കാവിപ്പാര്‍ട്ടിയുടെ മരണമണി മുഴങ്ങി തുടങ്ങി; ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് മമത ബാനര്‍ജി

കൊല്‍ക്കത്ത: ഉപതെരഞ്ഞെടുപ്പുകളിലെ മികച്ച വിജയത്തിനു പിന്നാലെ ബിജെപിക്കെതിരേ ആക്രമണം ശക്തമാക്കി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്ത്. കാവിപ്പാര്‍ട്ടിക്ക് മരണമണി മുഴങ്ങിത്തുടങ്ങിയെന്ന് മമത ബാനര്‍ജി തുറന്നടിച്ചു.

2019 പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനുശേഷം കാവിപ്പാര്‍ട്ടിയുടെ പൊടിപോലും ദൂരദര്‍ശിനിയില്‍പോലും കാണാന്‍ കഴിയില്ല. അടുത്തിടെ നടന്ന തെരഞ്ഞെടുപ്പുകളില്‍ ഭരണകക്ഷിയായ ബിജെപി നേരിട്ട തിരിച്ചടികളില്‍ ഭയന്നിട്ടാണ് ബജറ്റ് തയാറാക്കിയിട്ടുള്ളത്. ബിജെപിക്കുള്ള മരണമണി മുഴങ്ങിക്കഴിഞ്ഞു- മമത പറഞ്ഞു.

ബിജെപിയുടേത് ജനവിരുദ്ധ സര്‍ക്കാരാണെന്നും ഈ പാര്‍ട്ടിക്കു മികച്ച ഭരണത്തിനു സാധിക്കില്ലെന്നും മമത കൂട്ടിച്ചേര്‍ത്തു. രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്കു കനത്ത തിരിച്ചടിയാണു നേരിട്ടത്.

മൂന്നു ലോക്‌സഭാ മണ്ഡലങ്ങളിലും രണ്ടു നിയമസഭാ സീറ്റുകളിലും ബിജെപി സ്ഥാനാര്‍ഥികള്‍ തോറ്റു. രാജസ്ഥാനില്‍ കോണ്‍ഗ്രസ് മൂന്നു സീറ്റിലും വിജയിച്ചപ്പോള്‍ ബംഗാള്‍ മമതയുടെ തൃണമൂല്‍ തൂത്തുവാരി.

pathram desk 1:
Related Post
Leave a Comment