ജനപ്രതിനിധി ആണെങ്കിലും ഞാനും ഒരു സ്ത്രീയാണ്, ദയവു ചെയ്ത് എന്റെ കാര്യത്തില്‍ ഇടപെടാന്‍ വരരുത്: അഭ്യൂഹങ്ങള്‍ക്കും ഊഹാപോഹങ്ങള്‍ക്കും മറുപടിയുമായി പ്രതിഭ എംഎല്‍എ

വിവാഹമോചനം തേടി ആലപ്പുഴ കുടുംബകോടതിയെ സമീപിച്ചെന്ന വാര്‍ത്തയില്‍ അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കണമെന്ന് കായംകുളം എംഎല്‍എ യു. പ്രതിഭ . തന്റെ വെബ്സൈറ്റില്‍ എഴുതിയിട്ട കുറിപ്പിലാണ് എംഎല്‍എയുടെ പ്രതികരണം.

പ്രതിഭ എംഎല്‍എ എഴുതിയ കുറിപ്പിന്റെ പൂര്‍ണ്ണരൂപം

സുഹൃത്തുക്കളേ, വ്യക്തിപരമായ എന്റെ ജീവിതത്തെ സംബന്ധിക്കുന്ന ഒരു തീരുമാനത്തിലൂടെ ഞാന്‍ കടന്നു പോവുകയാണ്.കഴിഞ്ഞ 10 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ മനസ്സില്‍ എടുത്ത ഒരു തീരുമാനം, അതിന്റെ നിയമപരമായ അനിവാര്യതയിലേക്ക് കടക്കുന്നു എന്ന് മാത്രം. കുടുംബകോടതിയില്‍ ഞാന്‍ കേസ് കൊടുത്തു എന്നത് ശരി തന്നെയാണ്. ഇല കൊഴിഞ്ഞു വീഴുന്ന ശബ്ദം പോലുമില്ലാതെ ആ തീരുമാനം എടുക്കാനാണ് ഞാന്‍ ആഗ്രഹിച്ചിരുന്നത്. എന്നാല്‍ ചില പ്രത്യേക കാരണങ്ങളാല്‍ അതു കഴിഞ്ഞില്ല. അഭ്യൂഹങ്ങള്‍ക്കും ഊഹാപോഹങ്ങള്‍ക്കും ഉള്ള വെളിപ്പെടുത്തല്‍ ആയി ഈ എഴുത്തിനെ കണ്ടാല്‍ മതി.

കഴിഞ്ഞ 10 വര്‍ഷമായി എന്റെ മാതാപിതാക്കള്‍ക്കൊപ്പം എന്റെ മകനുമായാണ് ഞാന്‍ താമസിക്കന്നത്. എനിക്കും ങൃ. ഹരിക്കും ഞങ്ങള്‍ എന്താണ് ഇങ്ങനെ കഴിയേണ്ടിവന്നത് എന്നതിനെ സംബന്ധിച്ച് വ്യക്തമായി അറിയാം. ഒരാള്‍ ജനപ്രതിനിധി ആയി എന്നത് കൊണ്ട് മാത്രം വ്യക്തിപരമായ കാര്യങ്ങളില്‍ തീരുമാനം എടുക്കാന്‍ പാടില്ല എന്ന പിന്തിരിപ്പന്‍ ശാഠ്യമുള്ള ആരെങ്കിലും ഉണ്ടെങ്കില്‍ ദയവു ചെയ്ത് എന്റെ കാര്യത്തില്‍ ഇടപെടാന്‍ വരരുത്.

ഇത് വ്യക്തി ജീവിതത്തിലെ എന്റെ തീരുമാനം ആണ്. എന്റെ മകന് 12 വയസ്സ് ആകാന്‍ വേണ്ടി മാത്രമാണ് ഈ തീരുമാനം നിയമപരമാക്കാന്‍ എനിക്ക് ഇത്രയും സമയം വേണ്ടി വന്നത്. മാധ്യമങ്ങള്‍ അനാവശ്യമായി ഈ വിഷയത്തില്‍ ഇടപെടരുത്. കാരണം ഇന്നലെ വരെ ഒരേ വീട്ടില്‍ പങ്കാളിയോടൊപ്പം ജീവിച്ച് ഒരു സുപ്രഭാതത്തില്‍ പിരിയാന്‍ തീരുമാനിച്ച ആളല്ല ഞാന്‍. 10 വര്‍ഷമായി രണ്ട് സ്ഥലങ്ങളില്‍ ആയി രണ്ട് മനസ്സും രണ്ട് ശരീരവുമായി കഴിഞ്ഞവരാണ്. ഇനി കഴിയില്ല ഇതുപോലെ മുന്നോട്ടു പോകാന്‍. മകന്‍ എന്നും രണ്ടു പേരുടേയും ആയിരിക്കും. അവന് തിരിച്ചറിയാന്‍ കഴിയുന്നതിനുള്ള എന്റെ കാത്തിരിപ്പിനാണ് ഇവിടെ വിരാമം ആകുന്നത്. കൂടെ നിന്നില്ലെങ്കിലും മാറി നിന്ന് കല്ലെറിയരുത് . ജനപ്രതിനിധി ആണെങ്കിലും ഞാനും ഒരു സ്ത്രീയാണ്.

pathram desk 2:
Related Post
Leave a Comment