തായ്‌വാനില്‍ ശക്തമായ ഭൂചലനം; രണ്ട് പേര്‍ മരിച്ചു, ഇരുന്നൂറിലധികം പേര്‍ക്ക് പരിക്ക്, പതിനേഴ് നില കെട്ടിടം നിലംപൊത്തി!!

തായ്വാന്‍: തായ്വാനിലുണ്ടായ അതിശക്തമായ ഭൂചലനത്തില്‍ രണ്ട് പേര്‍ മരിച്ചു. ഇരുന്നൂറിലധികം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. മരിച്ചവരില്‍ നവജാതശിശുവും ഉള്‍പ്പെട്ടിട്ടുണ്ട്.

തായ്വാനിലെ പ്രമുഖ നഗരമായ തായ്നനില്‍ റിക്റ്റര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂമികുലുക്കത്തില്‍ 17 നില കെട്ടിടമായ വെയ് കുവാന്‍ അപ്പാര്‍ട്ട്മെന്റ് കോംപ്ലക്സ് നിലംപൊത്തി. 256 പേര്‍ ഇവിടെ താമസമുണ്ടായിരുന്നു. 30പേര്‍ ഇതിന്റെ അവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിയതായാണു കരുതപ്പെടുന്നത്.

കഴിഞ്ഞ കുറേ ദിവസങ്ങളായി പ്രദേശത്ത് നടന്നു കൊണ്ടിരിക്കുന്ന ഭൂകമ്പത്തിന്റെ തുടര്‍ച്ചയായാണ് ചൊവ്വാഴ്ചയും ഭൂചലനമുണ്ടായതെന്ന് അമേരിക്കന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ച തായ്വാന്റെ കിഴക്കന്‍ തീരത്ത് ഏതാണ്ട് അഞ്ചോളം ചലനങ്ങള്‍ ഉണ്ടായിരുന്നു.

അതേസമയം രക്ഷാ പ്രവര്‍ത്തനത്തിനു വേണ്ട എല്ലാ സഹായവും പ്രസിഡന്റ് മായിംഗ് ജിയോ വാഗ്ദാനം ചെയ്തിട്ടുണ്ട്. വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്കായി തായ്നനില്‍ അഭയകേന്ദ്രങ്ങള്‍ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.

800 സൈനികരും 16 ഹെലികോപ്റ്ററുകളും രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. 200 പേരെ ഇതിനോടകം രക്ഷപ്പെടുത്തിയെന്നാണു റിപ്പോര്‍ട്ട്.

ചുറ്റിക കൊണ്ടു വാതില്‍ തകര്‍ത്തും മറ്റുമാണ് പലരും നിലംപൊത്തിയ കെട്ടിടങ്ങളില്‍നിന്നു പുറത്തിറങ്ങിയത്. നാശനഷ്ടങ്ങള്‍ വ്യാപകമല്ലെങ്കിലും നിരവധി കെട്ടിടങ്ങള്‍ ഏതു നിമിഷവും നിലംപൊത്തുമെന്ന ഭീതിയിലാണ് നഗരം.

pathram desk 1:
Related Post
Leave a Comment