കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച യുവതിയായ വീട്ടമ്മയുടെ മൃതദേഹം ബന്ധുക്കള്‍ രഹസ്യമായി ഖബറടക്കി; മൃതദേഹം പുറത്തെടുക്കണമെന്ന പൊലീസിന്റെ ആവശ്യം ബന്ധുക്കള്‍ തള്ളിക്കളഞ്ഞു, സംഭവത്തില്‍ ദുരൂഹതയെന്ന് നാട്ടുകാര്‍

ആലപ്പുഴ: കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച വീട്ടമ്മയുടെ മൃതദേഹം പൊലീസിനെ അറിയിക്കാതെ ബന്ധുക്കള്‍ രഹസ്യമായി ഖബറടക്കി. വിവരമറിഞ്ഞെത്തിയ പൊലീസ് നിയമനടപടി പൂര്‍ത്തിയാക്കാന്‍ ഖബറടക്കിയ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി പുറത്തെടുക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ബന്ധുക്കളും പള്ളിഭാരവാഹികളും അതിന് തയ്യാറായില്ല.

കഴിഞ്ഞ ആറിനാണ് തൃക്കുന്നപ്പുഴ പല്ലന പുത്തന്‍ പൊറുതിയില്‍ ഇര്‍ഷാദിന്റെ ഭാര്യ ഷക്കീല (33) സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചത്. പൊലീസില്‍ അറിയിക്കാതെ ബന്ധുക്കള്‍ ഖബറടക്കത്തിനു ചടങ്ങുകള്‍ തുടങ്ങി. നാട്ടുകാര്‍ വിവരമറിയിച്ചതോടെ തൃക്കുന്നപ്പുഴ പൊലീസ്, ചെങ്ങന്നൂര്‍ ആര്‍.ഡി.ഒ: വി. ഹരികുമാറും സ്ഥലത്തെത്തിയെങ്കിലും അസ്വാഭാവിക മരണമായതിനാല്‍ പോസ്റ്റ്മോര്‍ട്ടം ഉള്‍പ്പെടെ നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സഹകരിക്കണമെന്ന അഭ്യര്‍ഥന നിരസിക്കപ്പെട്ടു. മരണത്തില്‍ ആര്‍ക്കും പരാതിയില്ലെന്നും മരണാനന്തര ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയതിനാല്‍ പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം വിട്ടുനല്‍കില്ലെന്നുമായിരുന്നു നിലപാട്.

തുടര്‍ന്ന് ആര്‍.ഡി.ഒയുടെ നേതൃത്വത്തില്‍ വീട്ടില്‍വച്ച് ഇന്‍ക്വസ്റ്റ് തയാറാക്കി പള്ളിയില്‍ ഖബറടക്കി. പോസ്റ്റ്മോര്‍ട്ടം കൂടാതെയുള്ള ഖബറടക്കല്‍ വിവാദമായതോടെ പിറ്റേന്ന് തൃക്കുന്നപ്പുഴ പൊലീസ് പള്ളിയിലെത്തിയതോടെ മൃതദേഹം പുറത്തെടുക്കാന്‍ അനുവദിക്കില്ലെന്ന് സമുദായാംഗങ്ങള്‍ നിലപാടെടുത്തു.

എട്ടിന് ഉന്നതോദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പൊലീസ് സംഘം തൃക്കുന്നപ്പുഴയിലെത്തിയതോടെ പള്ളിയിലും പരിസരത്തും സമുദായാംഗങ്ങള്‍ സംഘടിച്ചു. അന്നത്തെ ചര്‍ച്ചയില്‍ പരിഹാരമുണ്ടാകാതിരുന്നതോടെയാണ് പ്രതിപക്ഷനേതാവ് ഇന്നലെ വീണ്ടും റസ്റ്റ് ഹൗസില്‍ ഉദ്യോഗസ്ഥരെയും സമുദായപ്രതിനിധികളെയും ബന്ധുക്കളെയും ചര്‍ച്ചയ്ക്കു വിളിച്ചത്. ഷക്കീലയും ഭര്‍ത്താവ് ഇര്‍ഷാദും സ്വരച്ചേര്‍ച്ചയിലല്ലായിരുന്നെന്നും കുറെ നാളുകളായി ഷക്കീല സ്വന്തം വീട്ടിലായിരുന്നു താമസമെന്നും പറയപ്പെടുന്നു. ഇര്‍ഷാദുമായി ഫോണില്‍ സംസാരിച്ചതിനു പിന്നാലെയാണ് ഷക്കീല ജീവനൊടുക്കിയത്. ഇവര്‍ക്ക് മൂന്നു മക്കളുണ്ട്.

pathram desk 1:
Related Post
Leave a Comment