒന്നും ആര്‍ക്കും വേണ്ട മമ്മൂക്ക. ഞങ്ങളെപോലുള്ള കളിക്കാരെ തിരിച്ചറിയാന്‍ പോലും ആരും ഇല്ല’

സത്യനെ ചേര്‍ത്ത് നിര്‍ത്തിക്കൊണ്ട് മമ്മൂട്ടി പറഞ്ഞു..

‘തോറ്റവരാണ് എന്നും ചരിത്രമുണ്ടാക്കിയിട്ടുള്ളത്…ജയിച്ചവര്‍ ചരിത്രത്തിന്റെ ഭാഗമായിട്ട് മാറി നിന്നിട്ടേ ഉള്ളൂ….വരും…ഇന്ത്യന്‍ ഫുട്ബോളിനൊരു നല്ല കാലം വരും സത്യാ..’

മമ്മൂട്ടിയുടെ flight announce ചെയ്യുന്ന ശബ്ദം എയര്‍പോര്‍ട്ടില്‍ മുഴങ്ങി. സത്യനോട് യാത്ര പറഞ്ഞ് മമ്മൂട്ടി പോവാന്‍ ഒരുങ്ങി.അപ്പോള്‍ സത്യന്റെ ഭാര്യ അനിതക്കൊരു ആഗ്രഹം മമ്മൂട്ടിയുടെ ഒരു Autograph വേണമെന്ന്.. സന്തോഷത്തോടു കൂടി മമ്മൂട്ടി Autogrph ഒപ്പിട്ട് കൊടുത്തു…

ഇന്നും സത്യന്റെ ഭാര്യ ആ Autograph പൊന്നു പോലെ സൂക്ഷിക്കുന്നു കാരണം ആ Autograph ലെ വാചകം ആണ്…

‘ക്യാപ്റ്റന്റെ സ്വന്തം അനിതക്ക് മമ്മൂക്കയുടെ ആശംസകള്‍…’

സത്യന്‍ എന്ന പേരിനേക്കാളും സത്യന്‍ സ്നേഹിച്ചത് ക്യാപ്റ്റന്‍ എന്ന പേരിനെയായിരുന്നു.

സിനിമയിലായാലും സമൂഹത്തിലെ മറ്റേതു മേഖലയിലായാലും കഴിവുള്ളവരെ തിരിച്ചറിയുന്നതിലും അംഗീകരിക്കുന്നതിലും മമ്മൂട്ടിയോളം താല്‍പര്യമെടുക്കുന്ന മറ്റൊരു നടനുമില്ല!’

pathram desk 2:
Related Post
Leave a Comment