അഭിനയം മാത്രമല്ല എഴുത്തും വഴങ്ങും… ആ ഗാനം പ്രണവ് പതിനേഴാം വയസില്‍ എഴുതിയത്!!

സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാലിന്റെ ആദ്യചിത്രം ‘ആദി’ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. അഭിനയ രംഗത്തേക്കുള്ള പ്രണവിന്റെ ചുവടുവെയ്പ്പിനു വലിയ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളും ഗാന രംഗങ്ങളും അവയിലെ പ്രണവിന്റെ പ്രകടനവുമാണ് ഏറ്റവും കൈയ്യടി നേടിയത്. പ്രണവിന്റെ അഭിനയ മികവിനെ അഭിനന്ദിച്ച് നിരവധി പേരാണ് ഇതിനോടകം രംഗത്ത് വന്നതും. എന്നാല്‍ അഭിനയം മാത്രമല്ല എഴുത്തിലും പിന്നോട്ടല്ല പ്രണവെന്ന് തെളിയിച്ചിരിക്കുകയാണ് ഇപ്പോള്‍. പ്രണവ് തന്നെ എഴുതി, ഗിത്താര്‍ മീട്ടി പാടിയ ‘ജിപ്സി വുമണ്‍’ എന്ന ഗാനം കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു. സംഗീതത്തില്‍ അതീവ തല്‍പരനായ പ്രണവ് പതിനേഴാം വയസ്സില്‍ എഴുതിയ ഗാനമാണ് ‘ആദി’യില്‍ ഉപയോഗിക്കപ്പെട്ടത്. പ്രണവിന്റെ കസിനും വൈഡ് ആംഗിള്‍ ക്രിയേഷന്‍സിന്റെ ലൈന്‍ പ്രൊഡ്യൂസറുമായ സിതാര സുരേഷ് പങ്കുവച്ചതാണ് ഈ വിവരം.

പ്രണവിന്റെ അമ്മ സുചിത്രയുടെ സഹോദരന്‍ സുരേഷ് ബാലാജിയുടെ മകളാണ് സിതാര. ദൃശ്യത്തിന്റെ തമിഴ് പതിപ്പായ ‘പാപനാശം’, തൂങ്കാവനം തുടങ്ങിയ ചിത്രങ്ങളുടെ ലൈന്‍ പ്രൊഡ്യൂസറായിരുന്നു സിതാര.

ഈ ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് അനില്‍ ജോണ്‍സണ്‍ ആണ്. ഗാനത്തില്‍ നിറഞ്ഞുനില്‍ക്കുന്ന ഗിത്താര്‍ വായിച്ചത് പ്രണവും സന്ദീപ് മോഹനനും ചേര്‍ന്നാണ്. സിനിമയില്‍ ഒരു ഇംഗ്ലീഷ് ഗാനം എഴുതാനും പാടാനും താല്‍പര്യമുണ്ടെന്ന് പ്രണവ് തന്നെയാണ് സംവിധായകന്‍ ജിത്തു ജോസഫിനോട് പറഞ്ഞത്. പ്രണവിന്റെ ആഗ്രഹത്തിന് ജിത്തു സമ്മതം മൂളുകയായിരുന്നു.

ആദി എന്ന കഥാപാത്രത്തെയാണ് പ്രണവ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പ്രണവിന്റെ അച്ഛന്‍ വേഷത്തില്‍ സിദ്ദിഖും അമ്മയായി ലെനയും അഭിനയിക്കുന്നു. പുലിമുരുകനിലൂടെ മോഹന്‍ലാലിന്റെ വില്ലനായെത്തിയ ജഗപതി ബാബുവാണ് ആദിയിലെ വില്ലന്‍. അനുശ്രീ, അദിതി എന്നിവരും സിനിമയിലുണ്ട്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

pathram desk 1:
Leave a Comment