11 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ബിരുദ സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല, സര്‍വകലാശാല ആസ്ഥാനത്തിന് പെട്രോളൊഴിച്ച് തീ കൊളുത്തി

വഡോദര: പഠനം പൂര്‍ത്തിയാക്കി 11 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ബിരുദ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതില്‍ രോഷാകുലനായ യുവാവ് സര്‍വകലാശാല ആസ്ഥാനത്തിന് പെട്രോളൊഴിച്ച് തീ കൊളുത്തി. അവസാന വര്‍ഷ ഫലമറിയുന്നതിനും ബിരുദ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുമായുള്ള കാത്തിരുപ്പ് നീണ്ടതിനെത്തുടര്‍ന്ന് ക്ഷമനശിച്ച ചന്ദ്രമോഹനെന്ന മുന്‍ വിദ്യാര്‍ഥിയാണ് സര്‍വകലാശാല ഓഫീസിന് തീയിട്ടത്. തെലങ്കാനയിലെ വാറങ്കല്‍ സ്വദേശിയായ ചന്ദ്രമോഹന്‍ എംഎസ് സര്‍വകലാശാലയില്‍ 2007 കാലഘട്ടത്തില്‍ ഫൈന്‍ ആര്‍ട്സ് വിദ്യാര്‍ഥിയായിരുന്നു.

വിദ്യാഭ്യാസ കാലഘട്ടത്തില്‍ ചന്ദ്രമോഹന്റെ ഒരു ചിത്ര പ്രദര്‍ശനം വിവാദത്തിനിടയാക്കിയിരുന്നു. ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങള്‍ ആഭാസകരമായി ചിത്രീകരിച്ചെന്ന ആരോപണത്തെത്തുടര്‍ന്ന് വിശ്വ ഹിന്ദു പരിഷത്തിന്റെ പ്രതിഷേധവും ചന്ദ്രമോഹനെതിരെയുണ്ടായി. കലാകാരന്മാരുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ച് ചര്‍ച്ചകള്‍ സംഘടിപ്പിക്കാന്‍ വരെ ഈ ചിത്രപ്രദര്‍ശനം കാരണമായിരുന്നു. സര്‍ട്ടിഫിക്കറ്റിനു കാലതാമസം നേരിട്ടതിന്റെ കാരണം അറിയാന്‍ സര്‍വകലാശാല വൈസ് ചാന്‍സലറിനെ കാണാനെത്തിയതായിരുന്നു ഇയാള്‍. യൂണിവേഴ്സിറ്റി അധികൃതര്‍ക്ക് ഒട്ടേറെ കത്തുകളെഴുതിയെങ്കിലും യാതൊരു പ്രതികരണവുമില്ലായിരുന്നുവെന്നും മോഹന്‍ ആരോപിക്കുന്നു.

വിസിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായി നടന്ന തര്‍ക്കത്തിനെത്തുടര്‍ന്ന് ഇയാള്‍ ഒരു കുപ്പി പെട്രോളുമായി വന്ന് ഓഫീസ് കെട്ടിടത്തിലെ സോഫയിലേക്ക് ഒഴിച്ച് തീകൊളുത്തുകയായിരുന്നു. സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗമായ ജിഗാര്‍ ഇനാമ്ദാറിന് തീപ്പിടിത്തത്തില്‍ ചെറിയ പരിക്കേറ്റതായും പൊലീസ് പറയുന്നു.

മോഹനെ അറസ്റ്റു ചെയ്തതായും കോടതിയില്‍ ഉടന്‍ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു. വളരെ സങ്കടകരമായ സംഭവമാണ് നടന്നതെന്ന് വിസി പ്രതികരിച്ചു. താന്‍ ഗാന്ധിനഗറില്‍ ആയിരുന്നു. ചന്ദ്രമോഹന്‍ ഒരു ദിവസം കൂടി കാത്തിരുന്നാല്‍ മതിയായിരുന്നുവെന്നും സര്‍വകലാശാല വിസി പ്രതികരിച്ചു.

pathram desk 2:
Leave a Comment