ചെന്നൈ: ഗുണ്ടാനേതാവിന്റെ പിറന്നാളാഘോഷത്തിനിടെ 75 പിടികിട്ടാപ്പുള്ളികളെ പോലീസ് നാടകീയമായി അറസ്റ്റ് ചെയ്തു. ചെന്നൈ അമ്പത്തൂര്‍ മലയമ്പാക്കത്ത് മലയാളി ഗുണ്ടാനേതാവായ ബിനുവിന്റെ പിറന്നാള്‍ ആഘോഷത്തിനിടെയാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.
അന്‍പതു പേരടങ്ങിയ പോലീസ് സംഘം ആഘോഷസ്ഥലം വളഞ്ഞ് തോക്കുചൂണ്ടി പിടികിട്ടാപുള്ളികളെ പിടികൂടുകയായിരുന്നു. മുപ്പതിലേറെപ്പേരെ സ്ഥലത്തുവെച്ചും ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ബാക്കിയുള്ളവരെ തുടര്‍ന്നു നടത്തിയ തിരച്ചിലിലുമാണ് പിടികൂടിയത്. എന്നാല്‍, ബിനു അടക്കം പ്രധാന ഗുണ്ടകളില്‍ പലരും ഓടിരക്ഷപ്പെട്ടു.
ചൊവ്വാഴ്ച വൈകീട്ട് പള്ളിക്കരണയില്‍ നടത്തിയ വാഹനപരിശോധനയ്ക്കിടെ മദന്‍ എന്ന ഗുണ്ട അറസ്റ്റിലായതോടെയാണ് പിറന്നാളാഘോഷത്തെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചത്. ബിനുവിന്റെ പിറന്നാളാഘോഷത്തിനുവേണ്ടി നഗരത്തിലെ എല്ലാ ഗുണ്ടകളും ഒത്തുകൂടുന്നുണ്ടെന്നും പങ്കെടുക്കാന്‍ പോകുകയാണെന്നും ഇയാള്‍ പോലീസിന് മൊഴിനല്‍കി. തുടര്‍ന്ന് ഗുണ്ടാവേട്ട നടത്താന്‍ ചെന്നൈ സിറ്റി പോലീസ് കമ്മിഷണര്‍ എ.കെ. വിശ്വനാഥന്‍ ഡെപ്യൂട്ടി കമ്മിഷണര്‍ എസ്. സര്‍വേശ് രാജിന്റെ നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിക്കുകയായിരുന്നു.
തിരുവനന്തപുരത്ത് കുടുംബവേരുകളുള്ള ബിനു ചെന്നൈ ചൂളൈമേടിലാണ് താമസം. എട്ട് കൊലപാതകക്കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. മാങ്ങാട്, കുന്‍ഡ്രത്തൂര്‍, പൂനമല്ലി, നസ്രത്ത്പേട്ട്, പോരൂര്‍ തുടങ്ങിയ സ്റ്റേഷനുകളില്‍നിന്നുള്ള പോലീസുകാര്‍ അടങ്ങുന്ന സംഘമാണ് പിറന്നാളാഘോഷം നടക്കുന്ന സ്ഥലം വളഞ്ഞത്. സ്വകാര്യ കാറുകളിലാണ് പോലീസ് സംഘം സ്ഥലത്തെത്തിയത്. ആളൊഴിഞ്ഞ പ്രദേശത്തുള്ള വര്‍ക്ഷോപ്പിന് സമീപമായിരുന്നു ആഘോഷം. കാറുകള്‍, ഇരുചക്രവാഹനങ്ങള്‍ എന്നിവയിലും മറ്റുമായി 150-ല്‍പ്പരംപേര്‍ പങ്കെടുക്കാനെത്തിയിരുന്നു.
വടിവാള്‍ ഉപയോഗിച്ച് കേക്ക് മുറിച്ച് ബിനു ആഘോഷത്തിന് തുടക്കംകുറിച്ചു. ആഘോഷത്തിനിടെ തോക്കുമായി പോലീസ് ചാടിവീണതോടെ ഗുണ്ടകള്‍ ചിതറിയോടുകയായിരുന്നു. പലരെയും തോക്കുചൂണ്ടി പിടികൂടി. നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് സമീപപ്രദേശങ്ങളില്‍ ഒളിച്ചിരുന്നവര്‍ പിടിയിലായത്. ചൊവ്വാഴ്ച രാത്രി ഒന്‍പതിനു തുടങ്ങിയ പോലീസ് നടപടി ബുധനാഴ്ച രാവിലെ അഞ്ചുവരെ തുടര്‍ന്നു. എട്ടു കാറുകള്‍, 38 ബൈക്കുകള്‍, 88 മൊബൈല്‍ ഫോണുകള്‍, വടിവാളുകള്‍, കത്തികള്‍ തുടങ്ങിയവയും പിടിച്ചെടുത്തു.
പിടിയിലായവര്‍ വിവിധ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. ഇവരെ അതത് പോലീസ് സ്റ്റേഷനുകളില്‍ ഹാജരാക്കി അറസ്റ്റ് രേഖപ്പെടുത്തി. ബിനു അടക്കം രക്ഷപ്പെട്ട ഗുണ്ടകള്‍ക്കായി തിരച്ചില്‍ ശക്തമാക്കിയെന്ന് പോലീസ് അറിയിച്ചു.
Leave a Comment