ഇങ്ങനെയാണോ താങ്കളുടെ മിനിസ്ട്രി ചലച്ചിത്രോന്നമനം നടത്തുന്നത്? എ.കെ ബാലനെതിരെ സനല്‍ കുമാര്‍ ശശിധരന്‍ രംഗത്ത്

കൊച്ചി: സനല്‍ കുമാര്‍ ശശിധരന്റെ പുതിയ ചിത്രം ഉന്മാദിയുടെ മരണവും എന്ന ചിത്രവുമായി ബന്ധപ്പെട്ട് കെഎസ്എഫ്ഡിസിയുടെ നിലപാടിനെതിരെ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. സാംസ്‌കാരിക മന്ത്രി എകെ ബാലന് തുറന്ന കത്തെഴുതിയാണ് സനല്‍കുമാര്‍ ശശിധരന്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.

സനല്‍ കുമാര്‍ ശശിധരന്റെ കത്തിന്റെ പൂര്‍ണ്ണരൂപം

ബഹുമാന്യനായ സിനിമാ സാംസ്കാരിക വകുപ്പു മന്ത്രി അറിയാന്‍ എഴുതുന്നത്.
ഞാന്‍ ഒരു എളിയ സിനിമാ പ്രവര്‍ത്തകനാണ്‌. സിനിമാ സംഘടനകളിലോ രാഷ്ട്രീയ പാര്‍ട്ടികളിലോ അംഗത്വമില്ല. ശരിയെന്നു തോന്നുന്നതിന്‌ കയ്യടിക്കുകയും തെറ്റെന്ന് തോന്നുന്നതിനെ വിമര്‍ശിക്കുകയും ചെയ്യുന്ന ഒരു സാധാരണ പൌരന്‍. കോടികള്‍ മുടക്കി താരങ്ങളെ നിരത്തിയുള്ള സിനിമകളല്ല ഞാന്‍ ചെയ്യുന്നത്. പത്തും പതിനഞ്ചും ഏറിയാല്‍ ഇരുപതും ലക്ഷം രൂപയാണ്‌ എന്‍റെ സിനിമകളുടെ ബജറ്റ്. പക്ഷെ രണ്ടുതവണ കേരള സംസ്ഥാന ചലചിത്ര അവാര്‍ഡ് നേടിയിട്ടുണ്ട്. എന്‍റെ അവസാന ചിത്രം റോട്ടര്‍ഡാം അന്താരാഷ്ട്ര ചലചിത്രോല്‍സവത്തില്‍ ഏറ്റവും മികച്ച ചിത്രത്തിനുള്ള ടൈഗര്‍ അവാര്‍ഡ് കരസ്ഥമാക്കിയ സാഹചര്യത്തില്‍ അങ്ങ് സ്വന്തം ഫെയ്സ്ബുക്ക് പേജില്‍ എഴുതിയ കുറിപ്പിന്‍റെ സ്ക്രീന്‍ ഷോട്ടാണ്‌ ചുവടെയുള്ളത്.

എന്‍റെ ഇതുവരെയുള്ള എല്ലാ ചിത്രങ്ങളും എന്നപോലെ നിര്‍മാണത്തിലിരിക്കുന്ന പുതിയ ചിത്രം “ഉന്മാദിയുടെ മരണവും” KSFDC യുടെ സബ്സിഡി പദ്ധതിയായ ചിന്ത്രാഞ്ജലി പാക്കേജില്‍ ഉള്‍പ്പെടുത്തിയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. അതിനായി രണ്ടുലക്ഷം രൂപ അഡ്വാന്‍സ് അടയ്ക്കുകയും കരാര്‍ ഒപ്പിടുകയും ചെയ്തിട്ടുണ്ട്. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ഏതാണ്ട് അവസാനിക്കുന്ന സമയത്ത് ചിത്രാഞ്ജലിയിലെ കളര്‍ കറക്ഷന്‍ സ്റ്റുഡിയോയില്‍ നിന്നും എന്‍റെ സിനിമയ്ക്ക് അനാവശ്യമായ വെല്ലുവിളികള്‍ നേരിടാന്‍ തുടങ്ങി. സിനിമയുടെ ഒറിജിനല്‍ ഷോട്ടുകള്‍ മുഴുവന്‍ ഡിപിഎക്സ് എന്ന ഫോര്‍മാറ്റിലേക്ക് മാറ്റിക്കൊടുത്താല്‍ മാത്രമേ കളര്‍ കറക്ഷന്‍ ചെയ്യാന്‍ സാധ്യമാകൂ എന്ന് സ്റ്റുഡിയോയിലെ ബന്ധപ്പെട്ടവര്‍ പറഞ്ഞു. തെറ്റായ കീഴ്വഴക്കവും വര്‍ക്ക് ഫ്ലോയുമാണത്. ഇത് ഞാന്‍ എതിര്‍ത്തതോടെ എന്‍റെ സിനിമയ്ക്കെതിരെ ശത്രുതാപരമായ നടപടികള്‍ ഉണ്ടാവുകയാണ്‌. കെ.എസ്.എഫ്.ഡി.സി ചെയര്‍മാന്‍ ശ്രീ ലെനിന്‍ രാജേന്ദ്രന്‍ സാറിനെ ഞാന്‍ സമീപിക്കുകയും കാര്യങ്ങള്‍ ബോധ്യമാക്കുകയും ചെയ്തു. അദ്ദേഹം ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയില്‍ കളര്‍ കറക്ഷന്‍ നടത്തിതരാമെന്ന് സമ്മതിക്കുകയും പ്രശ്നങ്ങള്‍ അവിടെ അവസാനിച്ചു എന്നു കരുതുകയും ചെയ്തതാണ്‌.

പക്ഷെ കെ.എസ്.എഫ്.ഡി.സി എംഡി എനിക്കയച്ച കത്ത് ദുരുദ്ദേശപരമായിരുന്നു. ഒരു ഇഞ്ച് വലിപ്പമുള്ള സെന്സര്‍ ഉള്ള ക്യാമറയിലല്ല ഷൂട്ട് ചെയ്തത് എന്ന കാരണം കൊണ്ട് എന്‍റെ സിനിമ സബ്സിഡിക്ക് അര്‍ഹമല്ലെന്നും ചിത്രാഞ്ചലിയില്‍ കളര്‍കറക്ട് ചെയ്യുകയാണെങ്കില്‍ സിനിമക്ക് എന്ത് കുഴപ്പമുണ്ടായാലും ഞാന്‍ ഉത്തരവാദിത്തം ഏറ്റുകൊള്ളാമെന്ന്ന് മുദ്രപ്ത്രത്തില്‍ എഴുതി ഒപ്പിട്ടുകൊടുക്കണമെന്നുമായിരുന്നു. തുടര്‍ന്നും ഞാന്‍ ശ്രീ ലെനിന്‍ രാജേന്ദ്രന്‍ സാറിനെ കാണുകയും അദ്ദേഹം എംഡിയേയും സ്യുഡിയോ മാനേജരെയും കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയും ചെയ്തതിന്‍റെ അടിസ്ഥാനത്തില്‍ വര്‍ക്ക് തടസമില്ലാതെ ചെയ്യാമെന്ന് സമ്മതിക്കുകയും ചെയ്തു. എന്നാല്‍ ഞാന്‍ കളര്‍ കറക്ഷനായി ഫയലുകള്‍ സബ്മിറ്റ് ചെയ്യുമ്പോള്‍ രണ്ടുകോടിക്ക് മേല്‍ വിലകൊടുത്ത് ചിത്രാഞ്ചലിയില്‍ വാങ്ങിവെച്ചിട്ടുള്ള ബെയ്സ്‍ലൈറ്റ് എന്ന കളറിങ്ങ് മെഷീനില്‍ തെറ്റായി ഷോട്ടുകള്‍ അലൈന്‍ ചെയ്ത് വരുന്നതായിട്ടാണ്‌ കണ്ടത്. എന്തുകാരണം കൊണ്ടാണ്‌ അങ്ങനെ തെറ്റായി അലൈന്‍ ചെയ്യപ്പെടുന്നതെന്ന് എനിക്കിപ്പോഴും അറിയില്ല. ആയത് പരിശോധിക്കാന്‍ ഞാന്‍ പുറത്തൊരു സ്റ്റുഡിയോയില്‍ അത്രയൊന്നും വിലയില്ലാത്ത ഡാവിഞ്ചി റിസോള്‍വ് എന്ന കളറിങ്ങ് സോഫ്റ്റ്‍വെയറില്‍ ഷോട്ടുകള്‍ അലൈന്‍ ചെയ്ത് നോക്കി. യാതൊരു പ്രശ്നവുമില്ലാതെ ഷോട്ടുകള്‍ അലൈന്‍ ചെയ്യുന്നത് കാണുകയും ചിത്രത്തിന്‍റെ കളര്‍ കറക്ഷന്‍ ചിത്രാഞ്ചലി സ്റ്റുഡിയോക്ക് പുറത്ത് നടത്താന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് സ്റ്റുഡിയോ മാനേജര്‍ക്ക് കത്തു നല്‍കുകയും ചെയ്യുകയുണ്ടായി.എന്നാല്‍ എനിക്ക് ലഭിച്ച മറുപടി വിചിത്രമാണ്‌. എന്‍റെ സിനിമ ഷൂട്ട് ചെയ്തിരിക്കുന്നത് 1 ഇഞ്ച് വലുപ്പമുള്ള സെന്‍സറുള്ള ക്യാമറയിലല്ല എന്നും എനിക്ക് സബ്സിഡി നല്‍കാന്‍ ശുപാര്‍ശചെയ്യാന്‍ സാധ്യമല്ലെന്നും. ഇതുവരെ ചെലവായ തുക എത്രയും വേഗം അടച്ചുതീര്‍ക്കണം എന്നുമാണ്‌ ആവശ്യം. എന്‍റെ സിനിമ ഭൂരിഭാഗവും ഷൂട്ട് ചെയ്തിരിക്കുന്നത് സോണിയുടെ A7S2 എന്ന ക്യാമറയിലാണ്‌, കുറേയേറെ ആപ്പിള്‍ ഐഫോണിലും ചിലഭാഗങ്ങള്‍ മറ്റു ചിലഫോമാറ്റുകളിലും ഉണ്ട്. ടെലിവിഷന്‍ ഫൂട്ടേജസ് ഉപയോഗിച്ചിട്ടുണ്ട്. എന്ത് മാനദണ്ഡത്തിലാണ്‌ എന്‍റെ സിനിമയ്ക്ക് സബ്സിഡി നല്‍കാന്‍ സാധിക്കില്ല എന്ന് പറയുന്നതെന്ന് അറിയില്ല.

ഏറ്റവും നിരാശയുണ്ടാക്കിയ സംഭവം ഇതേ സംബന്ധിച്ച പരാതിയുമായി ഞാന്‍ താങ്കളെ കാണാന്‍ താങ്കളുടെ വസതിയില്‍ എത്തിയപ്പോള്‍ ഉണ്ടായതാണ്‌. എന്നെ ഒന്ന് കാണാനോ പരാതി കേള്‍ക്കാനോ താങ്കള്‍ കൂട്ടാക്കിയില്ല എന്നത് ഒരു പരിഭവമോ നിരാശയോ മാത്രമല്ല ചുവടെയുള്ള കുറിപ്പ് എഴുതിയ വ്യക്തിയുടെ ആത്മാര്‍ത്ഥതയിലുള്ള സംശയം കൂടി എന്നിലുണ്ടാക്കി. ഇങ്ങനെയാണോ താങ്കളുടെ മിനിസ്ട്രി ചലച്ചിത്രോന്നമനം നടത്തുന്നത്? എനിക്കറിയില്ല! എന്തുതന്നെ ആയിക്കോട്ടെ. അങ്ങയുടെ കീഴിലുള്ള കെഎസെഫ് ഡിസി എന്‍റെ സിനിമയ്ക്ക് സബ്സിഡി നല്‍കാന്‍ കഴിയില്ല എന്ന നിലയില്‍ എടുത്ത തീരുമാനം നിയമപരമായി നിലനില്‍ക്കുന്നതല്ല എന്ന് ബോധിപ്പിച്ചുകൊള്ളട്ടെ. എനിക്ക് കോടതിയില്‍ പോവുകയോ ഈ തീരുമാനത്തിനെതിരെയും കേസ് കൊടുക്കുകയോ ഒക്കെ ചെയ്യാം. മുഴുവന്‍ സമയ സിനിമാപ്രവര്‍ത്തകനാവുന്നതിനായി അഭിഭാഷകജോലി ഉപേക്ഷിച്ച ആളാണ്‌ ഞാന്‍. ഇപ്പോള്‍ ഞാനെടുക്കുന്ന സിനിമകള്‍ക്ക് വേണ്ടി കോടതികളില്‍ നിന്നും കോടതികള്‍ തോറും അനാവശ്യമായി വ്യവസ്ഥകള്‍ വലിച്ചിഴക്കുകയാണ്‌. എന്‍റെ സിനിമയ്ക്ക് എതിരെയുള്ള കേന്ദ്രഗവണ്മെന്‍റിന്‍റെ “ഫാസിസ്റ്റ്” നടപടികള്‍ക്കെതിരെ പൊതുവേദികളില്‍ വാചാലമാകുന്ന അങ്ങയുടെ കീഴിലുള്ള മന്ത്രാലയം എന്‍റെ സിനിമയോട് ചെയ്യുന്ന നിയമപരമായും ധാര്‍മികമായുമുള്ള അനീതിയെ എന്ത് പേരിട്ട് വിളിക്കണമെന്ന് എനിക്കറിയില്ല. ഇത് അനീതിയാണ്‌. ഒരു വ്യക്തിക്ക് നേരെയുള്ളതല്ല. സമൂഹത്തിന്‍റെ പ്രതീക്ഷകള്‍ക്ക് നേരെയുള്ള അനീതി. തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

നിരാശയോടെ
സനല്‍ കുമാര്‍ ശശിധരന്‍
ചലച്ചിത്രപ്രവര്‍ത്തകന്‍

pathram desk 2:
Related Post
Leave a Comment