പത്മാവതില്‍ നിന്ന് പിടി വിടുന്നില്ല, രാജസ്ഥാനില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി വസുന്ധര രാജെ

വിവാദങ്ങള്‍ക്കൊടുവില്‍ സഞ്ജയ് ലീല ബന്‍സാലി ചിത്രം ജനുവരി 25 ന് രാജ്യത്തൊട്ടാകെ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ്. എന്നാല്‍ രാജസ്ഥാനില്‍ റിലീസ് ചെയ്യാന്‍ സമ്മതിക്കില്ലെന്ന് മുഖ്യമന്ത്രി വസുന്ധര രാജെ.

സംസ്ഥാനത്തെ ജനങ്ങളുടെ വികാരത്തെ സംരക്ഷിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. അതുകൊണ്ട് തന്നെ സംസ്ഥാനത്തെ ഒരു തിയറ്ററുകളിലും ‘പത്മാവത്’ പ്രദര്‍ശനാനുമതി നല്‍കില്ല. രാജസ്ഥാന്റെ അഭിമാനത്തിന്റെയും ത്യാഗത്തിന്റെയും പ്രതീകമാണ് റാണി പത്മിനി. ചരിത്രത്തിലെ ഒരു പാഠം മാത്രമല്ല അവര്‍ ഞങ്ങള്‍ക്ക്, അതിനാല്‍ അവരെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള ഒരു സിനിമയും സംസ്ഥാനത്ത് പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കുന്നതല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സിനിമ പ്രദര്‍ശിപ്പിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്ത് പത്മാവതിന്റെ റിലീസിങ് ഏതുവിധേനയും തടയുമെന്ന രജ്പുത് സംഘടന ആഹ്വാനം ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഇപ്പോള്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി ചിത്രത്തിന് എതിരെ നടപടിയുമായി എത്തിയിരിക്കുന്നത്. സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകള്‍ പെട്രോള്‍ ഒഴിച്ച് കത്തിക്കുമെന്നും വിവിധ രജ്പുത് സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.

pathram desk 2:
Related Post
Leave a Comment