നിങ്ങളുടെ പിന്തുണയോടെ ഞാന്‍ യാത്ര തുടരുകയാണ്… ഫെബ്രുവരി 21ന് തന്റെ രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് പ്രഖ്യാപിക്കുമെന്ന് കമല്‍ഹാസന്‍

ചെന്നൈ: ഫെബ്രുവരി 21ന് തമിഴ്നാട്ടിലെ രാമനാഥപുരത്ത് തന്റെ രാഷ്ട്രീയപാര്‍ട്ടിയുടെ പേര് പ്രഖ്യാപിക്കുമെന്ന് നടന്‍ കമല്‍ഹാസന്‍. അതേദിവസം തന്നെ സംസ്ഥാന വ്യാപകമായി പര്യടനത്തിന് തുടക്കമിടുമെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലൂടെയാണ് കമല്‍ഹാസന്‍ ഇക്കാര്യം അറിയിച്ചത്.

കമലിന്റെ ജന്മനാടാണു രാമനാഥപുരം. ഇവിടെനിന്ന് ആരംഭിക്കുന്ന പര്യടനം പിന്നീട് മധുര, ഡിണ്ടിഗല്‍, ശിവഗംഗ എന്നീ ജില്ലകളിലും ഉണ്ടാകും. വിവിധ ഘട്ടങ്ങളിലായാണു പര്യടനം നടക്കുക. ഇതോടെ ഔദ്യോഗികമായി കമല്‍ ഹാസന്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കും.

‘നിങ്ങളുടെ പിന്തുണയോടെ ഞാനീ യാത്ര തുടരുകയാണ്. നമ്മുടെ രാജ്യത്തേയും സംസ്ഥാനത്തേയും ശക്തിപ്പെടുത്താന്‍ എനിക്കൊപ്പം കൈകോര്‍ക്കൂ. നമുക്ക് ഉടന്‍ കാണാം’ എന്നു പറഞ്ഞാണ് കമല്‍ പ്രസ്താവന അവസാനിപ്പിക്കുന്നത്. ‘രാഷ്ട്രീയപാര്‍ട്ടിയുടെ പേരും ഞങ്ങള്‍ പിന്തുടരുന്ന നയവും പ്രഖ്യാപിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.’ എന്നാണ് കമല്‍ പറഞ്ഞത്.

തമിഴ്നാട്ടിലെ ജനങ്ങളുടെ ആശങ്കകളെക്കുറിച്ചും പ്രശ്നങ്ങളെക്കുറിച്ചും അറിയാനാണ് സംസ്ഥാന വ്യാപകമായി പര്യടനം നടത്തുന്നത്. ‘എന്താണ് എന്റെ ജനങ്ങള്‍ക്ക് വേണ്ടതെന്ന് ശരിക്കു മനസിലാക്കണം?എന്താണ് അവരെ ബാധിക്കുന്നതെന്ന്? എന്താണ് അവരുടെ ആവശ്യങ്ങളെന്ന്?’ കമല്‍ഹാസന്‍ പറഞ്ഞു.

ഗ്ലാമര്‍ പരിവേഷത്തിലോ വിപ്ലവമുണ്ടാക്കാനോ അല്ല തന്റെ പര്യടനം. ജനങ്ങളെ കണ്ടെത്താനും മനസ്സിലാക്കാനും ഒരു അവസരമായാണ് ഇതിനെ കാണുന്നത്. പല കാര്യങ്ങളെയും ചോദ്യം ചെയ്യാന്‍ തമിഴ്നാട്ടിലെ ജനങ്ങള്‍ തയാറാകണം. സംസ്ഥാനത്തെ ക്ഷേമപ്രവര്‍ത്തനങ്ങളും ഭരണനിര്‍വഹണവും ഉയര്‍ത്തിക്കൊണ്ടുവരണം. ഈ ലക്ഷ്യം നേടുന്നതിനാണു തന്റെ പര്യടനം. സംസ്ഥാനത്തെയും രാജ്യത്തെയും ശക്തമാക്കാന്‍ തനിക്കൊപ്പം ചേരാന്‍ കമല്‍ ജനങ്ങളെ ആഹ്വാനം ചെയ്തു.

pathram desk 1:
Related Post
Leave a Comment