ആമിയില്‍ വിദ്യാബാലന്‍ അഭിനയിച്ചിരുന്നെങ്കില്‍ ലൈംഗികത കടന്നു വന്നേനെ.. മാധവിക്കുട്ടിയാകാന്‍ വിദ്യ വിസമ്മതിച്ചത് ദൈവാനുഗ്രഹമെന്ന് കമല്‍

സംവിധായകന്‍ കമലിന് ഏറെ തലവേദന സൃഷ്ടിച്ച ഒന്നായിരിന്നു ആമി എന്ന ചിത്രത്തിന്റെ പൂര്‍ത്തീകരണം. വിവാദങ്ങള്‍ ഒന്നിന് പുറമെ ഒന്നായി വന്നുകൊണ്ടിരുന്നപ്പോഴും കമല്‍ സ്വധൈര്യം മുന്നോട്ട് പോകുകയായിരിന്നു. ഇപ്പോള്‍ ചിത്രം പൂര്‍ത്തിയാക്കിയതിന്റെ ആശ്വാസത്തിലാണ് സംവിധായകന്‍ കമല്‍. ചിത്രം പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന പ്രതീക്ഷയും കമലിനുണ്ട്. ചിത്രം റിലീസ് ചെയ്ത് കഴിഞ്ഞാല്‍ വിവാദങ്ങള്‍ക്ക് സാധ്യതയുണ്ടെങ്കിലും ചിത്രം തിയേറ്ററിലെത്താന്‍ കാത്തിരിക്കുകയാണ് താനെന്ന് കമല്‍ പറയുന്നു.

ആമിയില്‍ വിദ്യാബാലന് വേണ്ടി കരുതിവെച്ചിരുന്ന മാധവിക്കുട്ടിയെയല്ല മഞ്ജു ചെയ്തതെന്നും വിദ്യ ചെയ്തിരുന്നെങ്കില്‍ ചിത്രത്തില്‍ ലൈംഗികത കടന്നുവരാന്‍ സാധ്യതുണ്ടായിരുന്നെന്നും കമല്‍ പറയുന്നു.

‘വിദ്യാബാലന് വേണ്ടി കണ്ടിരുന്ന മാധവിക്കുട്ടിയല്ല മഞ്ജു ചെയ്തത്. വിദ്യ ചെയ്തിരുന്നെങ്കില്‍ അതില്‍ കുറച്ച് ലൈംഗികതയൊക്കെ കടന്ന് വരുമായിരുന്നു. ഞാന്‍ പോലും വേണ്ടത്ര ശ്രദ്ധിക്കാത്ത ഒരു പാര്‍ട്ട് ആയിരുന്നു അത്. പക്ഷെ മഞ്ജുവിലേക്ക് എത്തുമ്പോള്‍ സാധാരണ തൃശൂര്‍ക്കാരിയുടെ നാട്ടുഭാഷയില്‍ പെരുമാറുന്ന മാധവിക്കുട്ടിയെ അവതരിപ്പിക്കാനായി. മാധവിക്കുട്ടി അന്താരാഷ്ട്ര തലത്തില്‍ പോലും ശ്രദ്ധിക്കപ്പെട്ട സാഹിത്യക്കാരിയായിരുന്നെങ്കിലും അടിസ്ഥാനപരമായി അവര്‍ ഒരു സാധാരണ മലയാളി സ്ത്രീ ആയിരുന്നു. ആ പരിചിത കഥാകാരിയാവാന്‍ വിദ്യാ ബാലനെക്കാള്‍ കഴിയുന്നത് മഞ്ജുവിന് തന്നെയാണ്’- അഴിമുഖത്തിന് നല്‍കിയ അഭിമുഖത്തില്‍ കമല്‍ പറയുന്നു.

മെയ്ക്ക് ഓവര്‍ ശരിയാകുമോ എന്ന ആശയക്കുഴപ്പം ഉള്ളതുകൊണ്ടാണ് മഞ്ജുവിനെ ആദ്യമേ കാസ്റ്റ് ചെയ്യാതിരുന്നതെന്നും പക്ഷെ മഞ്ജു ശരിക്കും വിസ്മയിപ്പിച്ചു കളഞ്ഞെന്നും കമല്‍ പറയുന്നു.

രണ്ട് ദിവസത്തിനുള്ളില്‍ മഞ്ജു, മാധവിക്കുട്ടിയായി മാറി. വലിയ തിരുത്തലുകളൊന്നും വേണ്ടി വന്നില്ല. ആ തീഷ്ണതയും സങ്കീര്‍ണതയുമൊക്കെ മഞ്ജു അനായാസം ചെയ്തു. ശരിക്കും അവര്‍ അത്ഭുതപ്പെടുത്തുകയായിരുന്നു.

ഇപ്പോള്‍ തിരിഞ്ഞ് ചിന്തിക്കുമ്പോള്‍ വിദ്യ പിന്‍മാറിയത് ദൈവാനുഗ്രഹമായി കാണുന്നു. ഞാന്‍ ആഗ്രഹിച്ച മാധവിക്കുട്ടിയെ കുറച്ചുകൂടി നല്ല രീതിയില്‍ ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്. അതില്‍ സന്തോഷവും സമാധാനവും ഉണ്ട്. അതുകൊണ്ട് തന്നെ വിദ്യ പിന്‍മാറിയതില്‍ നഷ്ടബോധമില്ല.- കമല്‍ പറയുന്നു.

pathram desk 1:
Related Post
Leave a Comment