ശബരിമല: ഇന്ന് മകരവിളക്ക്. ശബരീശനെ കണ്ടു തൊഴുതു മനം കുളിര്‍ത്ത ഭക്തര്‍ നാലു ദിവസമായി മലയിറങ്ങിയിട്ടില്ല. സന്നിധാനത്തും പരിസരത്തുമുള്ള കാടുകളില്‍ പൊന്നമ്പലമേട് കാണാവുന്ന സ്ഥലങ്ങളില്‍ തമ്പടിച്ചിരിക്കുകയാണ് ഭക്തര്‍. പരംപൊരുളായ മംഗളമൂര്‍ത്തി മകരസംക്രമ സന്ധ്യയില്‍ തിരുവാഭരണ വിഭൂഷിതനാകുമ്പോള്‍ പൊന്നമ്പലമേട്ടില്‍ തെളിയുന്ന ജ്യോതി കണ്ടുതൊഴാനായി കാത്തിരിക്കുകയാണ് ലക്ഷക്കണക്കിന് ഭക്തര്‍. ഉത്തരായണത്തിനു തുടക്കം കുറിച്ച് സൂര്യന്‍ ധനുരാശിയില്‍ നിന്നു മകരം രാശിയിലേക്കു മാറുന്ന സംക്രമ മുഹൂര്‍ത്തമായ 1.47ന് അയ്യപ്പ സ്വാമിക്ക് സംക്രമാഭിഷേകവും പൂജയും നടക്കും. ഉച്ചയ്ക്ക് 12ന് പൂജ തുടങ്ങും.
ആദ്യം 25 കലശാഭിഷേകത്തോടെ ഉച്ചപൂജ. തുടര്‍ന്നു മകരസംക്രമ പൂജ 1.30ന് ആരംഭിക്കും. കവടിയാര്‍ കൊട്ടാരത്തില്‍ നിന്നു പ്രത്യേക ദൂതന്‍ വശം കൊടുത്തുവിടുന്ന അയ്യപ്പ മുദ്രയിലെ നെയ്യ് സംക്രമ മുഹൂര്‍ത്തത്തില്‍ അഭിഷേകം ചെയ്യും. പന്തളം കൊട്ടാരത്തില്‍ നിന്ന് ആഘോഷമായി കൊണ്ടുവരുന്ന തിരുവാഭരണം ചാര്‍ത്തി വൈകിട്ട് 6.30ന് ദീപാരാധന നടക്കും.
ഈ സമയം കിഴക്കന്‍ ചക്രവാളത്തില്‍ മകരനക്ഷത്രം ഉദിക്കും. ഒപ്പം പൊന്നമ്പലമേട്ടില്‍ തെളിയുന്ന കര്‍പ്പൂര ജ്യോതിയും കണ്ടേ ഭക്തര്‍ മലയിറങ്ങൂ. വലിയ സുരക്ഷാ സന്നാഹങ്ങളാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്. തീര്‍ഥാടകരുടെ മടക്കയാത്രയ്ക്ക് കെഎസ്ആര്‍ടിസി 1200 ബസുകളും ക്രമീകരിച്ചിട്ടുണ്ട്.
മകരജ്യോതി ദര്‍ശനത്തിനായി ലക്ഷക്കണക്കിന് ഭക്തരാണ് എത്തിച്ചേര്‍ന്നിരിക്കുന്നത്. പുല്ലുമേട്, പരുന്തുംപാറ തുടങ്ങിയ സ്ഥലങ്ങളില്‍ ശക്തമായ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആയിരത്തി അഞ്ഞൂറോളം പോലീസുകാരെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. പൊലീസ്, റവന്യൂ, ആരോഗ്യം, വനം, വൈദ്യുതി തുടങ്ങിയ വകുപ്പുകള്‍ സംയുക്തമായാണ് ക്രമീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. എഡിജിപിയുടെ നേതൃത്വത്തിലാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്.
പുല്ലുമേട്ടില്‍ തിരക്കു നിയന്ത്രിക്കാന്‍ വടം ഉപയോഗിച്ച് താല്‍ക്കാലിക വേലി നിര്‍മ്മിച്ചിട്ടുണ്ട്. കാനന പാതയില്‍ ഭക്തരെ വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ നിന്നും രക്ഷിക്കാന്‍ വനംവകുപ്പിന്റെ എലിഫന്റ് സ്‌ക്വാഡ് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. നേവിയുടെ ഹെലികോപ്റ്ററും നിരീക്ഷണത്തിനായി ഉണ്ടാകും. ദുരന്ത നിവാരണ സേനയും, കേന്ദ്ര സേനയും ഇവിടെ തമ്പടിച്ചിട്ടുണ്ട്.
Leave a Comment