വിരാട് അഴിഞ്ഞാടി, ദക്ഷിണാഫ്രിക്കയ്ക്ക് 304 റണ്‍സ് വിജയലക്ഷ്യം

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 303 റണ്‍സ് നേടി. 160 റണ്‍സ് നേടിയ വിരാട് കോഹ്ലിയുടെ ഇന്നിംഗ്‌സാണ് ഇന്ത്യയെ മുന്നോട്ടു നയിച്ചത്. 119 പന്തില്‍നിന്നു സെഞ്ചുറി തികച്ച കോഹ്ലി 159 പന്തില്‍നിന്ന് 12 ബൗണ്ടറികളും രണ്ടു സിക്‌സറുകളുമടക്കം 160 റണ്‍സുമായി പുറത്താകാതെനിന്നു.

കോഹ്ലിക്കു പുറമേ ഓപ്പണര്‍ ശിഖര്‍ ധവാനും ദക്ഷിണാഫ്രിക്കന്‍ ബൗളിംഗിനെ പ്രതിരോധിക്കാനായി. ധവാന്‍ 63 പന്തില്‍ 76 റണ്‍സ് നേടി. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് ധവാന്‍ അര്‍ധസെഞ്ചുറി നേടുന്നത്. ധവാന്‍- കോഹ്ലി കൂട്ടുകെട്ട് രണ്ടാം വിക്കറ്റില്‍ 140 റണ്‍സ് അടിച്ചുകൂട്ടി. ദക്ഷിണാഫ്രിക്കയ്ക്കായി പാര്‍ട്ടൈം സ്പിന്നര്‍ ജെ.പി.ഡുമിനി രണ്ടു വിക്കറ്റ് നേടി.

രോഹിത് ശര്‍മ(0), രഹാനെ(11), ഹാര്‍ദിക്(14), ധോണി(10), കേദാര്‍ യാദവ്(1) എന്നിങ്ങനെയായിരുന്നു മറ്റു ബാറ്റ്‌സ്മാന്‍മാരുടെ സംഭാവന. പിരിയാത്ത ഏഴാം വിക്കറ്റില്‍ ഭുവനേശ്വര്‍ കുമാറി(16) നൊപ്പം കോഹ്ലി 67 റണ്‍സ് അടിച്ചുകൂട്ടി ഇന്ത്യയെ 300 കടത്തി.

കരിയറിലെ 34-ാം ഏകദിന സെഞ്ചുറിയാണ് കോഹ്ലി കേപ്ടൗണില്‍ കുറിച്ചത്. 49 സെഞ്ചുറികള്‍ നേടിയ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ റിക്കാര്‍ഡ് കോഹ്ലിക്കു മുന്നില്‍ ശേഷിക്കുന്നു. പരന്പരയിലെ ആദ്യ മത്സരത്തില്‍ സെഞ്ചുറി നേടി ഇന്ത്യയെ വിജയത്തിലേക്കു നയിച്ച കോഹ്ലി, രണ്ടാം മത്സരത്തില്‍ പുറത്താകാതെനിന്നിരുന്നു.

pathram desk 2:
Related Post
Leave a Comment