യുഎസില്‍ മൂന്നു ദിവസം നീണ്ടു നിന്ന സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമായി

വാഷിങ്ടന്‍: യുഎസില്‍ മൂന്നു ദിവസം നീണ്ടു നിന്ന സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമായി. ധനവിനിയോഗ ബില്‍ സെനറ്റില്‍ പാസായതോടെയാണിത്. മൂന്നാഴ്ച കൂടി സര്‍ക്കാരിന്റെ ചിലവിലേക്കുള്ള പണം അനുവദിക്കാനാണു സെനറ്റില്‍ തീരുമാനമായത്. കുടിയേറ്റ വിഷയത്തില്‍ സെനറ്റിലെ മൈനോരിറ്റി നേതാവ് ചക്ക് സ്‌ക്യൂമറും സെനറ്റിലെ മെജോരിറ്റി നേതാവ് മിട്ച് മക്‌കോണലും തമ്മിലെത്തിയ ധാരണയുടെ അടിസ്ഥാനത്തിലാണ് ബില്‍ പാസാക്കാന്‍ ഡമോക്രാറ്റുകള്‍ തയാറായത്.
പതിനെട്ടിനെതിരെ 81 വോട്ടുകള്‍ക്കാണ് ബില്‍ പാസായതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. 60 വോട്ടുകളാണു ബില്‍ പാസാകാന്‍ വേണ്ടത്. അതേസമയം, പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഒപ്പിനായി ബില്‍ വൈറ്റ് ഹൗസിലേക്ക് അയച്ചു.
റിപ്പബ്ലിക്കന്‍ ഭൂരിപക്ഷമുള്ള നൂറംഗ സെനറ്റില്‍ ശനിയാഴ്ച ധനവിനിയോഗ ബില്‍ പാസാക്കാന്‍ കഴിയാതിരുന്നതോടെയാണ് യുഎസ് സാമ്പത്തികസ്തംഭനത്തിലേക്കു നീങ്ങിയത്. ഇതോടെ എട്ടു ലക്ഷത്തിലേറെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കു ശമ്പളം മുടങ്ങി. അവശ്യസര്‍വീസുകള്‍ മാത്രമാണു കഴിഞ്ഞദിവസം പ്രവര്‍ത്തിച്ചത്.
കുട്ടികളായിരിക്കുമ്പോള്‍ യുഎസിലേക്കു കുടിയേറിയ ഏഴുലക്ഷത്തിലേറെ പേര്‍ക്കു നല്‍കിയ താല്‍ക്കാലിക നിയമസാധുത ട്രംപ് ഭരണകൂടം പിന്‍വലിച്ചതാണു ഡമോക്രാറ്റുകളുടെ പ്രതിഷേധത്തിന് ഇടയാക്കിയത്. വിഷയത്തില്‍ ഫെബ്രുവരി എട്ടു മുതല്‍ ചര്‍ച്ചയാകാമെന്നു ധാരണയായിട്ടുണ്ട്.

pathram:
Leave a Comment