സാവോ പോളോ: ബ്രസീലിലെ ഫോര്‍ട്ടലേസയില്‍ തിരക്കേറിയ നൃത്തക്ലബ്ബില്‍ അര്‍ധരാത്രി ഉണ്ടായ വെടിവെപ്പില്‍ 14 പേര്‍ കൊല്ലപ്പെട്ടു. ആറുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ പന്ത്രണ്ടു വയസ്സുകാരനും ഉള്‍പ്പെടുന്നു. ചിലരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. ലഹരിവില്‍പന സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് വെടിവെപ്പിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. ആയുധധാരികളായ ഒരു സംഘം മൂന്നു വാഹനങ്ങളിലായി എത്തുകയായിരുന്നു. ക്ലബിലേക്ക് തള്ളിക്കയറിയ ഇവര്‍ ചുറ്റിലും വെടിയുതിര്‍ത്തു.
അതിക്രൂരമായ ആക്രമണമാണ് നടന്നിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. സമീപകാലത്തൊന്നും ഇത്രയും ക്രൂരമായ ആക്രമണം ഫോര്‍ട്ടലേസയില്‍ ഉണ്ടായിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ലഹരി വില്‍പന സംഘങ്ങള്‍ തമ്മിലുള്ള സംഘട്ടനമാണെന്നാണു കരുതുന്നതെങ്കിലും കൊല്ലപ്പെട്ടവരെല്ലാം സാധാരണക്കാരാണ്.
സംഭവത്തെപ്പറ്റി അന്വേഷണം നടക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു. ജനുവരി ഏഴിന് ഫോര്‍ട്ടലേസയില്‍ നടന്ന ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘട്ടനത്തില്‍ നാലു പേര്‍ കൊല്ലപ്പെട്ടിരുന്നു.
Leave a Comment