ജയ്പൂര്‍: സഞ്ജയ് ലീല ബന്‍സാലി ചിത്രം പദ്മാവതിന് പിന്നാലെ കങ്കണ റണാവത്ത് റാണി ലക്ഷ്മിഭായിയായെത്തുന്ന ‘മണികര്‍ണ്ണിക’യ്ക്ക് നേരെയും പ്രതിഷേധം ശക്തമാകുന്നു. റാണി ലക്ഷ്മിഭായിയെ മോശമായി ചിത്രീകരിക്കുന്നുവെന്നാരോപിച്ച് രാജസ്ഥാനില്‍ സര്‍വ്വ ബ്രാഹ്മിണ്‍ മഹാസഭ ചിത്രത്തിന്റെ ഷൂട്ടിംഗ് തടസ്സപ്പെടുത്തി. ചിത്രത്തില്‍ റാണിയെ മോശമായി ചിത്രീകരിക്കുന്ന രംഗങ്ങള്‍ ഇല്ല എന്ന് അണിയറ പ്രവര്‍ത്തകര്‍ ബോധ്യപ്പെടുത്തിയാല്‍ ഷൂട്ടിംഗ് തുടരാന്‍ അനുവദിക്കുമെന്നും പ്രതിഷേധക്കാര്‍ കൂട്ടിച്ചേര്‍ത്തു.
മണികര്‍ണ്ണികയുടെ ചിത്രീകരണം തടയണമെന്നാവശ്യപ്പെട്ട് സര്‍വ്വ ബ്രാഹ്മിണ്‍ സഭ അധ്യക്ഷന്‍ സുരേഷ് മിശ്ര രാജസ്ഥാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായാണ് വിവരം. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ബ്രിട്ടീഷ് ഏജന്റും ലക്ഷ്മിഭായിയും ഒരുമിച്ചുള്ള പ്രണയഗാനം ചിത്രത്തില്‍ ഉണ്ടെന്ന് ബ്രാഹ്മിണസഭ ആരോപിക്കുന്നു.
ജയ്ശ്രീ മിശ്രയുടെ വിവാദമായ പുസ്തകം ‘റാണി’യെ അടിസ്ഥാനമാക്കിയാണ് ചിത്രം നിര്‍മ്മിക്കുന്നതെന്നാണ് ഞങ്ങള്‍ക്ക് ലഭിച്ച വിവരം. ജനുവരി ഒമ്പതിന് നിര്‍മ്മാതാവ് കമല്‍ ജയ്നിനോട് എഴുത്തുകാരന്റെ വിവരങ്ങള്‍ ആരാഞ്ഞ് കത്ത് നല്‍കിയിരുന്നു. എന്നാല്‍ അതിന് മറുപടി ഉണ്ടായില്ല. പത്മാവത് പോലെ മറ്റൊരു വിവാദത്തിലേക്ക് നീങ്ങുന്നതിന് മുന്‍പ് മണികര്‍ണ്ണികയില്‍ അത്തരത്തില്‍ ഒരു വിവാദവും ഇല്ലെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തേണ്ടതാണ്. സുരേഷ് മിശ്ര വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
1857 ല്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയും റാണി ലക്ഷ്മിഭായിയും തമ്മിലുള്ള യുദ്ധവും മറ്റ് സംഭവങ്ങളും അടിസ്ഥാനമാക്കി ക്രിഷ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മണികര്‍ണ്ണിക. ബാഹുബലിയുടെ തിരക്കഥാകൃത്ത് കെവി വിജയേന്ദ്ര പ്രസാദാണ് ചിത്രത്തിനായി തിരക്കഥയൊരുക്കുന്നത്. അതേസമയം പ്രതിഷേധങ്ങള്‍ക്കിടയിലും പത്മാവത് 200 കോടി ക്ലബ്ബില്‍ ഇടംനേടി. ജനുവരി 25 തിയേറ്ററിലെത്തിയ ചിത്രം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. പത്മാവതിനെതിരെയുള്ള പ്രതിഷേധത്തിന് തുടക്കമിട്ടതും രാജസ്ഥാനില്‍ നിന്ന് തന്നെയായിരുന്നു. അന്ന് രജപുത് കര്‍ണ്ണിസേനയ്ക്ക് പൂര്‍ണ്ണ പിന്തുണ അറിയിച്ചവരാണ് സര്‍വ്വ ബ്രാഹ്മിണ്‍ മഹാസഭ.
Leave a Comment