കനത്ത സരുക്ഷാ ക്രമീകരണങ്ങളോടെ രാജ്യം ഇന്ന് റിപ്പബ്‌ളിക് ദിനം ആഘോഷിക്കുന്നു; അതിഥികളായി 10 രാഷ്ട്രത്തലവന്‍മാര്‍

ന്യൂഡല്‍ഹി: കനത്ത സരുക്ഷാ ക്രമീകരണങ്ങളോടെ രാജ്യം ഇന്ന് 69–ാം റിപ്പബ്‌ളിക് ദിനം ആഘോഷിക്കുന്നു. രാജ്പഥില്‍ ഇന്നു നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ അതിഥികളായെത്തിയത് പത്തു രാഷ്ട്രത്തലവന്മാരാണ്. രാവിലെ ഒന്‍പതു മണിക്ക് രാഷ്ട്രപതി റാംനാഥ് കോവിന്ദ് ദേശീയ പതാക ഉയര്‍ത്തും. ഇന്ത്യാഗേറ്റിലെ അമര്‍ ജ്യോതിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പുഷ്പചക്രം അര്‍പ്പിക്കും. അശോകചക്ര അടക്കമുള്ള സേനാ പുരസ്‌കാരങ്ങള്‍ രാഷ്ട്രപതി സമ്മാനിക്കും. തുടര്‍ന്ന് രാജ്പഥിലൂടെ കര–നാവിക–വ്യോമ സേനകളുടെ പരേഡ് ഉണ്ടാകും.
അതേസമയം, ഇതാദ്യമായാണ് റിപ്പബ്ലിക് ദിന പരേഡിന് ഇന്ത്യ ഇത്രയേറെ രാഷ്ട്രത്തലവന്മാരെ ക്ഷണിക്കുന്നത്. ബ്രൂണെയ്, കംബോഡിയ, സിംഗപ്പുര്‍, ലാവോസ്, ഇന്തൊനീഷ്യ, മലേഷ്യ, മ്യാന്‍മാര്‍, ഫിലിപ്പീന്‍സ്, തായ്‌ലന്‍ഡ്, വിയറ്റ്‌നാം എന്നീ രാഷ്ട്രങ്ങളുടെ തലവന്മാരാണ് ഇത്തവണ ഡല്‍ഹിയിലെത്തിയിരിക്കുന്നത്. ആസിയാന്‍ ഉച്ചകോടിക്കു ശേഷമാണ് രാഷ്ട്രത്തലവന്മാര്‍ റിപ്പബ്ലിക് ദിനാഘോഷത്തിനും അതിഥികളായെത്തുന്നത്.
ഗതാഗതം സുഗമമാക്കുന്നതിന് 1500 പേരെയാണ് ട്രാഫിക് പൊലീസ് നിയോഗിച്ചിരിക്കുന്നത്. പരേഡ് വീഥിയല്ലാതെ മറ്റു ചിലയിടങ്ങളിലും ഇത്തവണ പ്രത്യേക സുരക്ഷ ഒരുക്കുന്നുണ്ട്. അവിടങ്ങളില്‍ ഡിസിപി റാങ്കിലുള്ള ഉദ്യോഗസ്ഥനായിരിക്കും സുരക്ഷാമേല്‍നോട്ടം. ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലേക്ക് വരാനോ തിരികെ പോകാനോ രാവിലെ 10.35 മുതല്‍ 12.15 വരെ ഫ്‌ലൈറ്റുകള്‍ക്ക് അനുമതിയുണ്ടായിരിക്കില്ലെന്നും സുരക്ഷാവിഭാഗം അറിയിച്ചിട്ടുണ്ട്.
പാക്കിസ്ഥാന്‍ പിന്തുണയോടെ ഭീകരര്‍ നുഴഞ്ഞു കയറുമെന്ന ഇന്റലിജന്റ്‌സ് വിവരത്തെത്തുടര്‍ന്ന് അതിര്‍ത്തിയില്‍ കനത്ത സുരക്ഷയാണ്. കശ്മീരില്‍ അനിഷ്ട സംഭവങ്ങള്‍ക്കെതിരെയുള്ള മുന്‍കരുതലിന്റെ ഭാഗമായി ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കു വിലക്കേര്‍പ്പെടുത്തി. ഡല്‍ഹിയില്‍ പതിനായിരക്കണക്കിനു സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. രാജ്പഥ് മുതല്‍ ചെങ്കോട്ട വരെയുള്ള എട്ടു കിലോമീറ്റര്‍ പരേഡ് വീഥിയിലുടനീളം ഷാര്‍പ് ഷൂട്ടര്‍മാര്‍ ഉള്‍പ്പെടെയാണ് സുരക്ഷയൊരുക്കിയിരിക്കുന്നത്. സിസിടിവി ക്യാമറകളിലൂടെ മുഴുവന്‍ സമയ നിരീക്ഷണവും ഉറപ്പാക്കും.
ആകാശത്ത് അസ്വാഭാവികമായി എന്തെങ്കിലും കണ്ടാല്‍ തടയാന്‍ ഡ്രോണിന്റെ സഹായവും തേടും. വ്യോമസേനയും പരേഡ് സമയത്ത് നിരീക്ഷണവുമായുണ്ടാകും. കേന്ദ്ര സേനയില്‍ നിന്നും ഡല്‍ഹി പൊലീസില്‍ നിന്നുമായി 60,000 പേരെയാണ് സെന്‍ട്രല്‍ ഡല്‍ഹിയിലേക്കു മാത്രമായി വിന്യസിച്ചിരിക്കുന്നത്. തിരക്കേറിയ ചന്തകളിലും റെയില്‍വേ സ്‌റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും ഉള്‍പ്പെടെ സുരക്ഷ ശക്തമാക്കി.

pathram:
Related Post
Leave a Comment