പെട്ടെന്ന് പൊട്ടിമുളച്ച എകെജി സ്‌നേഹത്തിന്റെ പിന്നിലെ യഥാര്‍ത്ഥ കാരണം ഇന്നാട്ടിലെ എല്ലാവര്‍ക്കും അറിയാം, 10 കോടി മുടക്കി എകെജി സ്മാരകം നിര്‍മിക്കാന്‍ തീരുമനിച്ച സംസ്ഥാന സര്‍ക്കറിനെ വിമര്‍ശിച്ച് വി.ടി.ബല്‍റാം

തൃത്താല: സര്‍ക്കാര്‍ ബജറ്റില്‍ എകെജി സ്മാരകം നിര്‍മിക്കാന്‍ പണം അനുവദിച്ചതിന് സിപിഐഎമ്മിനെ ആക്രമിച്ച് വി.ടി.ബല്‍റാം എംഎല്‍എ. എ.കെ ആന്റണി സര്‍ക്കാര്‍ എകെജി സ്മാരകത്തിനായി മുന്‍പ് അനുവദിച്ച സ്ഥലത്ത് പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയുടെ ഓഫീസ് നിര്‍മ്മിക്കുകയാണ് ചെയ്തതെന്ന് ബല്‍റാം പറഞ്ഞു. കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ എകെജിയുടെ പേരില്‍ ഒരു ലൈബ്രറിയോ മറ്റോ പ്രവര്‍ത്തിക്കുന്നതൊഴിച്ചാല്‍ ഗുണകരമായ രീതിയിലുള്ളതോ ആയ പഠന ഗവേഷണ പ്രവര്‍ത്തനങ്ങളൊന്നും നടക്കുന്നില്ലെന്നും എംഎല്‍എ ആരോപിച്ചു. ഫെയ്സ്ബുക്കിലൂടെയായിരുന്നു ബല്‍റാമിന്റെ ആക്രമണം.

ബല്‍റാംമിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

അന്തരിച്ച കമ്മ്യൂണിസ്റ്റ് നേതാവ് എ.കെ. ഗോപാലന് കണ്ണൂരില്‍ സ്മാരകം നിര്‍മ്മിക്കുന്നതിനായി ഇന്നത്തെ ബജറ്റില്‍ 10 കോടി രൂപ പൊതുഖജനാവില്‍ നിന്ന് അനുവദിച്ചിരിക്കുന്നു. പുന്നപ്ര വയലാറില്‍ സ്മാരകത്തിനായി 10 കോടി വേറെയുമുണ്ട്. ഭരിക്കുന്ന സര്‍ക്കാരിന് അതിനെല്ലാം അധികാരമുണ്ടായിരിക്കാം, എന്നാല്‍ അങ്ങേയറ്റം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഇക്കാലത്ത് ഇതിന്റെയെല്ലാം ഉദ്ദേശ്യശുദ്ധി ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ട്.

എ. കെ. ഗോപാലനുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ മുന്‍കൈയില്‍ സ്മാരകം നിര്‍മ്മിക്കപ്പെടുന്നത് ഇതാദ്യമായല്ല. അദ്ദേഹത്തിന്റെ മരണത്തിന്റ തൊട്ടുപിന്നാലെ സിപിഎം നേതാക്കള്‍ ഈയാവശ്യത്തിനായി അന്നത്തെ എ. കെ. ആന്റണി സര്‍ക്കാരിനെ സമീപിച്ചിരുന്നു. ഇതംഗീകരിച്ചുകൊണ്ട് എകെജിയുമായി ബന്ധപ്പെട്ട പഠന, ഗവേഷണാവശ്യങ്ങള്‍ക്കായിട്ടാണ് 1977ല്‍ സര്‍ക്കാര്‍ ഉത്തരവ് GO(MS)/1172/77 RD dtd. 20-08-1977 ആയി വഞ്ചിയൂര്‍ വില്ലേജിലെ സര്‍വ്വേ നമ്പര്‍ 2645ലുള്‍പ്പെട്ട 34.4 സെന്റ് കേരള യൂണിവേഴ്‌സിറ്റി വക സ്ഥലം തിരുവനന്തപുരത്തെ എകെജി സ്മാരക കമ്മിറ്റിയുടെ സെക്രട്ടറിക്ക് സര്‍ക്കാര്‍ അനുവദിക്കുന്നത്. സൗജന്യമായി സ്ഥലം അനുവദിക്കുന്നതിന്റെ പിന്നിലെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ സര്‍ക്കാര്‍ ഉത്തരവില്‍ കൃത്യമായി പറയുന്നുണ്ട്. സിപിഎം നേതാക്കളുടെ പൂര്‍ണ്ണ നിയന്ത്രണത്തിലായിരുന്നു ഈ സ്മാരക കമ്മിറ്റി.

എന്നാല്‍ ആ സ്ഥലത്ത് സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റിക്ക് ഓഫീസ് ഉണ്ടാക്കുകയാണ് പാര്‍ട്ടി നേതൃത്ത്വം ചെയ്തത്. കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ എകെജിയുടെ പേരില്‍ ഒരു ലൈബ്രറിയോ മറ്റോ പ്രവര്‍ത്തിക്കുന്നതൊഴിച്ചാല്‍ അദ്ദേഹത്തിന്റെ സ്മരണ നിലനിര്‍ത്താനുള്ളതോ സമൂഹത്തിന് ഗുണകരമായ രീതിയിലുള്ളതോ ആയ പഠന ഗവേഷണ പ്രവര്‍ത്തനങ്ങളൊന്നും അവിടെ കാര്യമായി നടന്നുവരുന്നതായി ആര്‍ക്കും അറിവില്ല. പിന്നീട് ഇവര്‍ വീണ്ടും കേരള യൂണിവേഴ്‌സിറ്റിയുടെ സ്ഥലം കയ്യേറിയെന്നും അനധികൃത നിര്‍മ്മാണങ്ങള്‍ നടത്തിയെന്നുമൊക്കെ പല അവസരങ്ങളില്‍ വിവാദങ്ങളുയര്‍ന്നതാണ്. ഇന്ന് ഇടതുപക്ഷ സഹയാത്രികനായ ചെറിയാന്‍ ഫിലിപ്പ് ഒക്കെ ഈയാരോപണങ്ങള്‍ ശക്തമായി ഉന്നയിച്ചിരുന്നു. നേരത്തെ സര്‍വ്വകലാശാലയുടെ കോമ്പൗണ്ടിന്റെ ഭാഗമായിത്തന്നെയുള്ള ഒരു പഠന ഗവേഷണ കേന്ദ്രമായി നിലനിന്നിരുന്ന സ്ഥാപനം പാര്‍ട്ടി ഓഫീസായി മാറിയതോടെ മതില്‍കെട്ടി തിരിക്കുകയായിരുന്നു. ഏതായാലും ഇന്ന് കേരളത്തില്‍ സര്‍ക്കാര്‍ സൗജന്യമായി അനുവദിച്ച ഭൂമിയില്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഓഫീസ് നിലനില്‍ക്കുന്നത് സിപിഎമ്മിന്റേത് മാത്രമാണ്.

എകെജിയുമായി ബന്ധപ്പെട്ട എത്ര ഗവേഷണ പ്രബന്ധങ്ങള്‍ ഈ നാല്‍പ്പത് വര്‍ഷത്തിനിടക്ക് ഈ പഠന-ഗവേഷണ കേന്ദ്രത്തില്‍നിന്ന് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്, ഇക്കാലയളവില്‍ എത്രപേര്‍ ഈ ‘ഗവേഷണ സ്ഥാപനം’ ഉപയോഗപ്പെടുത്തി പിഎച്ച്ഡി നേടിയിട്ടുണ്ട്, സിപിഎമ്മിന്റെ പാര്‍ട്ടി പരിപാടികളല്ലാതെ എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ എത്ര ദേശീയ, അന്തര്‍ദേശീയ സെമിനാറുകള്‍ വര്‍ഷം തോറും അവിടെ നടത്തിവരാറുണ്ട് എന്നതിനൊക്കെ അതിന്റെ നടത്തിപ്പുകാര്‍ പൊതുജനങ്ങളോട് കണക്ക് ബോധിപ്പിക്കേണ്ടതുണ്ട്.

പതിറ്റാണ്ടുകള്‍ക്ക് ശേഷം പെട്ടെന്ന് പൊട്ടിമുളച്ച എകെജി സ്‌നേഹത്തിന്റെ പിന്നിലെ യഥാര്‍ത്ഥ കാരണം ഇന്നാട്ടിലെ എല്ലാവര്‍ക്കും അറിയാം. എന്നിരുന്നാലും സിപിഎമ്മിന്റെ രാഷ്ട്രീയ ദുരഭിമാനത്തിന്റെ പേരില്‍ പൊതുഖജനാവിലെ പണം ധൂര്‍ത്തടിക്കുന്നത് ഉചിതമാണോ എന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്കും സര്‍ക്കാരും പുനര്‍വിചിന്തനം നടത്തണം. ഇഎംഎസ് ഭവനപദ്ധതി പോലെ എകെജിയുടെ പേരില്‍ ഈ നാട്ടിലെ പാവപ്പെട്ടവര്‍ക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്ന എന്തെങ്കിലും പുതിയ പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നെങ്കില്‍ അതെത്ര നന്നായേനെ! എന്നാല്‍ അതിനുപകരം രാഷ്ട്രീയലക്ഷ്യം വെച്ച് പട്ടേലിനും ശിവാജിക്കുമൊക്കെ സ്മാരകങ്ങളുണ്ടാക്കുന്ന മോഡി മോഡല്‍ തന്നെയാണ് ഐസക്കിനും സ്വീകാര്യമാവുന്നത് എന്നത് നിരാശാജനകം ആണ്.

എകെജിയോടും അദ്ദേഹത്തിന്റെ സ്മരണകളോടുമുള്ള താത്പര്യം ആത്മാര്‍ത്ഥമാണെങ്കില്‍ സര്‍ക്കാര്‍ ചെയ്യേണ്ടത് തിരുവനന്തപുരത്ത് സര്‍ക്കാര്‍ സൗജന്യമായി അനുവദിച്ച ഭൂമിയിലെ കെട്ടിടത്തില്‍ നിന്ന് സിപിഎം പാര്‍ട്ടി ഓഫീസ് പൂര്‍ണ്ണമായി ഒഴിപ്പിച്ച് അത് പൊതുജനങ്ങള്‍ക്ക് പ്രാപ്യമായ തരത്തില്‍ ഒരു സ്വതന്ത്ര മ്യൂസിയമായും ഗവേഷണകേന്ദ്രമായും മാറ്റുക എന്നതാണ്. അല്ലാത്തപക്ഷം കണ്ണൂരില്‍ വീണ്ടുമൊരു പാര്‍ട്ടി ഓഫീസ് നിര്‍മ്മിക്കാനായി സര്‍ക്കാര്‍ ഖജനാവിലെ പത്ത് കോടി രൂപ ധൂര്‍ത്തടിക്കുന്ന അധികാര ദുര്‍വിനിയോഗമായി കാലം അതിനെ വിലയിരുത്തുമെന്ന് തീര്‍ച്ച.

pathram desk 2:
Related Post
Leave a Comment