ചിത്രദുര്‍ഗ: കര്‍ണാടക സര്‍ക്കാര്‍ ഹിന്ദുവിരുദ്ധമാണെന്നും ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെയുള്ള ക്രൂരത അവസാനിപ്പിക്കണമെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ചിത്രദുര്‍ഗയില്‍ നടന്ന പരിവര്‍ത്തനറാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതിയിലൂടെ സിദ്ധരാമയ്യ സര്‍ക്കാര്‍ ജനങ്ങളില്‍നിന്നും അകന്നുകഴിഞ്ഞു. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ സര്‍ക്കാരിന്റെ പ്രവര്‍ത്തനം കോണ്‍ഗ്രസുകാരുടെ ക്ഷേമത്തിനായിരുന്നു. ജനങ്ങള്‍ക്കു പകരം നേതാക്കളുടെ ക്ഷേമമാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.
മൂന്നു വര്‍ഷത്തിനിടെ ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരായ 20 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. തങ്ങള്‍ ഒരിക്കല്‍ അധികാരത്തിലെത്തുകയും ഈ കേസുകള്‍ അന്വേഷിക്കുകയും നിങ്ങള്‍ ജയിലില്‍ പോകേണ്ടിവരുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു വിരുദ്ധ സര്‍ക്കാര്‍ വോട്ട് ബാങ്ക് രാഷ്ട്രീയമാണ് കളിക്കുന്നത്. മുസ്ലിം തീവ്രവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയ വിഭാഗമാണ് എസ്ഡിപിഐയെന്നും ഇവരുടെ കേസുകള്‍ സര്‍ക്കാര്‍ പിന്‍വലിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചൊവ്വാഴ്ച രാത്രിയാണ് അമിത് ഷാ ബംഗളൂരുവിലെത്തിയത്. ഗുജറാത്തിലെ തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം അമിത് ഷായുടെ രണ്ടാമത്തെ കര്‍ണാടക സന്ദര്‍ശനമാണിത്. രാത്രി യെലഹങ്കയിലെ റോയല്‍ ഓര്‍ക്കിഡ് റിസോര്‍ട്ടില്‍ പാര്‍ട്ടിനേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. തെരഞ്ഞെടുപ്പ് ചുമതലയുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം ഉത്തര-ദക്ഷിണ കര്‍ണാടകകളുടെ ചുമതല വഹിക്കുന്നവരുമായി പ്രത്യേക യോഗവും നടത്തി.
Leave a Comment