ന്യൂഡല്‍ഹി: മുന്‍മന്ത്രി തോമസ് ചാണ്ടി കായല്‍ കൈയേറ്റ കേസില്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്‍മാറി. ഇത് മൂന്നാം തവണയാണ് ജഡ്ജി പിന്‍മാറുന്നത്. ജസ്റ്റിസ് കുര്യന്‍ ജോസഫ് ആണ് ഇത്തവണ പിന്‍മാറിയത്.ആര്‍ കെ അഗര്‍വാള്‍, എ എം സപ്രേ എന്നിവരുടെ ബെഞ്ച് ആയിരുന്നു ഹര്‍ജി ആദ്യം പരിഗണിച്ചിരുന്നത്. എന്നാല്‍, ഈ ബെഞ്ചില്‍ നിന്നു കേസ് മാറ്റണമെന്ന് ആവശ്യപ്പെട്ട് തോമസ് ചാണ്ടിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.തുടര്‍ന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ബെഞ്ചില്‍ കേസ് പരിഗണനയ്ക്ക് വന്നു. എന്നാല്‍, കേസ് കേള്‍ക്കാന്‍ കഴിയില്ലെന്നും നേരത്തെ പരിഗണിച്ച ബെഞ്ച് തന്നെ തുടര്‍ന്നും പരിഗണിക്കണമെന്നും നിര്‍ദ്ദേശിക്കുകയായിരുന്നു.
ചീഫ് ജസ്റ്റിസിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് സപ്രേയുടെ ബെഞ്ചില്‍ കേസ് വീണ്ടും പരിഗണനയ്ക്കു വന്നു. എന്നാല്‍ അദ്ദേഹം പിന്മാറുകയായിരുന്നു. ഇതോടെ തോമസ് ചാണ്ടിയുടെ ഹര്‍ജി കുര്യന്‍ ജോസഫിന്റെ ബെഞ്ച് പരിഗണിച്ചത്.കളക്ടറുടെ റിപ്പോര്‍ട്ടിലെ തുടര്‍നടപടികളും കായല്‍ കൈയേറ്റ കേസില്‍ കേരള ഹൈക്കോടതിയുടെ പരാമര്‍ശങ്ങളും സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് തോമസ് ചാണ്ടി ഹര്‍ജി നല്‍കിയിരിക്കുന്നത്.
Leave a Comment