ജനവികാരം ആളിക്കത്തുന്നു… ശ്രീജിത്തിന് പിന്തുണയുമായി നടന്‍ ടോവിനോ തോമസ് സമരപ്പന്തലില്‍

തിരുവനന്തപുരം: സഹോദരന്റെ മരത്തിന് കാരണമായ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം നടത്തുന്ന ശ്രീജിത്തിന് പിന്തുണയുമായി നടന്‍ ടൊവിനോ തോമസും. സമരസ്ഥലത്ത് എത്തിയാണ് ടൊവിനോ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.

നേരത്തെ നിവിന്‍ പോളി, അനു സിത്താര, ഹണി റോസ്, ജോയ് മാത്യു തുടങ്ങിയവര്‍ ശ്രീജിത്തിന്റെ സമരത്തിന് പിന്തുണ അറിയിച്ചിരുന്നു. സമരത്തിന് പിന്തുണ അറിയിച്ച് സോഷ്യല്‍ മീഡിയ കൂട്ടായ്മകളും സെക്രട്ടേറിയറ്റിനു മുന്നില്‍ എത്തിയിട്ടുണ്ട്.

സഹോദരന്‍ ശ്രീജീവിന്റെ മരണത്തിന് ഉത്തരവാദികളായ പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് ശ്രീജിത്ത് സമരം നടത്തുന്നത്. 2014 മാര്‍ച്ച് 21നാണ് രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കെ പാറശാല പോലീസ് കസ്റ്റഡിയില്‍ കഴിയുമ്ബോള്‍ ശ്രീജീവ് മരിച്ചത്. ലോക്കപ്പില്‍ വച്ച് വിഷം കഴിച്ചെന്ന് പറഞ്ഞ് പോലീസ് ആശുപത്രിയിലെത്തിക്കുകയായിരുന്നു.

ശ്രീജീവ് ക്രൂരമായ ലോക്കപ്പ് മര്‍ദ്ദനത്തിന് ഇരയായെന്നും വിഷം ഉള്ളില്‍ ചെന്നിരുന്നുവെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞു. അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച വിഷം ശ്രീജീവ് ലോക്കപ്പില്‍ വച്ച് കഴിച്ചുവെന്നായിരുന്നു പോലീസ് ഭാഷ്യം.

ശ്രീജിത്തിന്റെ സമരവുമായി ബന്ധപ്പെട്ട് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടനെത്തന്നെ നടപടികള്‍ എടുത്തിരുന്നു. സര്‍ക്കാര്‍ ശ്രീജിത്തിന്റെ പരാതിയെ തുടര്‍ന്ന് സമഗ്രമായ അന്വേഷണം നടത്തി. കേസില്‍ പോലീസ് കംപ്ലെയ്ന്റ് അതോറിറ്റിയുടെ വിധിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്തു. 10 ലക്ഷം രൂപ മരിച്ച ശ്രീജീവിന്റെ കുടുംബത്തിന് നല്‍കി.

കേസ് സിബിഐ അന്വേഷണത്തിനു വിടുകയും ചെയ്തു. എന്നാല്‍ സിബിഐക്ക് കേസ് എടുക്കാനാവില്ലെന്നു കേന്ദ്ര പേഴ്സണല്‍ മന്ത്രാലയം അറിയിക്കുകയായിരുന്നു. സിബിഐ അന്വേഷണത്തിന് തക്ക പ്രാധാന്യം കേസിനു ഇല്ല. കേരളത്തില്‍ നിന്ന് അമിതഭാരമാണ് സിബിഐക്കു വരുന്നത്. അത് കൊണ്ട് അന്വേഷിക്കാന്‍ പറ്റില്ല. ഇതാണ് മറുപടി.

pathram desk 1:
Related Post
Leave a Comment