തിരുവനന്തപുരം : ആരോഗ്യമന്ത്രിക്കും സ്പീക്കര്‍ക്കും പിന്നാലെ പൊതുഖജനാവ് ധൂര്‍ത്തടിച്ച് ധനമന്ത്രി തോമസ് ഐസക്കും. കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയിലെ ഉഴിച്ചില്‍, പിഴിച്ചില്‍ തുടങ്ങിയവയ്ക്കായി ധനമന്ത്രി ഡോ. ടി.എം.തോമസ് ഐസക് 1.20 ലക്ഷം രൂപ ചെലവഴിച്ചതിന്റെ കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്.
ഇതില്‍ 80,000 രൂപയും താമസച്ചെലവായാണു കാണിച്ചിരിക്കുന്നത്. 14 ദിവസത്തെ ആയുര്‍വേദ ചികില്‍സയ്ക്കിടെ 14 തോര്‍ത്തുകള്‍ വാങ്ങിയതിന്റെ തുകയും ഐസക് എഴുതിയെടുത്തിട്ടുണ്ട്. നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനും ആരോഗ്യമന്ത്രി കെ.കെ.ശൈലജയും സര്‍ക്കാര്‍ ചെലവില്‍ വില കൂടിയ കണ്ണട വാങ്ങിയതു വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് തോമസ് ഐസക്കും പുലിവാല്‍ പിടിച്ചിരിക്കുന്നത്.
നേരത്തെ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ കണ്ണട വാങ്ങിയ ഇനത്തില്‍ പൊതു ഖജനാവില്‍ നിന്നു 49,900 രൂപ കൈപ്പറ്റിയതിന്റെ കണക്കുകള്‍ പുരത്തുവന്നിരുന്നു. സ്പീക്കര്‍ എന്ന നിലയില്‍ 4.25 ലക്ഷം രൂപ ചികില്‍സാച്ചെലവായും ശ്രീരാമകൃഷ്ണന്‍ എഴുതിയെടുത്തു. ആരോഗ്യമന്ത്രി കെ.കെ.ശൈലജ 28,000 രൂപ വില വരുന്ന കണ്ണടയാണു വാങ്ങിയത്.
അതേസമയം കണ്ണട വാങ്ങിയത് ഡോക്ടറുടെ നിര്‍ദേശമനുസരിച്ചാണെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞിരുന്നു. തനിക്ക് ഷോര്‍ട്ട് സൈറ്റും ലോംഗ് സൈറ്റുമുണ്ട്. നടക്കാനും വായിക്കാനും ബുദ്ധിമുട്ടുണ്ടായിരുന്നു. ഡോക്ടര്‍ നിര്‍ദേശിച്ച കണ്ണട വാങ്ങിയതല്ലാതെ അതില്‍ അസാധാരാണമായി ഒന്നുമില്ല. എന്തുകൊണ്ടാണ് വിവാദം ഉയര്‍ന്നു വരുന്നതെന്ന് അറിയില്ലെന്നും സ്പീക്കര്‍ പറഞ്ഞു. പത്താം വയസ്സില്‍ പൊതുപ്രവര്‍കത്തനരംഗത്തെത്തിയ ആളാണ് താന്‍. ലാളിത്യത്തെ തിരസ്‌കരിക്കുന്ന ജീവിതശൈലി ഒരുകാലത്തും സ്വീകരിച്ചിട്ടില്ല. തന്നെ അറിയാവുന്നവര്‍ക്ക് ഇത് വ്യക്തമായി അറിയാമെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.
Leave a Comment