ആ സിനിമയുടെ കഥാപാത്രങ്ങളെ സൃഷ്ടിച്ചതും, തിരക്കഥയും സംഭാഷണവും എഴുതിയതും താനാണ്:പ്രണവ് മോഹന്‍ലാലിന്റെ ആദ്യ ചിത്രത്തിനെതിരെ രാജേഷ് എന്ന യുവാവ് രംഗത്ത്

പ്രണവ് മോഹന്‍ലാല്‍ ആദ്യമായി അഭിനയിച്ച ചിത്രത്തിന്റെ തിരക്കഥ തന്റേതാണെന്ന അവകാശവാദവുമായി രാജേഷ് ആര്‍. നാഥ് രംഗത്ത്. പ്രണവ് ആദ്യമായി അഭിനയിച്ചത് പുനര്‍ജനി എന്ന ചിത്രത്തിലായിരുന്നു. മേജര്‍ രവി സംവിധാനം ചെയ്ത ഈ ചിത്രത്തിലെ അഭിനയത്തിന് പ്രണവിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്‌ക്കാരം ലഭിച്ചിരുന്നു. മേജര്‍ രവിയുടെയും പ്രണവിന്റെയും ആദ്യ ചിത്രമായിരുന്നു ഇത്.

2002ല്‍ പുറത്തിറങ്ങിയ ചിത്രമാണ് പുനര്‍ജനി. ഇതിന്റെ തിരക്കഥ പൂര്‍ണമായും എഴുതിയത് താനാണ്. എന്നാല്‍ സിനിമയുടെ ഷൂട്ടിംഗ് നടന്നത് പോലും താന്‍ അറിഞ്ഞില്ല. സിനിമ പുറത്തിറങ്ങിയപ്പോള്‍ രാജേഷ് അമനകരയുടെ പേരിലാണ് തിരക്കഥ വന്നത്. ഇതിന്റെ പേരില്‍ പിന്നീട് അവകാശവാദം ഒന്നും ഉന്നയിച്ചില്ല. ഇപ്പോള്‍ പ്രണവിന്റെ സിനിമയ്ക്ക് ഇത്ര ഹൈപ്പ് കിട്ടുമ്പോള്‍ ഇത് പറയണമെന്ന് തോന്നി തുടങ്ങിയ കാര്യങ്ങളാണെന്ന് രാജേഷ് ആര്‍. നാഥ് പറയുന്നു. ഫ്ളവേഴ്സ് ടിവിയിലെ പ്രോഗ്രാം പ്രൊഡ്യൂസറാണ് രാജേഷ്.

രാജേഷ് അമനകര തന്ന വണ്‍ലൈന്‍ ബേസ് ചെയ്താണ് തിരക്കഥ ഒരുക്കിയത്. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം രാജേഷ് അമനകരയെ കണ്ടപ്പോള്‍ അയാള്‍ പറഞ്ഞത് പേര് ചേര്‍ക്കാന്‍ വിട്ടുപോയെന്നാണ്. ആ സിനിമയുടെ കഥാപാത്രങ്ങളെ സൃഷ്ടിച്ചതും സംഭാഷണങ്ങള്‍ എഴുതിയതുമൊക്കെ താനാണ്. ആ സിനിമയ്ക്ക് അംഗീകാരങ്ങള്‍ കിട്ടിയപ്പോഴും അണിയറയിലുള്ളവര്‍ക്ക് പേരും പ്രശസ്തിയും കിട്ടിയപ്പോഴും തന്റെ മനസ്സ് വിങ്ങുകയായിരുന്നു. പ്രണവിനെക്കൊണ്ട് അപ്പു എന്ന കഥാപാത്രം ചെയ്യിക്കാമെന്ന് നിര്‍ദ്ദേശിച്ചതും താന്‍ തന്നെ ആയിരുന്നുവെന്നും രാജേഷ് ആര്‍ നാഥ് പറയുന്നു.

pathram desk 2:
Leave a Comment