‘മറഡോണ’ ടീമിനൊപ്പം പിറന്നാള്‍ ആഘോഷിച്ച് ടൊവിനോ… പിറന്നാള്‍ സമ്മാനമായി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍! (വീഡിയോ)

സഹനടനായും വില്ലനായും എത്തി നായക പരിവേഷത്തിലെത്തി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനായി മാറിയ താരമാണ് ടൊവിനോ തോമസ്. താരത്തിന്റെ മുപ്പതാം പിറന്നാളാണ് ഇന്ന്. പുതിയ ചിത്രമായ മറഡോണയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയാണ് ടൊവിനോ ആരാധകര്‍ക്ക് പിറന്നാള്‍ സമ്മാനം നല്‍കിയത്. തിരശീലക്കപ്പുറം സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ വിഷയങ്ങളില്‍ തന്റെ ശബ്ദം രേഖപ്പെടുത്തിയ ടൊവിനോയുടെ പിറന്നാള്‍ ദിനം ആരാധകരും ആഘോഷമാക്കിയിരിക്കുകയാണ്.

സജീവന്‍ അന്തിക്കാട് സംവിധാനം ചെയ്ത പ്രഭുവിന്റെ മക്കള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ടൊവിനോയുടെ സിനിമാ അരങ്ങേറ്റം. പിന്നീട് മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ എബിസിഡി എന്ന ചിത്രത്തിലെ അഖിലേഷ് വര്‍മ്മ എന്ന വില്ലനായ രാഷ്ട്രീയക്കാരന്റെ വേഷത്തില്‍ ടൊവിനോ നിറഞ്ഞാടി. കൂതറ, സെവന്‍ത്ഡേ എന്നീ സിനിമകളില്‍ ലഭിച്ച വേഷങ്ങള്‍ മികച്ചതാക്കാന്‍ ശ്രമിക്കുന്ന ടൊവിനോ എന്ന കഠിനധ്വാനിയെ നമ്മള്‍ കണ്ടു.

എന്നാല്‍ ‘എന്നു നിന്റെ മൊയ്തീന്‍’ എന്ന ചിത്രത്തിലെ പെരുമ്പറമ്പില്‍ അപ്പു എന്ന കഥാപാത്രമാണ് ടൊവിനോ എന്ന പ്രതിഭയുടെ തലവര മാറ്റിയത്. കാഞ്ചനക്ക് വേണ്ടി കാത്തു സൂക്ഷിച്ച ആത്മാര്‍ത്ഥ പ്രണയത്തിലൂടെ അപ്പു എന്ന കഥാപാത്രം പ്രേക്ഷക ഹൃദയത്തില്‍ നായകനോളം പ്രിയങ്കരനായി.

ഗപ്പി എന്ന ചിത്രത്തിലെ തേജസ് വര്‍ക്കി എന്ന എന്‍ജിനീയര്‍ ടൊവിനോയുടെ കരിയര്‍ ഗ്രാഫില്‍ ഏറ്റവും മികച്ചതായി രേഖപ്പെടുത്താവുന്നതാണ്. തിയേറ്ററില്‍ പ്രതീക്ഷിച്ച വരവേല്‍പ് ലഭിച്ചില്ലെങ്കിലും ഗപ്പിക്ക് ടൊറന്റില്‍ വന്‍ സ്വീകാര്യതയായിരുന്നു. സിനിമയിലെ ടൊവിനോയുടെ ലുക്കും ബൈക്കിന്റെ ഡെക്കറേഷനുകളുമെല്ലാം യുവാക്കള്‍ ഏറ്റെടുത്തു. പ്രേക്ഷക സ്വീകാര്യതയുടെ ഉദാഹരണമെന്നോണം ഗപ്പി വീണ്ടും തിയേറ്ററുകളിലെത്തുകയാണ്.

ഒരു മെക്സിക്കന്‍ അപാരത, തരംഗം, ഗോദ എന്നീ ചിത്രങ്ങളിലുടെ മുന്‍നിര നായകന്‍മാരുടെ താരപ്രഭയിലേക്ക് ടൊവിനോ എത്തിച്ചേര്‍ന്നു. ഏറ്റവും ഒടുവില്‍ തിയറ്ററുകള്‍ കീഴടക്കിയ മായാനദി എന്ന ചിത്രത്തിലെ മാത്തന്‍ എന്ന കഥാപാത്രം ആരാധകര്‍ക്കും നിരൂപകര്‍ക്കും ഒരുപോലെ പ്രിയങ്കരമായി. ജീവിതത്തില്‍ ഒരിക്കലെങ്കിലും പ്രണയിച്ചവരുടെ ഉള്ളിലെ നൊമ്പരവും ഓര്‍മയുമായി മാത്തന്‍ എന്ന കഥാപാത്രം നിലനില്‍ക്കന്നതിനിടെയാണ് പുതിയ ചിത്രം മറഡോണയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്.

pathram desk 1:
Related Post
Leave a Comment