നാഗ്പുര്‍: മാധ്യമപ്രവര്‍ത്തകന്റെ അമ്മയും മകളും കഴുത്ത് മുറിച്ച് കൊല്ലപ്പെട്ട നിലയില്‍. മഹാരാഷ്ട്രയിലെ നാഗ്പുരിലെ നദിക്കരയിലാണു ദുരൂഹസാഹചര്യത്തില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ശനിയാഴ്ച വൈകിട്ട് പ്രാദേശിക പത്രലേഖകന്‍ രവികാന്ത് കംബ്ലയുടെ മാതാവ് ഉഷ കംബ്ല(52)യെയും ഒരുവയസ്സുകാരിയായ മകള്‍ രാഷിയെയും കാണാതായിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അതിനിടെ, 12 മണിക്കൂറിനുള്ളില്‍ നാഗ്പുര്‍ പൊലീസ് കേസ് ഒത്തുതീര്‍പ്പാക്കിയെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.
ഉഷയുടെയും രാഷിയുടെയും ശരീരത്തില്‍ സംശയകരമായ മുറിവുകളുണ്ടെന്നും ഞായറാഴ്ച രാവിലെ 10.30 ഓടെ ബഹാദുരയില്‍നിന്നാണ് മൃതദേഹം കണ്ടെത്തിയതെന്നും പൊലീസ് അറിയിച്ചു. ഉഷ പണം പലിശയ്ക്കു കൊടുക്കാറുണ്ടായിരുന്നുവെന്ന് ഡപ്യൂട്ടി പൊലീസ് കമ്മിഷണര്‍ നിലേഷ് ഭര്‍നെ പറഞ്ഞു. ശനിയാഴ്ച വൈകിട്ട് 5.30ന് ഉഷയും കൊച്ചുമകളും വീടിനു സമീപത്തെ ജ്വല്ലറിയില്‍ പോയിരുന്നു. സമയം പിന്നിട്ടിട്ടും ഇവരെ കാണാതിരുന്നതിനെ തുടര്‍ന്ന് ഉഷയുടെ ഭര്‍ത്താവ് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആയിരുന്നു. ജോലിക്കുശേഷം തിരിച്ചെത്തി രാത്രി പത്തുമണിയോടെയാണ് രവികാന്ത് ഇവരെ കാണാനില്ലെന്ന് പൊലീസില്‍ അറിയിച്ചതെന്നും ഭര്‍നെ കൂട്ടിച്ചേര്‍ത്തു.
അതേസമയം, പവന്‍പുത്ര സ്വദേശിയായ ഗണേഷ് ഷാഹു (26)നെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്തു. ചിട്ടിക്കാശുമായി ബന്ധപ്പെട്ട ഉഷയും ഷാഹുവും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നുവെന്നും ഇതേത്തുടര്‍ന്നാണു കൊലപാതകമെന്നും ജോയിന്റ് കമ്മിഷണര്‍ ശിവജി ബോട്‌കെ പറഞ്ഞു. പെട്ടെന്നുണ്ടായ ദേഷ്യത്തില്‍ ഉഷയെ പടവുകള്‍ക്കു മുകളില്‍നിന്നു തള്ളിയിട്ടതിനുശേഷം ഷാഹു കഴുത്തുമുറിക്കുകയായിരുന്നു. സംഭവം കണ്ട രാഷി കരഞ്ഞതിനെ തുടര്‍ന്നാണ് അവളെയും കൊലപ്പെടുത്തിയത്. പിന്നീട് ഇരുവരുടെയും മൃതദേഹങ്ങള്‍ ചാക്കില്‍ക്കെട്ടി നദിക്കരയില്‍ കൊണ്ടിട്ടതെന്നും ബോട്‌കെ പറഞ്ഞു.
Leave a Comment