മലയാളി ബിഎസ്എഫ് കമന്‍ഡാന്റിനെകുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സിബിഐ

തിരുവനന്തപുരം: ലക്ഷക്കണക്കിനു രൂപയുമായി പിടിയിലായ മലയാളി ബിഎസ്എഫ് കമന്‍ഡാന്റ് ജിബു ടി. മാത്യു രാജ്യാന്തര കള്ളക്കടത്ത് സംഘത്തിന്റെ കണ്ണിയെന്ന് സിബിഐ. കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്ന രാജ്യാന്തര കള്ളക്കടത്തുകാരന്‍ ബിഷു ഷെയ്ഖിനെയും കേസില്‍ പ്രതിയാക്കണമെന്നും സിബിഐ ആവശ്യപ്പെട്ടു. കേസ് ഗൗരവമേറിയതെന്നു സിബിഐ കോടതി വിലയിരുത്തി.ബംഗ്ലദേശ് അതിര്‍ത്തിയില്‍ ജോലി ചെയ്യുന്ന ബിഎസ്എഫ് കമന്‍ഡാന്റായ ജിബു ടി. മാത്യുവിനെ ആലപ്പുഴയില്‍ വച്ചു ട്രെയിന്‍ യാത്രയ്ക്കിടെയാണ് 45 ലക്ഷം രൂപയുമായി സിബിഐ പിടികൂടിയത്. കണ്ടെത്തിയ പണം കള്ളക്കടത്തുകാര്‍ നല്‍കിയ കോഴയാണെന്നു ജിബു സമ്മതിച്ചതായി സിബിഐ കോടതിയെ അറിയിച്ചിരുന്നു. ഇന്നു ജിബുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണു കൂടുതല്‍ ഗൗരവമേറിയ വിവരങ്ങള്‍ സിബിഐ ആരോപിച്ചത്.ബംഗ്ലദേശും പാക്കിസ്ഥാനും തുടങ്ങിയ അതിര്‍ത്തി രാജ്യങ്ങളിലേക്കു പണം കടത്തുന്ന കള്ളക്കടത്തു സംഘത്തിന്റെ കണ്ണിയാണു ജിബു. എന്‍ഐഎ അടക്കമുള്ള കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ തിരയുന്ന ബിഷു ഷെയ്ഖാണു മുഖ്യകണ്ണി. ബിഷു ഷെയ്ഖുമായി ജിബു വര്‍ഷങ്ങളായി ബന്ധം പുലര്‍ത്തുന്നു. പിടിയിലായ പണം ഇയാള്‍ കൈമാറിയതാണെന്നും സൂചനയുണ്ട്. ഈ സാഹചര്യത്തിലാണു ബിഷു ഷെയ്ഖിനെയും പ്രതി ചേര്‍ക്കണമെന്ന് സിബിഐ ആവശ്യപ്പെട്ടത്.സിബിഐ കണ്ടെത്തലുകള്‍ മുഖവിലയ്‌ക്കെടുത്ത കോടതി കേസ് നിസ്സാരമായി കണാനാവില്ലെന്നും സമ്മര്‍ദങ്ങളില്ലാതെ അന്വേഷണം തുടരണമെന്നും നിര്‍ദേശിച്ചു. പത്തനംതിട്ട സ്വദേശിയാണു ജിബു ടി. മാത്യു. ബംഗാളില്‍നിന്നു ഷാലിമാര്‍ എക്‌സ്പ്രസില്‍ ആലപ്പുഴയില്‍ എത്തിയപ്പോഴാണു പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞു തുണികള്‍ക്കിടയില്‍ സൂക്ഷിച്ചിരുന്ന പണവുമായി പിടിയിലാകുന്നുത്. ജിബുവിനെ രണ്ടാഴ്ചത്തേക്കു സിബിഐയുടെ കസ്റ്റഡിയില്‍ വിട്ടിരുന്നു

pathram:
Related Post
Leave a Comment