സ്ത്രീയെ അവമതിക്കുന്ന ചലച്ചിത്രരംഗങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ഈ രംഗവും ഇടം പിടിക്കേണ്ടതല്ലേ..? മായവതിയിലെ സീനിനെതിരെ സ്ത്രീ വിരുദ്ധത ആരോപിച്ച് ശബരീനാഥന്‍ എം.എല്‍.എ

തീയറ്ററുകള്‍ കീഴടക്കി പ്രദര്‍ശനം തുടര്‍ന്നുകൊണ്ടിരിക്കുന്ന ആഷിക് അബുവിന്റെ മായാനദിയിലെ ഒരു സീനിനെതിരെ സ്ത്രീവിരുദ്ധത ആരോപിച്ച് ശബരീനാഥന്‍ എം.എല്‍.എ. നായികയുടെ പെണ്‍സുഹൃത്തിനെ അവരുടെ സഹോദരന്‍ മര്‍ദ്ദിക്കുന്ന രംഗത്തിനെതിരെയാണ് ശബരീനാഥന്‍ എം.എല്‍.എ ഫേസ്ബുക്കിലൂടെ ആരോപണമുയര്‍ത്തിയിരിക്കുന്നത്. ഇതു എന്താണ് ആരും കാണാതെ പോയതെന്നു എംഎല്‍എ ചോദിക്കുന്നു.

സിനിമയിലെ ഒരു സ്ത്രീവിരുദ്ധ രംഗത്തെക്കുറിച്ച് പറയാതെ വയ്യ എന്നു പറഞ്ഞുകൊണ്ടാണ് ശബരീനാഥ് ഈ രംഗത്തിനെതിരെ ആക്ഷേപമുയര്‍ത്തുന്നത്. ‘നായികയുടെ പെണ്‍സുഹൃത്തിനെ അവരുടെ സഹോദരന്‍ പറന്നുവന്ന് കരണത്ത് അടിച്ചുവീഴ്ത്തുമ്പോള്‍, കലിതുള്ളി ആക്രോശിക്കുമ്പോള്‍ ഒന്നും ഉരിയാടാതെ ബാഗ് പാക്കുചെയ്തു വളരെ അച്ചടക്കത്തോടെ അടുത്ത ഫ്ലൈറ്റില്‍ പെണ്‍സുഹൃത്ത് തന്റെ സ്വപ്നങ്ങള്‍ക്ക് വിടപറഞ്ഞു ഗള്‍ഫിലേക്ക് മടങ്ങുന്നു.’ എന്ന രംഗം വിശദീകരിച്ച അദ്ദേഹം സ്ത്രീയെ അവമതിക്കുന്ന ചലച്ചിത്ര രംഗങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ഈ രംഗവും ഇടംപിടിക്കേണ്ടതല്ലേയെന്ന് ചോദിക്കുന്നു.

മായനദിയെക്കുറിച്ചുള്ള റിവ്യൂകളിലും പുകഴ്ത്തലുകളിലും ഇക്കാര്യം ആരും പറഞ്ഞില്ലെന്നു കുറ്റപ്പെടുത്തിയ അദ്ദേഹം ലിംഗവിവേചനത്തിന്റെ മാനദണ്ഡങ്ങള്‍ ഒരുപോലെയാകണമെന്നും സൗകര്യപൂര്‍വ്വം സെലക്ടീവാകരുതെന്നും പറയുന്നു.

ശബരീനാഥന്‍ എം.എല്‍.എയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം:

ഇന്ന് ഏരീസില്‍ പോയി മായാനദി കണ്ടു.നായികാ കഥാപാത്രത്തിനു വ്യക്തതയുണ്ട്, അതിനോടൊപ്പം ടോവിനോയുടെയും ഐശ്വര്യയുടെയും അഭിനയവും കൊള്ളാം. പക്ഷേ സിനിമയിലെ ഒരു സ്ത്രീവിരുദ്ധ രംഗത്തെക്കുറിച്ചു പറയാതെ വയ്യ.

നായികയുടെ പെണ്‍സുഹൃത്തിനെ അവരുടെ സഹോദരന്‍ പറന്നുവന്ന് കരണത്ത് അടിച്ചുവീഴ്ത്തുമ്പോള്‍, കലിതുള്ളി ആക്രോശിക്കുമ്പോള്‍ ഒന്നും ഉരിയാടാതെ ബാഗ് പാക്കുചെയ്തു വളരെ അച്ചടക്കത്തോടെ അടുത്ത ഫ്ലൈറ്റില്‍ പെണ്‍സുഹൃത്ത് തന്റെ സ്വപ്നങ്ങള്‍ക്ക് വിടപറഞ്ഞു ഗള്‍ഫിലേക്ക് മടങ്ങുന്നു.

സ്ത്രീയെ അവമതിക്കുന്ന ചലച്ചിത്രരംഗങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ഈ രംഗവും ഇടം പിടിക്കേണ്ടതല്ലേ ? പക്ഷേ നിര്‍ഭാഗ്യവശാല്‍ നദിപോലെ ഒഴുകിയ ഓണ്‍ലൈന്‍ റിവ്യൂകളിലും പ്രമുഖ മാസികകളിലെ നാല് പേജ് പുകഴ്ത്തലുകളിലും ഇതാരും പറഞ്ഞു കണ്ടില്ല! സിനിമ ഓള്‍ഡ് ജനറേഷനായാലും ന്യൂ ജനറേഷനായാലും ലിംഗവിവേചനത്തിന്റെ മാനദണ്ഡങ്ങള്‍ ഒരുപോലെയാകണം.

അതില്‍ നമ്മള്‍ സൗകര്യപൂര്‍വം സെലെക്ടിവാകരുത്. നല്ല സിനിമയെ അത് പ്രതികൂലമായി ബാധിക്കും.

pathram desk 1:
Related Post
Leave a Comment