തിരുവനന്തപുരം: കുടുംബശ്രീ പദ്ധതി 20-ാം വര്‍ഷത്തിലേയ്ക്ക് കടക്കുന്നതിന്റെ ഭാഗമായി 20 ഇന പദ്ധതിയുമായി സംസ്ഥാന ബജറ്റ്. കുടുംബശ്രീയ്ക്ക് 200 കോടി രൂപ വകയിരുത്തിയ ധനമന്ത്രി ത്രിതലസംവിധാനം ശക്തിപ്പെടുത്തുന്നതിനായി ഊര്‍ജിതനടപടികള്‍ സ്വീകരിക്കുന്നതായും 2018-19 അയല്‍ക്കൂട്ട വര്‍ഷമായി പ്രഖ്യാപിക്കുന്നതായും അറിയിച്ചു. ഇതിന്റെ ഭാഗമായി മൈക്രോ ഫിനാന്‍സ് സമ്മിറ്റും സംഘടിപ്പിക്കും.
എല്ലാ ജില്ലകളിലും കുടുംബശ്രീ പരിശീലനകേന്ദ്രങ്ങളും സ്ഥാപിക്കും. കാസര്‍കോട് ജില്ലയിലെ കേന്ദ്രത്തിനായി സ്ഥലം ലഭ്യമായിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.14 മാതൃക സ്ത്രീ സൗഹൃദ ഗ്രാമങ്ങള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു. ആയിരം ഇറച്ചിക്കോഴി യൂണിറ്റുകള്‍, അഞ്ഞൂറു ചകിരി മില്ലുകള്‍, സൂക്ഷ്മ സംരംഭ പാര്‍ക്കുകള്‍ തുടങ്ങിയവ സ്ഥാപിക്കാന്‍ പദ്ധതിയുണ്ട്. ഇതോടൊപ്പം സ്റ്റാര്‍ട്ട് അപ്പ് വില്ലേജ് എന്റര്‍പ്രണര്‍ഷിപ്പ് പദ്ധതി, വിപണനത്തിനായി ഓണ്‍ലൈന്‍ പോര്‍ട്ടല്‍, നാനോ മാര്‍ക്കറ്റ്, സൂക്ഷ്മ തൊഴില്‍ സംരംഭങ്ങള്‍ക്ക് ടെക്‌നോളജി ഹബ് എന്നിവയും സ്ഥാപിക്കും. കെഎസ്എഫ്ഇയുമായി ചേര്‍ന്ന് കുടുംബശ്രീ ചിട്ടി തുടങ്ങാനും പദ്ധതിയുണ്ട്.
ജില്ലകള്‍ തോറും വനിതാ ലീഗല്‍ ക്ലിനിക്കുകള്‍ സ്ഥാപിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്. ആലപ്പുഴ മാതൃകയിലുള്ള പട്ടികവര്‍ഗ സൂക്ഷ്മപദ്ധതി മറ്റു ജില്ലകളിലേയ്ക്കും വ്യാപിപ്പിക്കും. ഇരുനൂറ് പുതിയ ബഡ്‌സ് സ്‌കൂളുകള്‍ സ്ഥാപിക്കാനും ആയിരം ജെറിയാട്രിക് കെയര്‍ എക്‌സിക്യൂട്ടീവുകളെ നിയമിക്കാനും പദ്ധതിയുണ്ട്.
കിണര്‍ റീചാര്‍ജിങിനുള്ള സുജലം പദ്ധതി എല്ലാ ജില്ലകളിലേയ്ക്കും വ്യാപിപ്പിക്കും. പ്രത്യാശ എന്ന പേരില്‍ അരക്ഷിത സമൂഹങ്ങള്‍ക്കുള്ള പ്രത്യേക ഉപജീവനപദ്ധതിയും രൂപീകരിക്കും.റിക്കവറി നേരിടുന്ന സംരംഭങ്ങള്‍ക്ക് കടാശ്വാസവും പുതിയ ബജറ്റിലുണ്ട്.
Leave a Comment