കൊച്ചി: കൊച്ചി കപ്പല്‍ശാലയില്‍ അറ്റകുറ്റപ്പണിക്കു കൊണ്ടുവന്ന കപ്പലില്‍ പൊട്ടിത്തെറി. അപകടത്തില്‍ അഞ്ചു പേര്‍ മരിച്ചു. സാഗര്‍ഭൂഷണ്‍ എന്ന കപ്പലിലാണ് പൊട്ടിത്തെറിയുണ്ടായത്.
അറ്റകുറ്റപ്പണിക്കു കൊണ്ടുവന്ന ഒഎന്‍ജിസി കപ്പലിന്റെ വെള്ളടാങ്കാണ് പൊട്ടിത്തെറിച്ചത്. പൊള്ളലേറ്റാണ് തൊഴിലാളികള്‍ മരിച്ചത് എന്നാണ് വിവരം. പതിനൊന്നു പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. ഇവരെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്.
മരിച്ചവരില്‍ രണ്ടു പേര്‍ മലയാളികളാണ്. പത്തനംതിട്ട സ്വദേശി ഗവിന്‍, വൈപ്പിന്‍ സ്വദേശി റംഷാദ് എന്നിവരാണ് മരിച്ചത്. കപ്പല്‍ശാലയിലെ കരാര്‍ തൊഴിലാളികളാണ് ഇവര്‍. പൊട്ടിത്തെറിയെത്തുടര്‍ന്നുണ്ടായ തീ അണച്ചതായും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയതായും സിറ്റി പൊലീസ് കമ്മിഷണര്‍ എന്‍പി ദിനേശ് അറിയിച്ചു.
ഊര്‍ജിതമായ രക്ഷാ പ്രവര്‍ത്തനത്തിന് ഫയര്‍ഫോഴ്സ്, പൊലീസ് തുടങ്ങിയ വിഭാഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പരിക്കേറ്റവര്‍ക്ക് അടിയന്തിര ചികിത്സ നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Leave a Comment