പൂക്കാനൊരുങ്ങി ‘പൂമരം’ കാത്തിരിപ്പിന് വിരാമമിട്ട് ഒടുവില്‍ തീയേറ്ററുകളിലേക്ക്!!! പൂമരത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

കാത്തിരിപ്പിനൊടുവില്‍ ഏബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന കാളിദാസ് ജയറാമിന്റെ മലയാളത്തിലേക്കുള്ള അരങ്ങേറ്റ ചിത്രം പൂമരത്തിന്റെ റിലീസ് തിയ്യതി പ്രഖ്യപിച്ചു. മാര്‍ച്ച് 9 ാം തിയ്യതി ആഗോള റിലീസ് ഉണ്ടാകുമെന്നാണ് വിവരം. കഴിഞ്ഞ ദിവസം മഞ്ചേരി എന്‍എസ്എസ് കോളജില്‍ നടന്ന കാലിക്കറ്റ് സര്‍വകലാശാല സീസോണ്‍ കലോത്സവ വേദിയില്‍ സംസാരിക്കുമ്പോള്‍ തന്റെ കാത്തിരിപ്പിന് വിരാമമാകുകയാണെന്ന് കാളിദാസ് പ്രഖ്യാപിച്ചിരുന്നു. കലോത്സവത്തില്‍ മുഖ്യാതിഥി ആയിട്ടായിരുന്നു കാളിദാസ് പങ്കെടുത്തത്.

കഴിഞ്ഞ ദിവസം പൂമരം റിലീസ് സംബന്ധിച്ച ട്രോളുകള്‍ക്ക് മറുപടി നല്‍കവെ ചിത്രം ഉടന്‍ എത്തുമെന്ന സൂചന കാളിദാസ് നല്‍കിയിരുന്നു. അതിന് പിന്നാലെയാണ് ചിത്രത്തിന്റെ സംഗീതവുമായി ബന്ധപ്പെട്ട ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഗോപീ സുന്ദറിനൊപ്പം കാളിദാസും ഏബ്രിഡ് ഷൈനും നില്‍ക്കുന്ന ചിത്രം പുറത്തുവന്നത്. ചിത്രത്തിന്റെ അവസാന മിനുക്കു പണികള്‍ നടക്കുന്നുവെന്ന സൂചനയായിരുന്നു ഇവയെല്ലാം. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കിയത്.

ആക്ഷന്‍ ഹീറോ ബിജുവിന് ശേഷം ഏബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ക്യാംപസ് ചിത്രത്തെക്കുറിച്ച് വലിയ പ്രതീക്ഷകളാണുള്ളത്. പൂമരത്തിലെ പുറത്തിറങ്ങിയ എല്ലാ പാട്ടുകളും വന്‍ വിജയമായിരുന്നു. പൂമരം കൊണ്ട് കപ്പലുണ്ടാക്കിയെന്ന പാട്ടാണ് സിനിമയ്ക്ക് ഇത്രയേറെ പ്രചാരം നേടി കൊടുത്തതും.

പ്രണവ് മോഹന്‍ലാലിന്റെ പിന്നാലെ മറ്റൊരു താരപുത്രന്റെ അരങ്ങേറ്റത്തിന് കൂടി വഴിയൊരുങ്ങുമ്പോള്‍ മലയാള സിനിമാ പ്രേമികള്‍ ആവേശത്തിന്റെ കൊടുമുടിയിലാണ്.

pathram desk 1:
Related Post
Leave a Comment