മഹാരാഷ്ട്രയില്‍ അടുത്ത വര്‍ഷം ഭരണം മാറും…സ്വന്തം പാര്‍ട്ടിക്കെതിരെ സെല്‍ഫ് ഗോളടിച്ച് ബി.ജെ.പി മന്ത്രി

പൂനെ: സ്വന്തം പാര്‍ട്ടിക്കെതിരെ സെല്‍ഫ് ഗോളടിച്ച് ബി.ജെ.പിയിലെ മുതിര്‍ന്ന മന്ത്രി ഗിരിഷ് ബാപട്. മഹാരാഷ്ട്രയില്‍ അടുത്തവര്‍ഷം ഭരണം മാറുമെന്ന് ബി.ജെ.പിയിലെ മുതിര്‍ന്ന മന്ത്രിയും സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രിയായ ഗിരിഷ് ബാപട് പറഞ്ഞത്. മന്ത്രിയുടെ പരാമര്‍ശം സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

പൂനെയില്‍ കര്‍ഷകരോട് സംസാരിക്കവെയാണ് ഗിരിഷ് ബാപട് ഈ സെല്‍ഫ് ഗോളടിച്ചത്. ഈ സര്‍ക്കാര്‍ അടുത്ത വര്‍ഷം മാറുമെന്നും ആനുകൂല്യം വേണ്ടവര്‍ അതിനു മുന്‍പ് നേടിയെടുക്കണമെന്നുമാണ് മന്ത്രി പറഞ്ഞത്.

എതിരാളികളായ കോണ്‍ഗ്രസും എന്‍.സി.പിയും ബാപടിന്റെ പ്രസ്താവന ഉയര്‍ത്തി പിടിച്ച് സര്‍ക്കാറിനെതിരായ പ്രചരണങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ബാപടിന്‍രെ പ്രസ്താവനയോടെ യാഥാര്‍ത്ഥ്യം എന്താണെന്ന് ജനങ്ങള്‍ക്ക് മനസിലായെന്ന് പ്രതിപക്ഷം പ്രതികരിച്ചു. സത്യം വിളിച്ചു പറഞ്ഞതിന് മന്ത്രിയെ അഭിനന്ദിക്കുന്നുവെന്നാണ് സഖ്യകക്ഷിയായ ശിവസേനയുടെ പ്രതികരണം.

അതേസമയം ബി.ജെ.പിയെ പ്രതിരോധിച്ച് ധനമന്ത്രി സുധിര്‍ മുനഗംടിവാര്‍ രംഗത്തെത്തി. ഈ വിഷയം താന്‍ ബാപടുമായി സംസാരിച്ചെന്നും ആവശ്യങ്ങള്‍ ഉടന്‍ തന്നെ മുന്നോട്ടു വെക്കണമെന്നും സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കിയിട്ടുണ്ടെന്നുമാണ് ജനങ്ങളോട് അദ്ദേഹം പറഞ്ഞതെന്ന് ധനമന്ത്രി പറഞ്ഞു. അടുത്ത 50 വര്‍ഷം ബി.ജെ.പി തന്നെയാണ് ഭരിക്കുകയെന്ന് പാര്‍ട്ടി തലവന്‍ അമിത് ഷാ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

pathram desk 1:
Related Post
Leave a Comment