കര്‍ണാടകക്കാര്‍ തന്തയില്ലാത്തവര്‍… ഗോവന്‍ മന്ത്രിയുടെ പ്രസ്താവന വിവാദത്തില്‍, ഒടുവില്‍ മാപ്പു പറഞ്ഞു തടിയൂരി

ബംഗളുരു: കര്‍ണാടക ജനതയെ തന്തയില്ലാത്തവര്‍ എന്ന് വിളിച്ച ഗോവന്‍ മന്ത്രി വിവാദത്തില്‍ ഗോവയിലെ ജലവിഭവമന്ത്രി വിനോദ് പാലിയങ്കറാണ് കര്‍ണാടകക്കാരെ ഹറാമി (തന്തയില്ലാത്തവര്‍) എന്നു വിളിച്ച് അധിക്ഷേപിച്ചത്.

ഗോവയിലേക്ക് ഒഴുകേണ്ട മഹാദയി നദിയിലെ വെള്ളം കര്‍ണാടകക്കാര്‍ വഴിതിരിച്ചുവിടുന്നു എന്നാരോപിച്ച പാലിയങ്കര്‍ കര്‍ണാടകക്കാരെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നും പറഞ്ഞു.

‘ വാട്ടര്‍ റിസോഴ്സ് ഡിപ്പാര്‍ട്ടുമെന്റിലെ സംഘത്തിനൊപ്പം ഞാനും സ്ഥലം സന്ദര്‍ശിച്ചിരുന്നു. ഗോവയിലേക്ക് ഒഴുകേണ്ട വെള്ളം അവിടെ തടഞ്ഞ് കര്‍ണാടകയിലേക്ക് വഴിതിരിച്ചുവിട്ടിരിക്കുകയാണ്. സന്ദര്‍ശന വേളയില്‍ സുരക്ഷയ്ക്കായി പൊലീസിനെക്കൂടി കൊണ്ടുപോയിരുന്നു എന്നു പറഞ്ഞാണ് അദ്ദേഹം ഈ പരാമര്‍ശം നടത്തിയത്. ‘അവര്‍ ഹറാമി ജനതയാണ്. അവര്‍ എന്തും ചെയ്യും’ എന്നാണ് അദ്ദേഹം പറഞ്ഞത്.

‘കോടതി ഉത്തരവ് ലംഘിച്ചുകൊണ്ട് നിങ്ങളുടെ സര്‍ക്കാര്‍ വൃത്തികേടാണ് ചെയ്യുന്നതെന്ന് ഞാന്‍ കര്‍ണാടകയിലെ റിപ്പോര്‍ട്ടര്‍മാരോട് പറഞ്ഞിട്ടുണ്ട്. മഹാദയി നദി വഴിതിരിച്ചുവിട്ട് കര്‍ണാടക ഗോവയുടെ ഐഡന്റിറ്റി നശിപ്പിക്കുകയാണ്. ഇത് തുടരാന്‍ അനുവദിക്കില്ല.’ എന്നും അദ്ദേഹം പറഞ്ഞു.

മഹാദയി നദിയിലെ കാല്‍സ ബണ്ഡൂര ഡാം പ്രോജക്ടുമായി ബന്ധപ്പെട്ട് കര്‍ണാടകയും മഹാരാഷ്ട്രയും ഗോവയും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുകയാണ്.

പ്രസ്താവന വിവാദമായതോടെ താന്‍ അപ്പോഴത്തെ പ്രേരണയാല്‍ പറഞ്ഞതാണെന്നും ഇക്കാര്യം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്നും പറഞ്ഞ് മന്ത്രി തടിയൂരുകയായിരുന്നു.

pathram desk 1:
Leave a Comment