കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകത്തില്‍ യഥാര്‍ഥ പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ നിരാഹാര സമരം നടത്തും. 48 മണിക്കൂര്‍ നീണ്ട നിരാഹാരസമരമാണ് നടത്തുകയെന്ന് സുധാകരന്‍ പറഞ്ഞു. പ്രതികളെ പിടികൂടിയില്ലെങ്കില്‍ അനിശ്ചിതകാല സമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പൊലീസ് ഇരുട്ടില്‍ തപ്പുകയാണെന്ന് സതീശന്‍ പാച്ചേനി ആരോപിച്ചു.
കണ്ണൂര്‍ എസ്പിയെ സിപിഐഎം കെട്ടിയിട്ടിരിക്കുകയാണെന്നും സുധാകരന്‍ പറഞ്ഞു. എം.വി ജയരാജന്‍ ഡിവൈഎസ്പിമാരെ നേരിട്ട് വിളിച്ച് നിയന്ത്രിക്കുന്നു. പരോളിലല്ലാതെ കൊടി സുനി രാത്രി ജയിലിന് പുറത്തേക്ക് പോകുന്നുണ്ടെന്നും സുധാകരന്‍ ആരോപിച്ചു.
ഷുഹൈബിനെ ജയിലില്‍ ആക്രമിക്കാന്‍ ജയില്‍ അധികൃതര്‍ ഒത്താശ ചെയ്‌തെന്ന് സുധാകരന്‍ നേരത്തെ ആരോപിച്ചിരുന്നു. സബ് ജയിലില്‍ നിന്നും ചട്ടംലംഘിച്ച് സ്പെഷ്യല്‍ സബ് ജയിലിലേക്ക് മാറ്റി. ആക്രമണത്തില്‍ നിന്ന് രക്ഷിക്കാനായത് ജയില്‍ ഡിജിപി ശ്രീലേഖയുടെ ഇടപെടല്‍ മൂലമാണ്. ഷുഹൈബിന് നേരെ ഭീഷണി ഉണ്ടെന്ന റിപ്പോര്‍ട്ട് പൊലീസും അവഗണിച്ചുവെന്ന് സുധാകരന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
അതേസമയം ഷുഹൈബ് വധത്തിന് മുമ്പ് 19 പ്രതികള്‍ക്ക് പരോള്‍ നല്‍കിയെന്ന ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. കൊടി സുനി ഉള്‍പ്പെടെ ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ 3 പ്രതികളും പരോള്‍ ലഭിച്ച് പുറത്തിറങ്ങിയവരുടെ കൂട്ടത്തിലുണ്ട്. പരോളിലിറങ്ങിയ പ്രതികളാണ് ഷുഹൈബിനെ കൊലപ്പെടുത്തിയത്. പരോള്‍ രേഖകള്‍ ചെന്നിത്തല പുറത്തുവിട്ടു.ഷുഹൈബിനെ കൊന്നത് ടി.പി.ചന്ദ്രശേഖരനെ കൊന്ന അതേ രീതിയിലാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്റെ മൗനം പ്രതികള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതാണെന്നും ചെന്നിത്തല ആരോപിച്ചു.
Leave a Comment